ടെക്നോപാര്‍ക്കിന് ₹14,575 കോടിയുടെ വരുമാനം, 10 ശതമാനം വളര്‍ച്ച, നാലാം ഘട്ടത്തില്‍ തിരുവനന്തപുരത്ത് ഉപനഗരമുയരും

അഞ്ഞൂറോളം കമ്പനികള്‍, 2.8 ലക്ഷം പേര്‍ക്ക് തൊഴില്‍
thiruvananthapuram technopark aerial view
Image courtesy: Technopark
Published on

ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2024-25 സാമ്പത്തിക വര്‍ഷം 14,575 കോടി വളര്‍ച്ചയുമായി ടെക്‌നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം അധികമാണ് വളർച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ ടെക്‌നോപാര്‍ക്കിന്റെ മൊത്ത വരുമാനം 13,255 കോടി രൂപയായിരുന്നു. വിശാലമായ 768.63 ഏക്കറില്‍ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള രാജ്യത്തെ പ്രധാന ഐടി ഹബ്ബില്‍ അഞ്ഞൂറോളം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 80,000 പേര്‍ നേരിട്ടും രണ്ട് ലക്ഷത്തിലധികം പേര്‍ അല്ലാതെയും ടെക്‌നോപാര്‍ക്കുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നു. 1990ലാണ് ഇന്ത്യയിലെ ആദ്യ ഐ.ടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക് സ്ഥാപിതമായത്.

കേരളത്തിലെ ശക്തമായ ഐടി മേഖലയുടെ കരുത്തിന്റെയും ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രൊഫഷണലിസത്തിന്റെയും തെളിവാണ് ഈ നേട്ടമെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ റിട്ട. കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരുമാണ് ഈ മികവാര്‍ന്ന പ്രകടനത്തിന് പിന്നിലെന്നും രാജ്യത്തെ മുന്‍നിര ഐടി കേന്ദ്രമെന്ന ഖ്യാതി ഉറപ്പിക്കുന്നതാണ് ഈ വളര്‍ച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാന ജില്ലയില്‍ കഴക്കൂട്ടത്തിനും കോവളത്തിനും ഇടയിലായി ദേശീയപാത ബൈപാസിന് അരികിലായാണ് കേരളത്തിലെ ആദ്യ ഐടി ഇടനാഴിയായ ടെക്‌നോപാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസിലെ മൂന്ന്, നാല് ഫേസുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി ടെക്‌നോപാര്‍ക്ക് മാറും. ബിസിനസ് വളര്‍ച്ച, നവീകരണം, തൊഴിലിടത്തെ മികവ് എന്നീ രംഗങ്ങളില്‍ ഈ വര്‍ഷം തന്നെ ടെക്‌നോപാര്‍ക്കിലെ നിരവധി കമ്പനികള്‍ അനേകം ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

നാലാം ഘട്ടം സീന്‍ മാറ്റും

ടെക്‌നോപാര്‍ക്കിന്റെ ഫേസ്-4 (ടെക്‌നോസിറ്റി) വിപുലീകരണത്തിനായുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഫേസ്-4 ല്‍ ലോകോത്തര ഐടി സൗകര്യങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സാമൂഹിക സൗകര്യങ്ങള്‍, ആഗോള സംരംഭങ്ങള്‍, വന്‍കിട നിക്ഷേപങ്ങള്‍, കഴിവും നൈപുണ്യവുമുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സംവിധാനങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന കേന്ദ്രമായിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്. നഗരത്തിനുള്ളില്‍ ഒരു ഉപനഗരമെന്ന നിലയിലാണ് ഫേസ്-4 ലെ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്നത്.

വാക്ക് ടു വര്‍ക്ക്

ഡല്‍ഹി ആസ്ഥാനമായുള്ള സി.പി കുക്രേജ ആര്‍ക്കിടെക്റ്റ്‌സ് ആണ് ടെക്‌നോസിറ്റി ഫേസ് -4 നുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. 'വാക്ക് ടു വര്‍ക്ക്' എന്ന ആധുനിക ആശയം മുന്നോട്ടുവയ്ക്കുന്ന മാസ്റ്റര്‍പ്ലാന്‍ ഊര്‍ജ്ജസ്വലവും സ്വയംപര്യാപ്തവുമായ ഒരു നഗര ആവാസവ്യവസ്ഥ സാധ്യമാക്കാനും ലക്ഷ്യം വയ്ക്കുന്നു. 'ഫ്യൂച്ചര്‍ ലിവ്‌സ് ഹിയര്‍' എന്ന ടെക്‌നോസിറ്റിയുടെ ടാഗ് ലൈനിലെ ആശയം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് പുതിയ വികസന ഘട്ടം.

നിലവിലുള്ള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള, സണ്‍ടെക് ബില്‍ഡിംഗ്, കബനി ഐടി ബില്‍ഡിംഗ്, വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ടിസിഎസ് ഐടി/ഐടി അധിഷ്ഠിത ഹബ്ബ്, രണ്ട് ഐടി ടവറുകള്‍, വാണിജ്യ സമുച്ചയം, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് എന്നിവ ഉള്‍പ്പെടുന്ന മിനി ടൗണ്‍ഷിപ്പ് (ക്വാഡ്) എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന പദ്ധതികളും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുന്നു.

ഗവേഷണ-വികസന കേന്ദ്രങ്ങള്‍ക്കായുള്ള ഗവേഷണ-ഇന്നൊവേഷന്‍ ഹബ്ബുകള്‍ക്കൊപ്പം ഐടി/ ഐടി അധിഷ്ഠിത, ഇലക്ട്രോണിക്‌സ് തുടങ്ങി വളര്‍ന്നുവരുന്ന സാങ്കേതിക മേഖലകള്‍ക്കായി പ്രത്യേക സോണുകള്‍ ഫേസ്-4 ല്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖല, ബഹിരാകാശ-ഉപഗ്രഹ നവീകരണത്തെ പിന്തുണയ്ക്കുന്നതിനുള്ള കേരള സ്‌പേസ് പാര്‍ക്ക്, ചെറുകിട ഇടത്തരം സംരംഭങ്ങളെ വളര്‍ത്തുന്നതിനുള്ള എംഎസ്എംഇ ടെക്‌നോളജി സെന്റര്‍, കെഎസ്യുഎമ്മിന് കീഴിലുള്ള എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ്, നിര്‍ദ്ദിഷ്ട സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, യൂണിറ്റി മാള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. കാലക്രമേണ മാസ്റ്റര്‍പ്ലാന്‍ വികസിക്കുമ്പോള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ (ജിസിസി), ഹൈടെക് മാനുഫാക്ചറിങ്, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയിലൂടെ ടെക്‌നോപാര്‍ക്ക് ഫേസ്-4 ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Technopark in Thiruvananthapuram has recorded software exports worth ₹14,575 crore in FY 2024-25, reinforcing Kerala’s position as a growing IT hub with strong global demand.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com