ബഹിരാകാശത്തേക്ക് ടൂര്‍ പോകണോ? ആദ്യ സീറ്റിന് വില 20 കോടി കടന്നു
ബഹിരാകാശത്തേക്ക് യാത്ര പോകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് പലരും ആഗ്രഹിക്കുന്നുണ്ടാകും. വിനോദസഞ്ചാരിയായി മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടു പോകാനുള്ള ശ്രമവും നാളെറെയായി നടക്കുന്നു. ഇപ്പോഴിതാ, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ എന്ന എയ്‌റോ സ്‌പേസ് കമ്പനി യാത്രയ്ക്കുള്ള ആദ്യ ടിക്കറ്റ് വില്‍ക്കാന്‍ തയാറെടുക്കുന്നു. ആരാദ്യം എന്നത് വലിയൊരു ആകാംക്ഷ നിറയ്ക്കുമ്പോള്‍ കൂടുതല്‍ പണം തരുന്നവര്‍ക്ക് ആദ്യ അവസരം എന്നതാണ് ബ്ലൂ ഒറിജിന്റെ നയം. ടിക്കറ്റ് ലേലത്തിന് വെച്ചപ്പോള്‍ ഇപ്പോള്‍ തന്നെ 2.8 ദശലക്ഷം ഡോളര്‍ (ഏകദേശം 20.5 കോടി രൂപ) വരെയെത്തി വില. ജൂണ്‍ 12 വരെ ലേലത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അതു കഴിഞ്ഞേ യഥാര്‍ത്ഥ വില എത്രയെന്ന് അറിയാനാവൂ. ബഹിരാകാശത്തെത്തുന്ന ആദ്യ വിനോദ സഞ്ചാരിയെന്ന നേട്ടം കൈവരിക്കാന്‍ കോടീശ്വരന്മാരുടെ തിരക്കാണെന്നാണ് റിപ്പോര്‍ട്ട്. മേയ് 19നാണ് ലേലം ആരംഭിച്ചത്. ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ കൊണ്ടു തന്നെ വില 2.4 ദശലക്ഷം ഡോളറായും പിന്നീട് 2.6 ദശലക്ഷം ഡോളറായും ഉയര്‍ന്നു. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 2.8 ദശലക്ഷം ഡോളറിലെത്തി നില്‍ക്കുന്നു.