ഐ.ടി.ആർ പോര്‍ട്ടലിനെകുറിച്ച് വ്യാപക പരാതികള്‍; ലോഗിന്‍ ചെയ്യാന്‍ പ്രയാസം

നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും പ്രശ്നങ്ങള്‍ നേരിടുന്നു
income tax
image credit : canva
Published on

വ്യക്തിഗത നികുതിദായകർക്ക് ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കാനുള്ള അവസാന മാസമാണ് ജൂലൈ. പിഴ ഒഴിവാക്കുന്നതിനായി 2024 ജൂലൈ 31 ന് മുമ്പ് നികുതി ദായകര്‍ ഐ.ടി.ആര്‍ ഫയൽ ചെയ്യേണ്ടതുണ്ട്. നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും ഇ-ഫയലിംഗ് പോർട്ടലിൽ ഈ ദിവസങ്ങളിൽ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന തിരക്കിലാണ്.

പോർട്ടൽ തിരക്കേറിയ സമയങ്ങളിൽ പ്രവർത്തന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നതായും ഫോം സമർപ്പിക്കാൻ വളരെയധികം സമയമെടുക്കുന്നതിനാൽ നികുതിദായകരുടെ റിട്ടേൺ ഫയലിംഗ് പ്രക്രിയ വൈകുന്നതായും ഉളള പരാതികള്‍ വ്യാപകമാകുകയാണ്.

കാഷെ ക്ലിയര്‍ ചെയ്യാന്‍ നിര്‍ദേശം

പ്രവര്‍ത്തന രഹിതമായ പോര്‍ട്ടലില്‍ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നത് എങ്ങനെയാണ് എന്നാണ് നികുതിദായകര്‍ ആരായുന്നത്. മിക്ക സമയങ്ങളിലും പോര്‍ട്ടല്‍ ലോഗിന്‍ എറര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റുമായി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമില്‍ ജനങ്ങള്‍ ബന്ധപ്പെടുമ്പോള്‍ കമ്പ്യൂട്ടറിലെ കാഷെ ക്ലിയര്‍ ചെയ്യാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യയില്‍ ഉടനീളമുള്ള പ്രൊഫഷണലുകൾ അടക്കമുളള നികുതി ദായകര്‍ രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകുന്നതിനായി നികുതി കൃത്യമായി അടയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണ്, എന്നാൽ ഈ സാങ്കേതിക പ്രശ്നങ്ങള്‍ നികുതി ദായകരുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.

പാൻ, മൊബൈൽ നമ്പർ എന്നിവ പങ്കിടാനും ആവശ്യം

AIS TIS, 26AS ഫോമുകള്‍ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല എന്ന പരാതിയും ആളുകള്‍ X പ്ലാറ്റ്‌ഫോമിൽ പങ്കുവെക്കുന്നു. പരാതികളുളള നികുതിദായകരോട് പാൻ, മൊബൈൽ നമ്പർ എന്നിവ പോലുള്ള വിശദാംശങ്ങൾ orm@cpcp.incometax.gov.in ൽ പങ്കിടാനാണ് അധികൃതര്‍ നിർദ്ദേശിക്കുന്നത്. പ്രശ്നങ്ങള്‍ നേരിടുന്നവരെ അധികൃതര്‍ ഇതിലൂടെ ബന്ധപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഓഫീസ് സമയങ്ങളിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, ഐ.ടി ഇ-ഫയലിംഗ് പോർട്ടൽ പലപ്പോഴും ഹാംഗ് ചെയ്യപ്പെടുകയാണ്. നികുതിദായകർക്കും സി.എമാർക്കും ഒരുപോലെ നിർണായകമാണ് ജൂലൈ മാസം. ഈ സാങ്കേതിക പ്രശ്‌നങ്ങൾ വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com