ഇ-ഹെല്‍ത്ത് സംവിധാനം 120 ആരോഗ്യ സ്ഥാപനങ്ങളില്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍
സംസ്ഥാനത്തെ 120 ആരോഗ്യ സ്ഥാപനങ്ങളില്‍ കൂടി നടപ്പ് സാമ്പത്തിക വര്‍ഷം ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 594 ആരോഗ്യ സ്ഥാപനങ്ങളില്‍ ഈ സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മറ്റുള്ള മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ഇ-ഹെല്‍ത്ത് വ്യാപിപ്പിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ഇ-പേയ്മെന്റ് സേവനവും ലഭ്യമാക്കും
ഓണ്‍ലൈന്‍ ബുക്കിംഗ് മുതല്‍ എല്ലാ ആശുപത്രി സേവനങ്ങള്‍ക്കും ഇ-പേയ്മെന്റ് സേവനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇ-പേയ്‌മെന്റ് സംവിധാനത്തിനായി പി.ഒ.എസ് മെഷീനുകള്‍ സ്ഥാപിക്കാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ആശുപത്രികളിലെ ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, അപ്പോയ്മെന്റ് ബുക്കിംഗ്, ഓണ്‍ലൈന്‍ അക്കൗണ്ടിംഗ് തുടങ്ങിയവ പഠിക്കാന്‍ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ-ഹെല്‍ത്ത് സേവനങ്ങള്‍ ലഭിക്കാന്‍
ഇ-ഹെല്‍ത്ത് വഴിയുള്ള സേവനങ്ങള്‍ ലഭിക്കാന്‍ https://ehealth.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദർശിച്ചു രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്യണം. അതില്‍ ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ വരുന്ന ഒ.ടി.പി നല്‍കുമ്പോള്‍ ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാകും. ഈ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പറും പാസ്‍വേഡും മൊബൈലില്‍ മെസേജായി ലഭിക്കും.
ഈ തിരിച്ചറിയല്‍ നമ്പറും പാസ് വേര്‍ഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തീയതിയിലും സമയത്തുമുള്ള അപ്പോയ്മെന്റ് എടുക്കാന്‍ സാധിക്കും. ഒരാള്‍ ആശുപത്രിയിലെത്തി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യ സേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും.