ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോഴും നികുതി കണക്കാക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ പല തരത്തിലുളള ചോദ്യങ്ങളും സംശയങ്ങളും സാധാരണക്കാരന് ഉണ്ടാകുക സ്വാഭാവികമാണ്. ഷെയർ ട്രേഡിങ്ങിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതി അടയ്ക്കേണ്ടതുണ്ടോ, ഏഴ് ലക്ഷം രൂപയിൽ താഴെയാണ് ഓഹരി വിപണിയിൽ നിന്നുള്ള ലാഭം എങ്കിൽ ടാക്‌സ് അടയ്ക്കേണ്ടി വരുമോ, ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകന് നഷ്ടമാണ് നേരിടുന്നത് എങ്കില്‍ പോലും ടാക്സ് റിട്ടേൺ ഫയൽചെയ്യേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പൊതുജനത്തിന് സാധാരണയായി സംശയങ്ങള്‍ ഉണ്ടാകാറുണ്ട്. ഇക്കാര്യങ്ങളില്‍ വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കുകയാണ് ചാര്‍ട്ടേണ്ട് അക്കൗണ്ടന്റും നികുതി, വ്യക്തിഗത സാമ്പത്തിക മേഖലയിലെ വിദഗ്ധനും ആയ
വി.ആര്‍.
സുബിന്‍.
ഷെയർ ട്രേഡിങ്ങിൽ നിന്നുള്ള വരുമാനത്തിന് ആദായ നികുതി അടയ്ക്കണോ?
ഒരു സാമ്പത്തിക വർഷത്തിൽ ഓഹരി വിപണിയിൽ നിന്നും മറ്റ് മാർഗ്ഗങ്ങളിൽ നിന്നും കൂടിയുള്ള വരുമാനം 2,50,000 രൂപയിൽ കൂടുതലാണെങ്കിൽ (പഴയ വ്യവസ്ഥ അനുസരിച്ച്) / മൂന്ന് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ (പുതിയ വ്യവസ്ഥ അനുസരിച്ച്) ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള ബാധ്യതയുണ്ട്.
എത്ര രൂപയാണ് ടാക്സ് അടക്കേണ്ടി വരിക?
ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനവും (എല്‍.ടി.സി.ജി 10%) ഹ്രസ്വകാല മൂലധന നേട്ടത്തിന് 15 ശതമാനവും (എസ്.ടി.സി.ജി 15%) ആണ് നികുതി നിരക്കുകൾ. എന്‍.ആര്‍.ഐ അല്ലാത്ത ആളുകൾക്ക് (പുതിയ വ്യവസ്ഥ അനുസരിച്ച്) രണ്ടര/ മൂന്ന് ലക്ഷം രൂപ വരെയുള്ള അടിസ്ഥാന ഒഴിവ് ലഭിക്കുന്നതാണ്. ആകെ വരുമാനം അടിസ്ഥാന ഒഴിവിന് താഴെ ആണെങ്കിൽ ടാക്‌സ് വരുന്നതല്ല .ഇതിനു പുറമെ ഒരു ലക്ഷം വരെയുള്ള ദീർഘകാല മൂലധന നേട്ടങ്ങൾക്ക് കിഴിവുമുണ്ട്.
ദീർഘകാല, ഹ്രസ്വകാല ഓഹരികള്‍ തമ്മിൽ എന്താണ് വ്യത്യാസം?
ഒരു വർഷമോ അതിൽ കൂടുതലോ ഒരു ഓഹരി കൈവശം വെച്ച് അതിൽനിന്നും നിന്നും ലഭിക്കുന്ന ലാഭത്തിനെ ദീർഘകാല മൂലധന നേട്ടം എന്നു പറയുന്നു, നഷ്ടം ആണെങ്കിൽ ദീർഘകാല മൂലധന നഷ്ടം എന്നും പറയുന്നു. അതേസമയം ഒരു വർഷത്തിലും കുറവാണ് കൈവശം വെച്ചിരിക്കുന്ന ഓഹരികള്‍ എങ്കിൽ അത് ഹ്രസ്വകാല മൂലധന നേട്ടം/ നഷ്ടമായി പരിഗണിക്കും.
ഏഴ് ലക്ഷം രൂപയിൽ താഴെയാണ് ഓഹരി വിപണിയിൽ നിന്നുള്ള ലാഭം എങ്കിൽ ടാക്‌സ് വരില്ലേ?
ഏഴ് ലക്ഷം രൂപയ്ക്കു താഴെ ടാക്‌സ് അടക്കേണ്ട എന്നുള്ളത് പൊതുവെ ഉള്ള തെറ്റിദ്ധാരണ ആണ്. ഏഴ് ലക്ഷംരൂപയിൽ താഴെയാണ് ഒരാളുടെ വരുമാനമെങ്കിൽ പുതിയ വ്യവസ്ഥ അനുസരിച്ച് സെക്ഷൻ 87A പ്രകാരം 25000 രൂപ ടാക്സിൽ ഇളവു കിട്ടുന്നതാണ്. ഉദാ: ആറു ലക്ഷം രൂപ ഹ്രസ്വകാല മൂലധനനേട്ടം ഉള്ള ഒരാളുടെ നികുതി ബാധ്യത 45,000 രൂപ ആണ്. ഇതിൽ നിന്ന് 25000 രൂപ റിബേറ്റ് കുറച്ചാൽ അറ്റ നികുതി ബാധ്യത ആയ 20,000 രൂപ അടക്കേണ്ടി വരും.
എന്‍.ആര്‍.ഐക്കും സാധാരണ വ്യക്തിക്കും നികുതി നിരക്കുകൾ ഒരുപോലെയാണോ?
റെസിഡന്റ് ആയ ആളുകൾക്കും എന്‍.ആര്‍.ഇക്കും നികുതി നിരക്കുകൾ ഒരേ പോലെ തന്നെ ആണ് (എല്‍.ടി.സി.ജി 10 ശതമാനം, എസ്.ടി.സി.ജി 15 ശതമാനം). എന്നാൽ നോൺ റെസിഡന്റ് ആയ ആളുകൾക്ക് മൂലധന നേട്ടം കണക്കാക്കുമ്പോൾ അടിസ്ഥാന ഒഴിവിന് അർഹതയില്ല. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ മൂലധന നേട്ടം ലഭിച്ചാല്‍ 15,000 രൂപ (ഹ്രസ്വകാല മൂലധന നേട്ടത്തില്‍പ്പെടുന്നതാണ് എങ്കില്‍) ടാക്സ് അടക്കേണ്ടി വരും. ദീർഘകാല മൂലധന നേട്ടത്തിന് ഒരു ലക്ഷം രൂപ വരെയുള്ള കിഴിവ് എന്‍.ആര്‍.ഐക്കും ലഭിക്കുന്നതാണ്.

ടാക്സ് സേവിംഗ്സ് നിക്ഷേപങ്ങൾ വഴി നികുതി കുറയ്ക്കാനായി കഴിയുമോ?
ഓഹരി വിപണിയിൽ നിന്നുള്ള ലാഭത്തിലുള്ള നികുതിക്ക് ഏറ്റവും കുറഞ്ഞ നിരക്കുകൾ ആണ് ഉള്ളത്. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനവും ഹ്രസ്വകാല മൂലധന നേട്ടത്തിന് 15 ശതമാനവും ആയി ആണ് നിജപ്പെടുത്തിയിരിക്കുന്നത്. അതേസമയം, നികുതി നിരക്ക് കുറയ്ക്കുന്നതിനുള്ള നിക്ഷേപ മാർഗങ്ങളുടെ ഒഴിവുകൾ (സെക്ഷന്‍ 80) മൂലധന നേട്ടവുമായി തട്ടികഴിക്കാന്‍ സാധിക്കില്ല.
ലാഭമില്ല നഷ്ടം ആണെങ്കിൽ പോലും റിട്ടേൺ ഫയൽ ചെയ്യണോ?
ഓഹരി വിപണിയിൽ നിന്നും നിങ്ങൾക്ക് നഷ്ടമാണ് നേരിട്ടത് എങ്കിൽ കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്താൽ അത് അടുത്ത വർഷങ്ങളിലെ ലാഭവും ആയി തട്ടി കിഴിക്കാന്‍ സാധിക്കുന്നതാണ്.
നഷ്ടം എത്ര വർഷം വരെ ക്യാരി ഫോര്‍വേഡ് ചെയ്യാവുന്നതാണ്?
ഹ്രസ്വകാല, ദീർഘകാല മൂലധന നഷ്ടങ്ങൾ അടുത്ത എട്ടു വർഷത്തേക്ക് ഫോർവേഡ് ചെയ്യാവുന്നതാണ്. ഇൻട്രാഡേ ട്രേഡിങ്ങിൽ നിന്നുള്ള നഷ്ടം നാലുവർഷം വരെ ഫോർവേഡ് ചെയ്യാനായി സാധിക്കും. ഫ്യൂച്ചേഴ്സ് ഓപ്ഷൻസ് ( എഫ്.എന്‍.ഒ) നിന്നുള്ള നഷ്ടങ്ങൾ അടുത്ത എട്ടു വർഷം വരെ ഫോർവേഡ് ചെയ്യാന്‍ സാധിക്കുന്നതാണ്.
ഷെയർ ട്രേഡിങ്ങിലെ നഷ്ടം മറ്റു മൂലധന നേട്ടവുമായി തട്ടി കഴിക്കാന്‍ സാധിക്കുമോ?
സാധിക്കും. ഉദാ: നിങ്ങൾക്കു ഓഹരി വിപണിയിൽ നിന്നും 10 ലക്ഷം രൂപ നഷ്ടം സംഭവിക്കുകയും സ്ഥല വില്പനയിൽ നിന്ന് 10 ലക്ഷം രൂപ ലാഭം കിട്ടുകയും ചെയ്താൽ അത് പരസ്‍പരം തട്ടി കിഴിക്കാനായി സാധിക്കും.
Subin VR
Subin VR  

ചാർട്ടേർഡ് അക്കൗണ്ടന്റ്

Related Articles
Next Story
Videos
Share it