
ജൂൺ പാദത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ ഏകീകൃത അറ്റാദായം 5,566 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം സമാന പാദത്തില്‍ ഇത് 3,203 കോടി രൂപയായിരുന്നു.
മൊത്തം വരുമാനത്തില്‍ 5.68 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂണ്‍ പാദത്തിൽ റിപ്പോർട്ട് ചെയ്ത 1,02,236 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വര്‍ഷം ഇത് 1,08,048 കോടി രൂപയായി ഉയര്‍ന്നു. അതേസമയം കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം മാർച്ച് പാദത്തിലെ 1,19,986 കോടി രൂപയില്‍ നിന്ന് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സിനെ രണ്ട് വ്യത്യസ്ത ലിസ്റ്റഡ് കമ്പനികളായി വിഭജിക്കുന്ന പദ്ധതിക്ക് കമ്പനിയുടെ ബോർഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് അടുത്ത 15 മാസത്തിനുള്ളിൽ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന
ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന വില്‍പ്പനയില്‍ നിന്നുളള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം ഇടിഞ്ഞ് 11,800 കോടി രൂപയായി. ഇന്ത്യയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പുകളും തീവ്രമായ ഉഷ്ണതരംഗങ്ങളും വില്‍പ്പനയെ കാര്യമായി സ്വാധീനിച്ചു. കാറുകളുടെയും എസ്.യു.വികളുടെയും 138,682 യൂണിറ്റുകളാണ് ഈ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തെ അപേക്ഷിച്ച് യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ അൽപ്പം കുറവാണ് രേഖപ്പെടുത്തിയിട്ടുളളത്.
ടാറ്റാ മോട്ടോഴ്സിന്റെ കൊമേഴ്സ്യല്‍ വെഹിക്കിള്‍ ബിസിനസ് ഈ പാദത്തിൽ 17,800 കോടി രൂപയുടെ വരുമാനമാണ് നേടിയത്. കൊമേഴ്സ്യല്‍ വാഹനങ്ങളുടെ 93,700 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine