Begin typing your search above and press return to search.
തേയില വിപണി സമ്മര്‍ദത്തില്‍; അസമില്‍ തേയില ഉല്‍പ്പാദനത്തില്‍ ഇടിവ്
കാലാവസ്ഥ വ്യതിയാനം കാരണം ഉല്‍പ്പാദനം കുറഞ്ഞതാണ് തേയില വിപണിയെ പ്രതിസന്ധിയിലാക്കിയത്. തേയില പ്രധാനമായും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനമായ അസമിൽ ഉഷ്ണക്കാറ്റും വെള്ളപ്പൊക്കവും മൂലം പ്രകൃതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കാലാവസ്ഥ പ്രതികൂലമായതോടെ വിളനാശം സംഭവിക്കുകയും ഇക്കൊല്ലത്തെ ഉല്‍പ്പാദനത്തിൽ വന്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തു.
തേയില വില കിലോയ്ക്ക് 20 ശതമാനം ഉയർന്ന് 217.53 രൂപയിലാണ് കൊൽക്കത്തയില്‍ ജൂൺ ആവസാന ആഴ്ചയില്‍ ലേലം നടന്നത്. മേയ് മാസത്തില്‍ മൊത്തം ഉത്പാദനം 30 ശതമാനത്തിലധികം കുറഞ്ഞ് 9.2 കോടി കി.ഗ്രാമില്‍ എത്തി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ തേയില ഉൽപ്പാദനമാണ് മെയ് മാസത്തിൽ നടന്നത്. ഇരുപത് ഇനം കീടനാശിനികൾ കേന്ദ്ര സർക്കാർ നിരോധിച്ചതും ഇത്തവണ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം 139.4 കോടി കിലോ തേയിലയുടെ ഉല്‍പ്പാദനമാണ് രാജ്യത്ത് നടന്നത്. എന്നാല്‍ 2024 ൽ ഉൽപ്പാദനത്തില്‍ 10 കോടി കിലോഗ്രാമിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
ഉൽപ്പാദനച്ചെലവ് വർധിക്കുന്നു
ഉൽപ്പാദനച്ചെലവ് വർധിക്കുന്നത് ഇന്ത്യൻ തേയില വിപണിയില്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. രാജ്യത്തെ തേയില ഉൽപാദനത്തിന്റെ പകുതിയിലധികം നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ ജൂലൈയിൽ 2 ദശലക്ഷത്തിലധികം ആളുകളെയാണ് കനത്ത വെള്ളപ്പൊക്കം ബാധിച്ചത്. ഇന്ത്യയിലെ മൊത്തം തേയില ഉൽപ്പാദനത്തിന്റെ പകുതിയിലധികവും ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് നടക്കുന്നത്.
ഈജിപ്തിലേക്കും യുണൈറ്റഡ് കിംഗ്ഡത്തിലേക്കും സി.ടി.സി (ക്രഷ്-ടിയർ-കേള്‍) ഗ്രേഡ് തേയിലയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇറാഖ്, ഇറാൻ, റഷ്യ എന്നിവിടങ്ങളിലേക്ക് യാഥാസ്ഥിതിക ഇനം തേയിലയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.
Next Story
Videos