ബജറ്റ് റേറ്റില്‍ വണ്ടിയിറക്കാന്‍ ഇലോണ്‍ മസ്‌ക്, പ്ലാന്റിന് വേണ്ടി മൂന്ന് സംസ്ഥാനങ്ങള്‍ രംഗത്ത്

ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ ഇലോണ്‍ മസ്‌ക് ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ക്കിടയില്‍ മൂന്ന് സംസ്ഥാനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടെസ്‌ലയുടെ ഗ്ലോബല്‍ മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാനായി മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളാണ് രംഗത്തുള്ളത്. ടെസ്‌ലയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായും വിവരമുണ്ട്. ഏത് ശ്രേണിയിലുള്ള ഉത്പന്നങ്ങളാണ് നിര്‍മിക്കുകയെന്നത് പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
ഇന്ത്യന്‍ പ്രാദേശിക വിപണിയെ ലക്ഷ്യം വച്ച് വിലകുറഞ്ഞ മോഡലുകളാണ് കമ്പനി ഉദ്ദേശിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലാകും പ്ലാന്റ് സ്ഥാപിക്കുക. അതേസമയം, കയറ്റുമതി ലക്ഷ്യം വച്ച് വലിയ തോതില്‍ നിര്‍മാണം നടത്താനാണെങ്കില്‍ തമിഴ്‌നാടിന് നറുക്ക് വീഴും. ലോജിസ്റ്റിക് രംഗത്തുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഇളവ് നല്‍കിയാല്‍ ഗുജറാത്തില്‍ പ്ലാന്റ് സ്ഥാപിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
പ്ലാന്റ് പൂനെയില്‍?
ഇന്ത്യയിലെ ഒരു കമ്പനിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയിലെ പൂനെയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ കമ്പനി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മുംബയ്, ന്യൂഡല്‍ഹി നഗരങ്ങള്‍ അടുത്തായതാണ് പൂനെയെ പരിഗണിക്കാന്‍ കാരണം. 18-25 ലക്ഷം രൂപ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനമിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കി തമിഴ്‌നാടും കാത്തിരിക്കുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളും ടെസ്‌ല പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേസമയം, ഇലോണ്‍ മസ്‌കിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ യാത്ര മാറ്റിവച്ചതിന് ശേഷമാണ് ഇക്കാര്യത്തില്‍ പുരോഗതി ഇല്ലാതായത്. ടെസ്‌ല കമ്പനിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഇന്ത്യന്‍ വിപണിയിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള അവ്യക്തതയുമാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
Related Articles
Next Story
Videos
Share it