സംസ്ഥാനത്ത് 'തീ' ചൂട്, വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; നിയന്ത്രണത്തിന് സാധ്യത

അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് ഏപ്രിൽ 19 ന് മാത്രം വൈദ്യുതി ഉപയോഗം 102.99 ദശലക്ഷം യൂണിറ്റെന്ന റെക്കോര്‍ഡില്‍ എത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി. ഏപ്രിൽ 18 ന് ഇത് 102.95 ദശലക്ഷം യൂണിറ്റ് ആയിരുന്നു. ഇതോടെ വൈദ്യുതി ഉപയോഗത്തില്‍ പ്രത്യേകിച്ച് വൈകീട്ട് ആറിനും പതിനൊന്നിനും ഇടയില്‍ കര്‍ശന സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

നിയന്ത്രണം ആലോചനയില്‍

പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. അതിനാല്‍ പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയെത്തിച്ച് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് കെ.എസ്.ഇ.ബിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങി അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് കെഎസ്ഇബി പറയുന്നു. ക്രമാതീതമായി വിനിയോഗ നിരക്ക് ഉയര്‍ന്നാല്‍ വൈദ്യുതി നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്നും കെഎസിഇബിയുടെ മുന്നറിയിപ്പുണ്ട്.

സഹകരണം വേണം

വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നതെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി വൈകുന്നേരം 6 നും 11 നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി മറ്റു സമയങ്ങളില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റ് വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യണം. ഇത്തരത്തില്‍ വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്നും, വൈദ്യുത ദുരുപയോഗം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് റെക്കോര്‍ഡ് നിലവാരത്തില്‍

കുതിച്ചുയരുന്ന താപനിലയില്‍ രാജ്യത്തിന്റെ വൈദ്യുതി ഉപയോഗം 2,15,882 മെഗാവാട്ട് (216 GW) എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തിതയായി ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഈ ഏപ്രിലില്‍ പല ദിവസങ്ങളിലും വൈദ്യുതി ഉപയോഗം 200 ജിഗാവാട്ടിനു മുകളിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ പരമാവധി ഡിമാന്‍ഡിനേക്കാള്‍ 4 ശതമാനം കൂടുതലായിരുന്നു ചൊവ്വാഴ്ചത്തെ ഡിമാന്‍ഡെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023-24 ല്‍ രാജ്യത്ത് വേനല്‍ക്കാലത്ത് ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഡിമാന്‍ഡ് ഏകദേശം 229 ജിഗാവാട്ട് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it