

ഇന്ത്യന്‍ ബിസിനസ് ലോകത്തെ സുദൃഢമായൊരു ബന്ധത്തിന് തിരശ്ശീല വീഴുമ്പോള്‍ നാലുവര്‍ഷമായി നീളുന്ന തര്‍ക്കത്തിന് അന്ത്യമാകുമെങ്കിലും ഇനി തലയുയര്‍ത്തുക പുതിയ പ്രശ്‌നങ്ങള്‍. പതിറ്റാണ്ടുകളായി സുദൃഢ ബന്ധം പുലര്‍ത്തുന്ന ടാറ്റ - മിസ്ട്രി കോര്‍പ്പറേറ്റ് ബന്ധമാണ് ഇപ്പോള്‍ വഴിപിരിയലിന് തയ്യാറെടുക്കുന്നത്. കോര്‍പ്പറേറ്റ് ബന്ധത്തിനപ്പുറം ടാറ്റയും മിസ്ട്രിയും തമ്മില്‍ കുടുംബ ബന്ധവുമുണ്ട്. രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റ, സൈറസ് മിസ്ട്രിയുടെ സഹോദരിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയതോടെയാണ് ടാറ്റ - മിസ്ട്രി ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചത്. ടാറ്റ ചെയര്‍മാന്‍ പദവിയിലിരിക്കെ സൈറസ് മിസ്ട്രി നടത്തിയ ചില ബിസിനസ് നീക്കങ്ങള്‍ രത്തന്‍ ടാറ്റയെ അലോസരപ്പെടുത്തിയിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ രാജ്യാന്തരതലത്തിലെ പേരിനും പെരുമയ്ക്കും കളങ്കം വരുത്തുന്ന തരത്തിലായിരുന്നു സൈറസ് മിസ്ട്രിയുടെ നീക്കങ്ങള്‍ എന്നായിരുന്നു അന്ന് ഉയര്‍ന്നുകേട്ട പ്രധാന ആരോപണങ്ങളില്‍ ഒന്ന്.
അന്നുമുതല്‍ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ ടാറ്റയും മിസ്ട്രിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നുവന്നു. റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്മാരായ മിസ്ട്രി കുടുംബം ടാറ്റ ഗ്രൂപ്പിലെ ഓഹരികള്‍ ഈട് വെച്ച് ഫണ്ട് സമാഹരിക്കാന്‍ നീക്കം നടത്തിയപ്പോള്‍ അതിനെ ടാറ്റ തടയുകയായിരുന്നു.
നിലവില്‍ ടാറ്റ ഗ്രൂപ്പില്‍ മിസ്ട്രി കുടുംബത്തിന് 18.37 ശതമാനം ഓഹരികളാണുള്ളത്. ടാറ്റ സണ്‍സിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം മൂല്യം ഏകദേശം 7.8 ലക്ഷം കോടിയാണ്. നിരവധി ലിസ്റ്റ് ചെയ്യാത്ത കമ്പനികളും ഗ്രൂപ്പിന് കീഴിലുണ്ട്. ഇതെല്ലാം കൂടി പരിഗണിക്കുമ്പോള്‍ ഏകദേശം പത്ത് ലക്ഷം കോടി രൂപയുടെ മൂല്യം ടാറ്റ സണ്‍സിനുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതില്‍ മിസ്ട്രി കുടുംബത്തിന്റെ ഓഹരി പങ്കാളിത്തം കണക്കാക്കുമ്പോള്‍ അവരുടെ ഓഹരികളുടെ മൊത്തം മൂല്യം ഏകദേശം 1.75 - 2 ലക്ഷം കോടി രൂപ വരെയാകാം.
ഈ തുകയ്ക്ക് വാങ്ങി മിസ്ട്രി കുടുംബം ടാറ്റ സണ്‍സില്‍ നിന്ന് പിന്‍വാങ്ങുമോ എന്നതാണ് ആദ്യത്തെ ചോദ്യം. ഇനി ഒരു പക്ഷേ ആദ്യം തര്‍ക്കം വരുന്നത് മൂല്യനിര്‍ണയത്തില്‍ തന്നെയാകും.
രണ്ടാമതായി, മിസ്ട്രി കുടുംബത്തിന്റെ ഓഹരികള്‍ ടാറ്റ എങ്ങനെയാകും വാങ്ങുക എന്നതാവും പ്രശ്‌നം. ഗ്രൂപ്പിലെ ഏറ്റവും മൂല്യമുള്ള, കോവിഡ് മഹാമാരിക്കാലത്തും ഓഹരി സൂചികയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കമ്പനി ടി സി എസ്സാണ്. പക്ഷേ ഇത്രയേറെ തുക ടി സി എസ് ഓഹരി വില്‍പ്പന വഴി കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഗ്രൂപ്പിന് കമ്പനിയുടെ മേലുള്ള ആധിപത്യം കുറയും. ഗ്രൂപ്പിന്റെ മൊത്തം ലാഭക്ഷമതയെയും അത് പ്രതികൂലമായി ബാധിക്കും.
റിലയന്‍സില്‍ മുകേഷ് അംബാനി ചെയ്യുന്നതുപോലെ പുറത്തുനിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ടാറ്റയ്ക്കും സാധിച്ചെന്നിരിക്കും. പക്ഷേ മുകേഷ് അംബാനിയുടേത് പോലെ ഫ്യൂച്ചറിസ്റ്റിക്കായ ബിസിനസല്ല നിലവില്‍ ടാറ്റ ഗ്രൂപ്പിലെ പല ഉപകമ്പനികളുടേതും. മാത്രമല്ല അവയുടെ സാമ്പത്തിക സ്ഥിതിയും മോശമാണ്. അതുകൊണ്ടു തന്നെ മുകേഷ് അംബാനി സമാഹരിച്ചതുപോലെ വന്‍തുക അതിവേഗം ഈ കമ്പനികള്‍ക്ക് കണ്ടെത്താനാകണമെന്നില്ല. കമ്പനികളുടെ ഘടനയും പ്രശ്‌നമാണ്.
എന്നിരുന്നാലും ഇത് ടാറ്റ ഗ്രൂപ്പാണ്. ഈ ബന്ധം വിച്ഛേദിക്കല്‍ ഒരു പുതിയ തുടക്കമാകും സൃഷ്ടിക്കുക. ടാറ്റ ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖര്‍ ഇതൊരു അവസരമായി കണ്ട് ഗ്രൂപ്പ് കമ്പനികളെ പുനര്‍ക്രമീകരിച്ചാല്‍ ടാറ്റയും ഫ്യൂച്ചര്‍ റെഡിയാകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine