ഡ്രൈവറില്ല, സ്റ്റിയറിങ്ങില്ല; റോബോ ടാക്സികൾ പുറത്തിറക്കി ഇലോൺ മസ്ക്

തിരക്കുള്ള റോഡില്‍ കൂടി വാഹനം ഓടിക്കുമ്പോള്‍ ഇതൊന്ന് ഓടിക്കാന്‍ ഒരാളെ കിട്ടിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുള്ളവരാകും നമ്മളില്‍ പലരും. ഇതിന് പരിഹാരമായി സ്വയം നിയന്ത്രിത ടാക്‌സി കാറുകള്‍ വരുമെന്നൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും അതൊന്നും നടക്കില്ലെന്നാണ് പലരുടെയും ചിന്ത. എങ്കില്‍ കേട്ടോളൂ.
ഡ്രൈവറുടെ സഹായമില്ലാതെ സ്വയം നിയന്ത്രണ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോ ടാക്‌സി കാറുകള്‍ പുറത്തിറക്കി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. 30,000 ഡോളറില്‍ (ഏകദേശം 25 ലക്ഷം രൂപ) താഴെ വില വരുന്ന റോബോ ടാക്‌സിയായ സൈബര്‍ ക്യാബിന് പുറമെ മോഡല്‍ 3, മോഡല്‍ വൈ കാറുകളില്‍ ഓട്ടോണോമസ് ഡ്രൈവിംഗ് സംവിധാനവും നടപ്പിലാക്കുമെന്നും മസ്‌ക് പറഞ്ഞു. ആദ്യഘട്ടത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലും ടെക്‌സാസിലുമാകും ഇത് നടപ്പിലാക്കുക. കാലിഫോര്‍ണിയയില്‍ നടന്ന ടെസ്‌ലയുടെ വീ, റോബോട്ട് ഇവന്റിലാണ് സൈബര്‍ ക്യാബില്‍ വന്നിറങ്ങി ഇലോണ്‍ മസ്‌ക് എല്ലാവരെയും ഞെട്ടിച്ചത്. ഇതിന് പുറമെ 20 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന റോബോ വാനിന്റെ കണ്‍സെപ്റ്റ് രൂപവും മസ്‌ക് പുറത്തിറക്കി.
ഇലോണ്‍ മസ്‌കിന്റെ സ്വയം നിയന്ത്രിത കാറുകള്‍ എപ്പോള്‍ വിപണിയിലെത്തുമെന്നത് സംബന്ധിച്ച് ഏറെക്കാലമായി ടെക്-വാഹന ലോകത്ത് ചര്‍ച്ച തുടങ്ങിയിരുന്നു. ഇതിന് വിരാമമിട്ടാണ് സൈബര്‍ ക്യാബിനെ മസ്‌ക് അവതരിപ്പിച്ചത്. നിര്‍മിത ബുദ്ധി ഗവേഷണത്തില്‍ ടെസ്‌ലയുടെ പുരോഗതി വെളിപ്പെടുത്താനും മസ്‌ക് മറന്നില്ല. ഭാവി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ടെസ്‌ല നടത്തുന്നതെന്നാണ് മസ്‌കിന്റെ അഭിപ്രായം.

സൈബര്‍ ക്യാബ് - ഭാവിയിലേക്കുള്ള വാഹനമാണോ

നിലവിലുള്ള ടെസ്‌ലയുടെ മോഡല്‍ 3യേക്കാള്‍ കുറഞ്ഞ വിലയിലാണ് സൈബര്‍ ക്യാബുകള്‍ വിപണിയിലെത്തുന്നത്.

വാഹനത്തില്‍ സ്റ്റിയറിംഗ് വീല്‍, പെഡലുകള്‍ എന്നിവയുണ്ടാകില്ല. പ്ലഗ് കുത്തി വാഹനം ചാര്‍ജ് ചെയ്യുന്നതിന് പകരം ഇന്‍ഡക്ടീവ് - വയര്‍ലെസ് ചാര്‍ജിംഗായിരിക്കും വാഹനത്തിലുണ്ടാവുക. ബട്ടര്‍ഫ്‌ളൈ വിംഗ്‌സ് ഡോറുകള്‍ ഉള്ള വാഹനത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ സ്റ്റിയറിംഗും പെഡലുകളും ഇല്ലാത്തതിനാല്‍ വാഹനം വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടി വരും.

ഊബര്‍ മാതൃകയില്‍ റോബോ ടാക്‌സി

സ്വയം നിയന്ത്രിക്കുന്ന ഒരു കൂട്ടം ടാക്‌സികള്‍ വിപണിയിലിറക്കാനാണ് മസ്‌കിന്റെ പദ്ധതി. ഉപയോക്താക്കള്‍ക്ക് ടെസ്‌ല ആപ്പിന്റെ സഹായത്താല്‍ ഇവ ഉപയോഗിക്കാന്‍ കഴിയും. ഇനി ഉപയോഗിക്കാത്ത സമയത്ത് ഉടമകള്‍ക്ക് സൈബര്‍ ക്യാബ് പാര്‍ട്ട്-ടൈം ടാക്‌സിയായി ലിസ്റ്റ് ചെയ്യാന്‍ കഴിയും. ഇതുവഴി അധിക വരുമാനം നേടാവുന്നതുമാണ്. 2027ന് മുമ്പ് സൈബര്‍ ക്യാബിന്റെ നിര്‍മാണം തുടങ്ങുമെന്നാണ് മസ്‌ക് പറയുന്നത്. വാഹനം ഓടിക്കുന്നതിലെ ടെന്‍ഷന്‍ ഒഴിവാക്കി പാര്‍ക്കിലൊക്കെ ഇരിക്കുന്നത് പോലെ സിനിമയും കണ്ട് റിലാക്‌സായി യാത്ര ചെയ്യാമെന്നതാണ് ഇത്തരം വാഹനങ്ങളുടെ പ്രത്യേകതയെന്നും മസ്‌ക് പറഞ്ഞുവയ്ക്കുന്നു.

ഡ്രൈവറില്ലാത്ത വാഹനം സുരക്ഷിതമാണോ

മനുഷ്യനെ മാറ്റി നിറുത്തി യന്ത്ര സഹായത്താല്‍ വാഹനം നിയന്ത്രിക്കുന്നത് സുരക്ഷിതമാണോയെന്ന ചോദ്യത്തിനും മസ്‌ക് ഉത്തരം നല്‍കി. ലക്ഷക്കണക്കിന് വാഹനങ്ങളില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ടെസ്‌ലയുടെ സൈബര്‍ ക്യാബുകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ മനുഷ്യസാധ്യമായതിനേക്കാള്‍ സുരക്ഷയിലാകും ഇത്തരം വാഹനങ്ങളുടെ യാത്ര. ഇത്തരം വാഹനങ്ങള്‍ മനുഷ്യന്റെ അധ്വാനവും സമയവും ലാഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോബോ വാന്‍

സ്വയം നിയന്ത്രിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റോബോ വാന്റെ കണ്‍സെപ്റ്റ് മോഡലും മസ്‌ക് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

20 പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്ന വാഹനത്തെ ചരക്കുനീക്കത്തിന് പറ്റുന്ന രീതിയില്‍ സജ്ജീകരിക്കാനും സാധിക്കും. എന്നാല്‍ ഈ വാഹനത്തിന്റെ വില വെളിപ്പെടുത്താനോ എന്നാണ് ഉത്പാദനം തുടങ്ങുന്നതെന്ന് വിശദീകരിക്കാനോ മസ്‌ക് തയ്യാറായില്ല. ചടങ്ങിനെത്തിയ അതിഥികളോട് കുശലം പറയാനും ഭക്ഷണ പാനീയങ്ങള്‍ വിളമ്പാനും അവസാനം കാണികള്‍ക്ക് മുന്നില്‍ ഡാന്‍സ് കളിക്കാന്‍ വരെ തയ്യാറായ റോബോട്ടുകളും ശ്രദ്ധിക്കപ്പെട്ടു. 30,000 ഡോളര്‍ വില വരുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകള്‍ക്ക് ഒപ്റ്റിമസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

മസ്‌കിന്റെ സ്വപ്‌നങ്ങള്‍ നടപ്പിലാകുമോ?

30,000 ഡോളറില്‍ താഴെ വിലയില്‍ സൈബര്‍ ക്യാബുകള്‍ ഇറക്കുമെന്ന ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിലയേക്കാള്‍ ഇരട്ടിയായിരിക്കും വാഹനം പുറത്തിറങ്ങുമ്പോഴെന്ന് ഉദാഹരണങ്ങള്‍ നിരത്തിയാണ് ഇക്കൂട്ടര്‍ പറയുന്നത്. നേരത്തെ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് അവതരിപ്പിക്കുമ്പോള്‍ 50,000 ഡോളറില്‍ താഴെ വില പറഞ്ഞിരുന്നെങ്കിലും പിന്നീട് 80,000 ഡോളറിനാണ് വാഹനം വിറ്റതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്‌ലയുടെ സ്വയം നിയന്ത്രിത കാറുകളെച്ചൊല്ലി അമേരിക്കയില്‍ നിയമനടപടികള്‍ നടക്കുന്ന കാര്യവും ഇക്കൂട്ടര്‍ പറയുന്നുണ്ട്.

ഇന്ത്യക്കാര്‍ക്ക് എപ്പോ കിട്ടും

ലോകത്തെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായിട്ടും ടെസ്‌ല മോട്ടോര്‍സിന് ഇന്ത്യയില്‍ സാന്നിധ്യമറിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുമെന്ന് അറിയിച്ച ഇലോണ്‍ മസ്‌ക് അവസാന നിമിഷം യാത്ര റദ്ദാക്കിയിരുന്നു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലായ ടെസ്‌ല അടുത്തെങ്ങും ഇന്ത്യയില്‍ നിക്ഷേപം നടത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ അടുത്തെങ്ങും ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സാരം.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it