വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 4ന് എത്തില്ല

തുറമുഖ വകുപ്പ് തീരുമാനിച്ച ആഗോള ഷിപ്പിംഗ് സമ്മേളനവും ഉപേക്ഷിച്ചു
image:@https://www.vizhinjamport.in
image:@https://www.vizhinjamport.in
Published on

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഒക്ടോബര്‍ 4ന് ആദ്യ കപ്പല്‍ എത്തില്ല. ഒരാഴ്ചയെങ്കിലും വൈകുമെന്നാണ് സൂചന. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കു ചൈനയില്‍ നിന്നു ക്രെയിനുമായെത്തുന്ന കപ്പല്‍ ഇപ്പോള്‍ ശ്രീലങ്കയ്ക്കു സമീപമാണുള്ളത്. ഈ കപ്പല്‍ 28നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ രണ്ടു ക്രെയിനുകള്‍ ഇറക്കാന്‍ നാലു ദിവസം സമയമെടുക്കും. കടലിലെ മോശം കാലാവസ്ഥയാണ് തടസ്സം. മുന്ദ്രയില്‍ നിന്നു വിഴിഞ്ഞത്ത് എത്തിച്ചേരാന്‍ ഒരാഴ്ചയെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതിനിടെ കപ്പലെത്തുന്നതിനോടനുബന്ധിച്ചു തുറമുഖ വകുപ്പ് തീരുമാനിച്ച 'ആഗോള ഷിപ്പിംഗ് സമ്മേളനം' ഉപേക്ഷിച്ചു. സമ്മേളനം ഒക്ടോബറില്‍ തിരുവനന്തപുരത്തു നടത്താനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 17 മുതല്‍ മുംബൈയില്‍ ഗ്ലോബല്‍ മാരിടൈം സമ്മിറ്റ് നടക്കുന്നതിനാലും പിന്നാലെ 28നു കൊച്ചി തുറമുഖത്തിന്റെ നേതൃത്വത്തില്‍ റോഡ് ഷോ സംഘടിപ്പിക്കുന്നതിനാലുമാണ് ഈ സമ്മേളനം ഉപേക്ഷിച്ചത്.

മുമ്പ് തീരുമാനിച്ചത്

ഓഗസ്റ്റില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ കപ്പല്‍ വരുന്നതിനോടനുബന്ധിച്ചു വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്താന്‍ ആഗോള ഷിപ്പിംഗ് സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. കേരള മാരിടൈം ബോര്‍ഡ്, അദാനി പോര്‍ട്‌സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഷിപ്പിംഗ് കമ്പനികളെ എത്തിക്കാനായിരുന്നു പദ്ധതി. വേദി നിശ്ചയിക്കുകയും ഏകോപനത്തിനു വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

മുംബൈയിലെ കേരള പവലിയന്‍

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മുംബൈയിലെ ഗ്ലോബല്‍ മാരിടൈം സമ്മിറ്റില്‍ മാരിടൈം ബോര്‍ഡ്, അദാനി പോര്‍ട്ട്, മലബാര്‍ പോര്‍ട്ട്, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, കേരള മുസിരിസ് ലിമിറ്റഡ് തുടങ്ങിയവ പങ്കെടുക്കും. ഇവിടെ കേരള പവലിയനുമുണ്ടാകും. ഇതില്‍ പ്രധാനമായും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ സാധ്യതകളാകും കേരളം പ്രദര്‍ശിപ്പിക്കുക. 28നു കൊച്ചിയില്‍ നടക്കുന്ന റോഡ് ഷോയിലും വിഴിഞ്ഞം തുറമുഖത്തിനു സര്‍ക്കാര്‍ ഊന്നല്‍ നല്‍കും. ഇവിടെയും രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുടെ സാന്നിധ്യമുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com