ടാറ്റയിലെ തര്‍ക്കം നിര്‍ണായക വഴിത്തിരിവില്‍! നിയമത്തിന്റെ വഴിതേടി മെഹ്‌ലി മിസ്ട്രി, ഇനിയെന്ത് സംഭവിക്കും?

ട്രസ്റ്റിലെ മാറ്റങ്ങള്‍ കമ്മിഷണറെ ഔദ്യോഗികമായി ടാറ്റ ട്രസ്റ്റ് അറിയിക്കുന്നതിന് മുമ്പാണ് മിസ്ട്രിയുടെ നീക്കം
tata logo
Photo : Tata / Facebook
Published on

ടാറ്റ ട്രസ്റ്റിലെ അധികാര തര്‍ക്കം നിര്‍ണായക വഴിത്തിരിവിലേക്ക്. തന്റെ ഭാഗം കേള്‍ക്കാതെ ട്രസ്റ്റിലെ അംഗത്വത്തില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെട്ട് മെഹ്‌ലി മിസ്ട്രി മഹാരാഷ്ട്ര ചാരിറ്റി കമ്മിഷണറെ സമീപിച്ചു. സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റിലേക്കും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലേക്കും മിസ്ട്രിയുടെ പുനര്‍നിയമനം ചെയര്‍മാന്‍ നോയല്‍ ടാറ്റ തടഞ്ഞതിന് പിന്നാലെയാണിത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളിലൊന്നിലെ അധികാരത്തര്‍ക്കം നിയമകുരുക്കിലാകുമെന്നാണ് സൂചന.

ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ നിയന്ത്രണം ടാറ്റ സണ്‍സെന്ന കമ്പനിക്കാണ്. ഇതിന്റെ നിയന്ത്രണാവകാശം ടാറ്റ ട്രസ്റ്റ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പക്കലും. നിയമപ്രകാരം ടാറ്റ ട്രസ്റ്റിലെ മെഹ്‌ലി മിസ്ട്രിയുടെ അംഗത്വം ഒക്ടോബര്‍ 28നാണ് അവസാനിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കുന്നത് ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, വൈസ് ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍, ട്രസ്റ്റി വിജയ് സിംഗ് എന്നിവര്‍ എതിര്‍ത്തു. മെഹ്‌ലി മിസ്ട്രി കമ്പനിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണമാണ് ഇവര്‍ ഉന്നയിക്കുന്നത്. മറുപക്ഷത്തുള്ള ട്രസ്റ്റ് അംഗങ്ങളായ ഡാരിയസ് കംബാട്ട, ജെഹാന്‍ഗിര്‍ എച്ച്.സി ജെഹാന്‍ഗിര്‍, പ്രമിത് ജവേരി എന്നിവര്‍ മെഹ്‌ലി മിസ്ട്രിയുടെ പുനര്‍ നിയമനത്തെ പിന്തുണച്ചവരാണ്. രത്തന്‍ ടാറ്റയുടെ സഹോദരന്‍ ജിമ്മി ടാറ്റ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ഭൂരിപക്ഷ അഭിപ്രായമായില്ല. മെഹ്‌ലി മിസ്ട്രിയുടെ അംഗത്വം പുതുക്കാനും ഇതോടെ സാധിക്കാതെ വന്നു.

നിയമപോരാട്ടം ഇങ്ങനെ

ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റികളുടെ അംഗത്വത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നുമാണ് മെഹ്‌ലി മിസ്ട്രിയുടെ ആവശ്യം. മഹാരാഷ്ട്രയിലെ പബ്ലിക്ക് ട്രസ്റ്റ് നിയമപ്രകാരം ട്രസ്റ്റീഷിപ്പുകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ ചാരിറ്റി കമ്മിഷണറുടെ ഓഫീസില്‍ അറിയിച്ചിരിക്കണം. തുടര്‍ന്ന് കമ്മിഷണര്‍ ബന്ധപ്പെട്ടയാളുകള്‍ക്ക് നോട്ടീസ് അയക്കുകയും അവരെ കേള്‍ക്കുകയും വേണമെന്നാണ് ചട്ടം. എന്നാല്‍ ട്രസ്റ്റിലെ മാറ്റങ്ങള്‍ കമ്മിഷണറെ ഔദ്യോഗികമായി ടാറ്റ ട്രസ്റ്റ് അറിയിക്കുന്നതിന് മുമ്പാണ് മിസ്ട്രിയുടെ നീക്കം. വിഷയവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുടെയും അഭിഭാഷകര്‍ കമ്മിഷണറുടെ ഓഫീസിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മിസ്ട്രിയെ പുറത്താക്കുന്നത് എന്തിന്?

കഴിഞ്ഞ ഒക്ടോബറില്‍ രത്തന്‍ ടാറ്റയുടെ മരണശേഷം പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ട്രസ്റ്റിന്റെ ആജീവനാന്ത അംഗമായി കണക്കാക്കണമെന്നാണ് മെഹ്‌ലി മിസ്ട്രിയുടെ വാദം. എന്നാല്‍ ഈ പ്രമേയം ട്രസ്റ്റിലേക്കുള്ള പുനര്‍നിയമനം ഉറപ്പാക്കുന്നില്ലെന്നും അത്തരം വ്യാഖ്യാനങ്ങള്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ് മറുഭാഗത്തിന്റെ വാദം. അതേസമയം, മെഹ്‌ലി മിസ്ട്രിയെ ഒഴിവാക്കിയാല്‍ ട്രസ്റ്റില്‍ നോയല്‍ ടാറ്റക്കുള്ള അധികാരം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതൊഴിവാക്കാനുള്ള ശ്രമങ്ങള്‍ മറുഭാഗം ഊര്‍ജ്ജിതമാക്കിയാല്‍ തര്‍ക്കങ്ങള്‍ വീണ്ടും വര്‍ധിക്കുമോയെന്നാണ് ആശങ്ക.

The Tata Trusts controversy intensifies as Mehli Mistry seeks Charity Commissioner intervention, pushing the governance dispute into the legal arena.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com