

രത്തന്‍ ടാറ്റയുടെ ഒന്നാം ചരമവാര്‍ഷികം എത്തിയപ്പോള്‍ ചര്‍ച്ചകള്‍ മുഴുവന്‍ ടാറ്റ ഗ്രൂപ്പിലെ അധികാര തര്‍ക്കങ്ങളെക്കുറിച്ചാണ്. അധികാര വടംവലി രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാരിന് വരെ ഇടപെടേണ്ടി വന്നിരിക്കുന്നു. ശരിക്കും എന്താണ് ടാറ്റ ഗ്രൂപ്പില്‍ നടക്കുന്നത്?
ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള ടാറ്റ കമ്പനികളുടെ മാതൃസ്ഥാപനമാണ് ടാറ്റ സണ്‍സ്. ഈ ടാറ്റ സണ്‍സിന്റെ 66 ശതമാനം നിയന്ത്രണവും ടാറ്റ ട്രസ്റ്റെന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കയ്യിലും. രത്തന്‍ ടാറ്റയുടെ വിയോഗത്തിന് പിന്നാലെയാണ് ടാറ്റ ട്രസ്റ്റില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. ഒരു വശത്ത് മെഹ്‌ലി മിസ്ട്രി, ജെഹാന്‍ഹീര്‍ എച്ച്.സി ജെഹാന്‍ഹീര്‍, ഡാരിയസ് കമ്പാട്ട, പ്രമിത് ജവേരി എന്നിവര്‍. മറ്റൊരു വശത്ത് നോയല്‍ ടാറ്റയും വേണു ശ്രീനിവാസനും അടക്കമുള്ളവര്‍.
മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗിനെ നോമിനി ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കങ്ങളുടെ തുടക്കം. 75 വയസ് തികഞ്ഞ നോമിനി ഡയറക്ടര്‍മാരുടെ പുനര്‍ നിയമനത്തിന് ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് ടാറ്റ സണ്‍സിലെ ചട്ടം. ചെയര്‍മാന്‍ നോയല്‍ ടാറ്റയും ട്രസ്റ്റിയായ വേണു ശ്രീനിവാസനും വിജയ് സിംഗിന് പുനര്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മറുവിഭാഗം ഇതിനെ എതിര്‍ത്തു. മിസ്ട്രിയെ നോമിനി ഡയറക്ടറാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതിനോട് നോയല്‍ ടാറ്റയുടെ ഗ്രൂപ്പിന് യോജിപ്പുണ്ടായിരുന്നില്ല.
ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനും രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനുമായ നോയല്‍ ടാറ്റയെ പുറത്താക്കി അധികാരം പിടിക്കാന്‍ മിസ്ട്രി ക്യാമ്പ് ശ്രമിച്ചുവെന്നും ആരോപണങ്ങളുണ്ട്. ഇത് മിസ്ട്രി ക്യാമ്പ് നിഷേധിച്ചിട്ടുണ്ട്. നോയല്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഇന്റര്‍നാഷണലിന്റെ 2,000 കോടി രൂപയുടെ കടം, ടാറ്റ സണ്‍സിലെ ഡെപ്യൂട്ടി ഡയറക്ടറുടെ നിയമനം തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളുമുണ്ട്. ഇതിനിടയില്‍ വിജയ് സിംഗ് രാജിവെച്ചൊഴിയുകയും ചെയ്തു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ വ്യവസായ സാമ്രാജ്യത്തിലെ തര്‍ക്കങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും ബിസിനസുകളെയും ബാധിക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍. മുതിര്‍ന്ന ടാറ്റ നേതൃത്വത്തെ ഡല്‍ഹിയിലേക്ക് വിളിച്ച് കേന്ദ്രമന്ത്രിമാരായ അമിത്ഷായും നിര്‍മലാ സീതാരാമനും ആവശ്യപ്പെട്ടത് ഒന്നുമാത്രം. പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം. അസാധാരണമായ നടപടി.
2016 കാലഘട്ടത്തിലും ടാറ്റയില്‍ അധികാര തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. സുപ്രീം കോടതി ഇടപെടലിലാണ് അത് പരിഹരിക്കപ്പെട്ടത്. പക്ഷേ കൃത്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ടാറ്റ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ)ക്ക് ആര്‍.ബി.ഐ അനുവദിച്ചിരിക്കുന്ന കാലാവധി സെപ്റ്റംബര്‍ 30ന് കഴിയുന്ന സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിയേ പറ്റൂ. അപ്പര്‍ ലെയര്‍ ഷാഡോ ബാങ്ക് എന്നതില്‍ നിന്ന് കമ്പനിയെ അണ്‍രജിസ്റ്റേര്‍ഡ് കോര്‍ ഇന്‍വെസ്റ്റ് കമ്പനിയായി തുടരാന്‍ അനുവദിക്കണമെന്ന് ടാറ്റ സണ്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആര്‍.ബി.ഐ പരിഗണനയിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine