Begin typing your search above and press return to search.
ഓഗസ്റ്റില്‍ പണിപോയവരുടെ എണ്ണം ഞെട്ടിക്കും; ടെക്കികള്‍ പിരിച്ചുവിടല്‍ ആശങ്കയില്‍
ആഗോള തലത്തില്‍ മാന്ദ്യ പ്രതീതി നിലനില്‍ക്കുന്നത് ടെക് കമ്പനികളിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്നു. ഓഗസ്റ്റില്‍ മാത്രം 27,000 ടെക്കികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇന്റല്‍, ഐ.ബി.എം, സിസ്‌കോ തുടങ്ങി 40ലേറെ വന്‍കിട കമ്പനികളില്‍ നിന്ന് തൊഴിലാളികളെ ഇക്കാലത്ത് പിരിച്ചുവിട്ടു. 2024ല്‍ മൊത്തം പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ എണ്ണം 1,36,000 ആയി. 422 കമ്പനികളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് ജോലി നഷ്ടമായത്.
തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ പോകുന്ന ഇന്റല്‍ ആണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്. മൊത്തം ജീവനക്കാരുടെ 15 ശതമാനം പേരെയാണ് ഒഴിവാക്കുന്നത്. 15,000 പേരെയാണ് ഇത്തരത്തില്‍ കമ്പനിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്.
വില്ലനാകുന്നത് എ.ഐ
എ.ഐ, സൈബര്‍ സെക്യൂരിറ്റി രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി 6,000 ജീവനക്കാരെയാണ് സിസ്‌കോ സിസ്റ്റംസ് ഒഴിവാക്കിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കമ്പനി ജീവനക്കാരെ കുറയ്ക്കുന്നത്.
ഐ.ബി.എം ചൈനയിലെ റിസര്‍ച്ച്, ഡെവലപ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ 1,000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായത്. ഐ.ടി വരുമാനം ഇടിഞ്ഞതും ചൈനയില്‍ കൂടുതല്‍ വളര്‍ച്ചാസാധ്യത ഇല്ലാത്തതുമാണ് ഐ.ബി.എമ്മിന്റെ തീരുമാനത്തിന് കാരണമായത്.
ആക്ഷന്‍ ക്യാമറ നിര്‍മാതാക്കളായ ഗോ-പ്രോ മൊത്തം ജീവനക്കാരുടെ 15 ശതമാനം പോരെയാണ് പിരിച്ചുവിട്ടത്. ചെലവില്‍ 50 മില്യണ്‍ ഡോളറിന്റെ കുറവു വരുത്താനാണ് ഇത്തരത്തില്‍ ജീവനക്കാരെ ഒഴിവാക്കിയത്.
ആപ്പിളും ചെറിയ തോതില്‍ പിരിച്ചുവിടല്‍ നടത്തിയിട്ടുണ്ട്. ആപ്പിള്‍ ബുക്ക്‌സ്, ആപ്പിള്‍ ബുക്ക്‌സ്‌റ്റോറില്‍ ടീമില്‍ നിന്ന് 100ലധികം പേരെയാണ് ഒഴിവാക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ 600 പേരെ ആപ്പിള്‍ ഒഴിവാക്കിയിരുന്നു. സ്‌പെഷ്യല്‍ പ്രോജക്ട് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടവരെയായിരുന്നു അന്ന് പുറത്താക്കിയത്.
ബംഗളൂരു ആസ്ഥാനമായ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഷെയര്‍ചാറ്റ് 30-40 പേരെ ഓഗസ്റ്റില്‍ പിരിച്ചുവിട്ടു. കമ്പനിയുടെ വരുമാനം ഇടിഞ്ഞതും ചെലവ് കൂടിയതുമായ സാഹചര്യം പറഞ്ഞാണ് തൊഴിലാളികളെ ഒഴിവാക്കിയത്.
Next Story