ടാറ്റാ സ്റ്റീലില്‍ 40 വര്‍ഷത്തിനിടെ ആദ്യമായി സമരത്തിനൊരുങ്ങി തൊഴിലാളികള്‍

ഇലക്ട്രിക് ഫര്‍ണസ് നിര്‍മിക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് ലേബര്‍ പാര്‍ട്ടി
Image: Canva
Image: Canva
Published on

ടാറ്റാ സ്റ്റീലില്‍ അനിശ്ചിതകാല സമരത്തിന് തയാറെടുത്ത് തൊഴിലാളികള്‍. ടാറ്റാ സ്റ്റീലിന്റെ യു.കെയിലെ ഫാക്ടറികളിലാണ് ജൂലൈ 8 മുതല്‍ പണിമുടക്കുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കിയത്. 40 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കമ്പനി പണിമുടക്ക് ഭീഷണിയിലാകുന്നത്. ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്.

ടാല്‍ബോട്ട്, ലാന്‍വേണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികളിലെ 1,500 തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കും. കമ്പനിയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കുമെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന യുണൈറ്റഡ് യൂണിയന്‍ മുന്നറിയിപ്പ് നല്‍കി.

പിരിച്ചുവിടലില്‍ രോഷം

ഏകദേശം 2,800 തൊഴിലാളികളെ പിരിച്ചുവിടാനാണ് ടാറ്റാ സ്റ്റീല്‍ തീരുമാനിച്ചത്. ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റാ സ്റ്റീല്‍ യു.കെയിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാതാക്കളാണ്. പോര്‍ട്ട് ടാല്‍ബോട്ടില്‍ ഇലക്ട്രിക് ആര്‍ക് ഫര്‍ണസ് നിര്‍മിക്കാനുള്ള കമ്പനിയുടെ തീരുമാനമാണ് തൊഴിലാളികളുടെ പ്രതിഷേധത്തിലേക്ക് നയിച്ചത്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ കമ്പനിക്ക് സാധിക്കും. ഇതു വലിയ തൊഴില്‍ നഷ്ടത്തിന് ഇടയാക്കും.

യു.കെയില്‍ ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. അതുവരെ പുതിയ തീരുമാനം നടപ്പിലാക്കരുതെന്ന് ടാറ്റാ സ്റ്റീലിനോട് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നാണ് വിലയിരുത്തല്‍. അധികാരത്തിലെത്തിയാല്‍ സ്റ്റീല്‍ വ്യവസായത്തിനായി വന്‍ തുകയുടെ പദ്ധതി നടപ്പിലാക്കുമെന്ന് ലേബര്‍ പാര്‍ട്ടി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com