ടെക്നോപാര്‍ക്കില്‍ പ്രതിധ്വനി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ആവേശോജ്ജ്വല തുടക്കം

ഐടി മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ കായികമേളയിൽ 106 ടീമുകളിലായി 2,500-ലധികം ടെക്കികൾ രണ്ട് മാസം നീളുന്ന സെവൻസ്, ഫൈവ്സ് ഫുട്ബോൾ പോരാട്ടങ്ങളിൽ പങ്കെടുക്കും
Technopark Football Games News
ടെക്‌നോപാര്‍ക്കില്‍ റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവന്‍സ് (സീസണ്‍-9) ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ കെ. ടി. ചാക്കോ പന്ത് തട്ടുന്നു.
Published on

ഐടി മേഖലയിലെ ഏറ്റവും വലിയ കായികമേളയായ പ്രതിധ്വനി സെവന്‍സ് (സീസണ്‍-9) ഫുട്ബോള്‍ ടൂര്‍ണമെന്റിനും വനിതകള്‍ക്കായുള്ള ഫൈവ്സ് (സീസണ്‍-6) മത്സരങ്ങൾക്കും ടെക്നോപാര്‍ക്കില്‍ തുടക്കമായി. യൂഡി പ്രൊമോഷന്‍സ്, റാവിസ് ഹോട്ടല്‍സ് എന്നിവയുമായി സഹകരിച്ച് ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഫേസ്-1 ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ് മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കെ.ടി. ചാക്കോ നിര്‍വഹിച്ചു. വനിതാ ടൂര്‍ണമെന്റ് കണ്‍വീനര്‍ അഞ്ചന കെ. ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന പ്രദര്‍ശന മത്സരങ്ങളില്‍ പ്രതിധ്വനി വനിതാ ടീമും എച്ച് & ആര്‍ ബ്ലോക്ക് പുരുഷ ടീമും വിജയം നേടി.

ആവേശകരമായ പങ്കാളിത്തവും ലഹരിവിരുദ്ധ പ്രതിജ്ഞയും

നൂറിലധികം ഐടി കമ്പനികളില്‍ നിന്നുള്ള 106 ടീമുകളിലായി 2,500-ലധികം ജീവനക്കാര്‍ രണ്ട് മാസം നീളുന്ന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എസ്.വൈ. സുരേഷ്, ടെക്കികള്‍ക്ക് മയക്കുമരുന്ന് വിരുദ്ധ 'തൂഫാന്‍ വാരിയര്‍' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫേസ്-3-യില്‍ നിന്ന് ആരംഭിച്ച് ഗ്രൗണ്ടില്‍ സമാപിച്ച ബൈക്ക് റാലിയും ഉദ്ഘാടനത്തിന് മാറ്റുകൂട്ടി.

ആകര്‍ഷകമായ സമ്മാനത്തുക

പ്രവൃത്തി ദിവസങ്ങളില്‍ ഫ്ലഡ്‍‍ലൈറ്റിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ലീഗ് റൗണ്ടുകള്‍ക്ക് ശേഷം നോക്കൗട്ട് മത്സരങ്ങള്‍ നടക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് ക്യാഷ് പ്രൈസിനും എവര്‍ റോളിംഗ് ട്രോഫിക്കും പുറമെ കൊല്ലം റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ ഒരു ദിവസത്തെ താമസവും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച കളിക്കാരന്‍, ഗോള്‍വേട്ടക്കാരന്‍, ഗോള്‍കീപ്പര്‍ എന്നിവര്‍ക്കും മാച്ച് ഓഫ് ദ പ്ലെയര്‍ ട്രോഫികള്‍ക്കും പുറമെ കാണികള്‍ക്കായും പ്രത്യേക സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ ലീല അഷ്ടമുടി ജനറല്‍ മാനേജര്‍ സ്മിത റാത്തോഡ്, ലീല കോവളം ക്ലസ്റ്റര്‍ ഡയറക്ടര്‍ പ്രേം കമല്‍, യൂഡി മാനേജര്‍ കിരണ്‍ ആര്‍.കെ, പ്രതിധ്വനി സംസ്ഥാന കണ്‍വീനര്‍ രാജീവ് കൃഷ്ണന്‍, സ്പോര്‍ട്സ് കണ്‍വീനര്‍ രജിത് വി.പി, ജോയിന്റ് കണ്‍വീനര്‍ അദ്വൈത് വിശ്വംബരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സരീഷ് എം സ്വാഗതം ആശംസിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com