ടെസ്‌ലയുടെ ഇന്ത്യന്‍ പ്ലാന്‍ എളുപ്പമാകില്ല! ഇവര്‍ മുഖ്യ എതിരാളികളാകും, ഇന്ത്യക്കാര്‍ക്ക് വാങ്ങാനാകുമോ?

ആഗോളതലത്തില്‍ വില്‍പ്പന കുറഞ്ഞതോടെ പ്രതിസന്ധിയിലായ ടെസ്‌ലക്ക് ഇന്ത്യന്‍ വിപണി പുതുജീവന്‍ നല്‍കുമെന്നാണ് പ്രതീക്ഷ
tesla ceo Elon Musk and Prime minister Narendra Modi with Tesla model cars
Canva, Tesla Motors, Facebook / Narendra Modi
Published on

അമേരിക്കന്‍ വാഹന നിര്‍മാതാവായ ടെസ്‌ല മോട്ടോര്‍സിന്റെ ഇന്ത്യന്‍ അരങ്ങേറ്റം പ്രതീക്ഷിച്ചത് പോലെ എളുപ്പമാകില്ലെന്ന് റിപ്പോര്‍ട്ട്. ഇ.വി രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെ.എസ്.ഡബ്ല്യൂ ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ ടെസ്‌ലയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വാഹന ലോകത്തെ സംസാര വിഷയം. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര പോലുള്ള വമ്പന്മാര്‍ അടക്കിവാഴുന്ന ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മസ്‌കിന് ഇന്ത്യയില്‍ വിജയിക്കാനാകില്ല. ടാറ്റയും മഹീന്ദ്രയും ചെയ്യുന്നത് മസ്‌കിന് ചെയ്യാനാകില്ല. ഇന്ത്യയില്‍ വിജയിക്കുകയെന്നത് ചെറിയ കാര്യമല്ലെന്നും മസ്‌ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിഴലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിന്‍ഡാലിന്റെ ജെ.എസ്.ഡബ്ല്യൂവും ചൈനീസ് കമ്പനിയായ സൈക്കും (SAIC) ചേര്‍ന്നാണ് ഇന്ത്യയില്‍ എം.ജി. മോട്ടോര്‍ ബ്രാന്‍ഡില്‍ വാഹനങ്ങള്‍ ഇറക്കുന്നത്. സ്വന്തം ബ്രാന്‍ഡില്‍ ഇ.വികള്‍ പുറത്തിറക്കാനും ജെ.എസ്.ഡബ്ല്യൂവിന് പദ്ധതിയുണ്ട്.

വാടകയില്‍ ആപ്പിളിനെ കടത്തി വെട്ടി

പ്രതിമാസം 35.26 ലക്ഷം രൂപ വാടകയില്‍ മുംബയിലെ ബാന്ദ്ര കുര്‍ല കോംപ്ലസിലെ മേക്കര്‍ മാക്‌സിറ്റി കെട്ടിടത്തിലാണ് ടെസ്‌ലയുടെ ആദ്യ ഷോറൂം. ചതുരശ്ര അടിക്ക് 881 രൂപ എന്ന നിരക്കിലാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഇത് ദേശീയ റെക്കോഡാണ്. ആപ്പിളിന്റെ ചതുരശ്ര അടിക്ക് 738 രൂപ എന്ന റെക്കോഡാണ് ടെസ്‌ല തിരുത്തിയത്. 4,003 ചതുരശ്ര അടി സ്ഥലം അഞ്ച് വര്‍ഷത്തേക്കാണ് ടെസ്‌ല വാടകക്ക് എടുത്തിരിക്കുന്നത്. ഓരോ വര്‍ഷവും അഞ്ച് ശതമാനം വാടക വര്‍ധിപ്പിക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. 2.11 കോടി രൂപ സെക്യുരിറ്റി ഡെപോസിറ്റായും നല്‍കിയിട്ടുണ്ട്.

നേട്ടം ടെസ്‌ലക്ക്

ആഗോള തലത്തില്‍ വില്‍പ്പന കുറഞ്ഞതോടെ പ്രതിസന്ധിയിലായ ടെസ്‌ല മോട്ടോഴ്‌സിന് വലിയ ആശ്വാസമാകും ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി കുറക്കണമെന്ന ആവശ്യവും ഇന്ത്യയോട് ടെസ്‌ല ഉന്നയിച്ചിട്ടുണ്ട്. ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനോടാണ് കേന്ദ്രസര്‍ക്കാരിന് താത്പര്യം. എന്നാല്‍ തത്കാലം ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കേണ്ടതില്ലെന്നും പകരം ഇറക്കുമതി ചെയ്ത് വില്‍ക്കാനുമാണ് ടെസ്‌ലയുടെ തീരുമാനം. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ ഫാക്ടറി സ്ഥാപിക്കാനുള്ള സാധ്യതകളും കമ്പനി ആരായുന്നുണ്ട്.

ഇന്ത്യക്കാര്‍ക്ക് വാങ്ങാനാകുമോ?

ഇക്കൊല്ലം പകുതിയോടെ ടെസ്‌ല മോട്ടോര്‍സ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ കമ്പനിയുടെ മോഡല്‍ വൈ (Model Y) ആയിരിക്കും ഇന്ത്യയിലെത്തുക. 60-70 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്ന മോഡല്‍ മെഴ്‌സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യൂ, ഓഡി പോലുള്ള കമ്പനികളുടെ എന്‍ട്രി ലെവല്‍ ഇ.വികള്‍ക്ക് പാരയാകുമെന്നാണ് സംസാരം. എന്നാല്‍ വിപണി പിടിക്കാന്‍ 35 ലക്ഷം രൂപയില്‍ താഴെ വില നിശ്ചയിച്ചാല്‍ ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര പോലുള്ളവര്‍ക്കും ടെസ്‌ല ഭീഷണിയാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ വാഹനമായ മോഡല്‍ 3ക്ക് ഇന്ത്യയിലെത്തുമ്പോള്‍ 35-40 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ റോഡിലിറക്കണമെങ്കില്‍ 3.5 ലക്ഷം രൂപ റോഡ് നികുതി, 1.75 ലക്ഷം രൂപ ഇന്‍ഷുറന്‍സ്, ഇറക്കുമതി നികുതി 5.25 ലക്ഷം രൂപ എന്നിവ ചേര്‍ത്ത് 45.5 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി നികുതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com