'രാജ്ഞിയെക്കാള്‍ സമ്പന്നയായ ധനമന്ത്രിയുടെ ഭാര്യ', അക്ഷത മൂര്‍ത്തി നേരിടുന്ന ആരോപണം
ബ്രിട്ടണില്‍ വില വര്‍ധനവിനെതിരെ പ്രതിഷേധം രൂക്ഷമായപ്പോള്‍ ധനമന്ത്രി റിഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയുടെ ആസ്തി വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളായ അക്ഷിത ബ്രിട്ടീഷ് രാജ്ഞിയെക്കാള്‍ സമ്പന്നയാണ്. 42കാരിയായ അക്ഷിതയ്ക്ക് ഇന്‍ഫോസിസില്‍ ഏകദേശം ഒരു ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ഉള്ളത്.
റിഷി സുനകിനും അക്ഷിതയ്ക്കുമായി ലണ്ടന്‍, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങളില്‍ നാലോളം വസ്തുവകകളും ഉണ്ട്. 2013ല്‍ റിഷി സുനകുമായി ചേര്‍ന്ന് സ്ഥാപിച്ച catamaran ventures എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ ഡയറക്ടറാണ് അക്ഷത. 2010 മുതല്‍ അക്ഷത ഫാഷന്‍സ് എന്ന സംരംഭവും അവര്‍ നടത്തുന്നുണ്ട്. 2021ലെ റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടീഷ് രാജ്ഞിക്ക് 460 മില്യണ്‍ ഡോളറിന്റെ സമ്പത്താണ് ഉള്ളത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ച മിനി ബജറ്റില്‍ നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ധനമന്ത്രിയുടെ ഭാര്യ എന്ന നിലയില്‍ അക്ഷതയെ നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കുന്നതായി ആരോപണം ഉയര്‍ന്നത്. ഏകദേശം 200 മില്യണ്‍ യുറോ (197 കോടി രൂപ) നികുതിയിനത്തില്‍ ഇതുവരെ അക്ഷിതയ്ക്ക് കിഴിവ് ലഭിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ഇന്‍ഫോസിസിലെ 0.93 ശതമാനം ഓഹരികളില്‍ നിന്നായി പ്രതിവര്‍ഷം 11.56 കോടി രൂപ (11.5 മില്യണ്‍ യുറോ) ആണ് അക്ഷതയ്ക്ക് ഡിവിഡന്റായി ലഭിക്കുന്നത്.
ഇന്ത്യന്‍ പൗരത്വവും ബ്രിട്ടണിലെ നികുതിയും
ബ്രിട്ടീഷ് ധനമന്ത്രിയുടെ ഭാര്യ ആണെങ്കിലും അക്ഷത ഇപ്പോഴും ഇന്ത്യന്‍ പൗരയാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ഒരേ സമയം ഒന്നിലധികം പൗരത്വം അനുവദിക്കുന്നില്ല. ബ്രിട്ടണില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന non -domiciled citizen പദവിയാണ് അക്ഷിതയ്ക്കുള്ളത്. non-domiciled citizen പദവിയുള്ളവര്‍ വിദേശത്ത് നിന്നുള്ള വരുമാനത്തിന് ബ്രിട്ടണില്‍ നികുതി നല്‍കേണ്ടതില്ല.
നിയമം ഇങ്ങനെയൊക്കെ ആണെങ്കിലും അക്ഷത നല്‍കുന്ന നികുതിയുമായി ബന്ധപ്പെട്ട വിവാദം റിഷി സുനകിന്റെ ജനപ്രീതിയെ കാര്യമായി ബാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയാവും എന്ന് വിലയിരുത്തപ്പെടുന്ന നേതാവാണ് റിഷി സുനക്.
വിഷയം വലിയ ചര്‍ച്ചയായതോടെ ഏറ്റവും ഒടുവില്‍, തന്റെ എല്ലാ വരുമാനങ്ങള്‍ക്കും ബ്രിട്ടണില്‍ നികുതി അടയ്ക്കുമെന്ന് അക്ഷത മൂര്‍ത്തി പ്രഖ്യാപിച്ചതായാണ് വിവരം. നിയമം പറയുന്നത് കൊണ്ടല്ല ,തനിക്ക് തോന്നിയത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനമെന്നും ഈ വര്‍ഷം മുതല്‍ നികുതി ആനുകൂല്യങ്ങള്‍ സ്വീകരിക്കില്ലെന്നും അക്ഷത അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഇന്‍ഫോസിസ് കമ്പനിയുടെ റഷ്യന്‍ സാന്നിധ്യം ചൂണ്ടിക്കാട്ടിയും റിഷി സുനക് വിമര്‍ശനം നേരിട്ടിരുന്നു.