
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനം വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഇരട്ട പ്രഹരം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് പുറമെ വാഹന നിര്‍മാതാക്കളുടെ വില വര്‍ധനയും അടുത്ത മാസം മുതല്‍ പ്രാബല്യത്തിലാകും. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനും പുതിയ ഇലക്ട്രിക് വാഹനം രജിസ്റ്റര്‍ ചെയ്യാനുമുള്ള നികുതിയാണ് ബജറ്റില്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ധനബില്ലിന് നിയമസഭ അംഗീകാരം നല്‍കി.
പതിനഞ്ച് വര്‍ഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസ് 50 ശതമാനമാണ് ബജറ്റില്‍ വര്‍ധിച്ചത്. 15 വര്‍ഷത്തിന് ശേഷം ഓരോ അഞ്ച് വര്‍ഷത്തേക്കുമാണ് രജിസ്‌ട്രേഷന്‍ പുതുക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 900 രൂപയും 750 കിലോഗ്രാമില്‍ താഴെയുള്ള കാറുകള്‍ക്ക് 6,400 രൂപയും 750 മുതല്‍ 1,500 രൂപ വരെയുള്ള കാറുകള്‍ക്ക് 8,600 രൂപയും അതിന് മുകളില്‍ ഭാരമുള്ളവക്ക് 10,800 രൂപയുമാണ് ഇതിന് ചെലവ് വരുന്നത്. ഇവക്ക് 50 ശതമാനം വര്‍ധനയുണ്ടാകും. കൂടാതെ 600 രൂപ ഹരിത നികുതിയും നല്‍കണം. ഇതിലൂടെ 55 കോടി രൂപ അധികമായി സര്‍ക്കാരിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് നികുതി വര്‍ധനയെങ്കിലും തീരുമാനം സെക്കന്റ് ഹാന്‍ഡ് വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 15 വര്‍ഷം കഴിഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അധിക തുക ചെലവഴിക്കേണ്ടത് ഇത്തരം വാഹനങ്ങളുടെ ഡിമാന്‍ഡ് കുറക്കാന്‍ ഇടയാക്കും. പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറായാല്‍ പുതിയ വണ്ടികളുടെ വില്‍പ്പന കൂടാമെന്നും പ്രതീക്ഷയുണ്ട്.
നിലവില്‍ ഇവി രജിസ്റ്റര്‍ ചെയ്യുന്നതിന് വാഹനവിലയുടെ 5 ശതമാനമാണ് 15 വര്‍ഷത്തേക്കുള്ള നികുതി ഈടാക്കുന്നത്. 15 ലക്ഷം രൂപക്ക് മുകളിലുള്ളവക്ക് വാഹന വിലയുടെ 8 ശതമാനവും 20 ലക്ഷം രൂപക്ക് മുകളിലുള്ളതിന് 10 ശതമാനവും ബാറ്ററി വാടകക്ക് എടുത്ത് ഉപയോഗിക്കുന്നവക്ക് 10 ശതമാനവുമാണ് ഇനി നല്‍കേണ്ടത്. അതായത് 15 ലക്ഷം രൂപ വിലയുള്ള വാഹനത്തിന് നിലവില്‍ 5 ശതമാനം നികുതിയായ 75,000 രൂപയാണ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് 1,20,000 രൂപയായി വര്‍ധിക്കും. സര്‍ക്കാരിന് 30 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വിശദീകരിക്കുന്നത്. ഇ.വി വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തിന് ബജറ്റ് തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഇതിന്റെ ആഴം മനസിലാക്കാന്‍ ഏപ്രില്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ വരുന്നത് വരെ കാത്തിരിക്കണം.
അതിനിടയില്‍ ഇക്കൊല്ലത്തെ രണ്ടാം വില വര്‍ധനയും വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനവും സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലും വണ്ടി വില വര്‍ധിപ്പിക്കുന്നതാണ് കമ്പനികളുടെ പതിവ്. ഇക്കുറിയും അത് തെറ്റിച്ചില്ല. പ്രവര്‍ത്തന ചെലവ്, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ വിലവര്‍ധന, ആഗോള വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവയാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്‍ട്രി ലെവല്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞത് കമ്പനികളുടെ ലാഭം ഇടിച്ചതും കാരണമാണ്. പ്രീമിയം സെഗ്‌മെന്റില്‍ ലാഭം കുറവാണെന്നും വിപണിയിലെ ചെറിയ മാറ്റം പോലും കമ്പനികളെ ബാധിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. വാഹനങ്ങളില്‍ പുത്തന്‍ ഫീച്ചറുകള്‍ വന്നതും തുടര്‍ച്ചയായ വില വര്‍ധനക്ക് കാരണമായി. എന്നാല്‍ കേന്ദ്രബജറ്റിലെ ആദായ നികുതി ഇളവുകളെ തുടര്‍ന്ന് ആളുകളുടെ പോക്കറ്റില്‍ കൂടുതല്‍ പണമെത്തുന്നത് കണക്കിലെടുത്ത് വരുന്ന മാസങ്ങളില്‍ കമ്പനികള്‍ കൂടുതല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine