കഞ്ചാവ് ഉപയോഗം നിയമപരമാക്കിയ ആദ്യ ഏഷ്യന്‍ രാജ്യം, നട്ടുവളര്‍ത്താന്‍ 10 ലക്ഷം തൈകള്‍ വിതരണം ചെയ്ത് തായ്‌ലന്‍ഡ്

കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കി തായ്‌ലന്‍ഡ് സര്‍ക്കാര്‍. കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നകിന്റെ ഭാഗമായി 10 ലക്ഷം തൈകളാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. അതേ സമയം വിനോദങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിന് ഇപ്പോഴും രാജ്യത്ത് വിലക്കുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജൂണ്‍ പത്തിന് നിരോധനം നീക്കിയത് മുതല്‍ രാജ്യത്ത് പലയിടത്തും വലിയ ആഘോഷങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒന്നും ചെയ്യാതെ ദിവസവും കഞ്ചാവും വലിച്ച് ചിരിച്ചുകൊണ്ടിരിക്കരുത് എന്നാണ് തായ് ആരോഗ്യ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. 0.2%-ല്‍ കൂടുതല്‍ ടിഎച്ച്‌സി (tetrahydrocannabinol) അടങ്ങിയ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും വില്‍ക്കുന്നതിനും ഇപ്പോഴും നിരോധനം ഉണ്ട്. കഞ്ചാവിനെ നാണ്യവിളയായി പരിഗണിക്കുന്ന തായ് സര്‍ക്കാര്‍ നിരോധനം നീക്കിയതിലൂടെ ലക്ഷ്യമിടുന്നത് സാമ്പത്തിക നേട്ടമാണ്.

ഒരു വീട്ടില്‍ ആറ് തൈകള്‍ എന്ന ലക്ഷ്യവുമായി സര്‍ക്കാര്‍ അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനില്‍ ഇതുവരെ 350,000ല്‍ അധികം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കഞ്ചാവ് കേസില്‍ പെട്ട് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന 4,000 പേരെയും സര്‍ക്കാര്‍ വെറുതെ വിട്ടു. 2018 മുതല്‍ മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള കഞ്ചാവിന്റെ ഉപയോഗം തായ്‌ലന്‍ഡില്‍ നിയമപരമാണ്.

കോഹറന്റ് മാര്‍ക്കറ്റ് ഇന്‍സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 10.74 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് കഞ്ചാവിന് (cannabis extract market) പ്രതീക്ഷിക്കുന്നത്. 2030ഓടെ ഈ വിപണി 38 ബില്യണ്‍ ഡോളറിന്റേതായി വളരുമെന്നാണ് കണക്കൂകൂട്ടല്‍. കഞ്ചാവിന്റെ കയറ്റുമതിയിലൂടെ ഈ വിപണിയുടെ വലിയൊരു പങ്കാണ് തായ് സര്‍ക്കാരിന്റെ ലക്ഷ്യം. വ്യക്തിപരമായും മെഡിക്കല്‍ അവശ്യങ്ങള്‍ക്കുമായും കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇളവ് വരുത്തുന്നടോടെ വരുന്ന ദശകത്തില്‍ വിപണി ഇനിയും ഉയരാം.

Related Articles
Next Story
Videos
Share it