ബ്രഡ്, ബണ്‍, ജി.എസ്.ടി വിവാദത്തില്‍ തമിഴ്‌നാട്; ഹോട്ടല്‍ ഉടമയോട് മാപ്പു പറഞ്ഞ് ബി.ജെ.പി

ധനമന്ത്രി നിര്‍മല സീതാരാമനോട് ജി.എസ്.ടി വിഷയം ഉന്നയിച്ചത് അന്നപൂര്‍ണ ഹോട്ടല്‍ ഉടമ ശ്രീനിവാസന്‍
ബ്രഡ്, ബണ്‍, ജി.എസ്.ടി വിവാദത്തില്‍ തമിഴ്‌നാട്; ഹോട്ടല്‍ ഉടമയോട് മാപ്പു പറഞ്ഞ് ബി.ജെ.പി
Published on

കോയമ്പത്തൂരിലെ അന്നപൂര്‍ണ റസ്‌റ്റോറന്റ് ശൃംഖല ഉടമ ശ്രീനിവാസനും ധനമന്ത്രി നിര്‍മല സീതാരാമനുമായി നടന്ന സ്വകാര്യ സംഭാഷണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈ പരസ്യമായി മാപ്പു പറഞ്ഞു. കോയമ്പത്തൂരില്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ ജി.എസ്.ടിയെക്കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമനോട് പരാതി പറഞ്ഞ ഹോട്ടല്‍ ഉടമയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ബി.ജെ.പിക്കാര്‍ മാപ്പു പറയിച്ചുവെന്നാണ് ഡി.എം.കെയും കോണ്‍ഗ്രസും മറ്റും കുറ്റപ്പെടുത്തിയത്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന വിശദീകരണത്തോടെ ശ്രീനിവാസന്‍ ധനമന്ത്രിയോട് മാപ്പു പറയുന്നതാണ് വൈറലായ വിവാദ വീഡിയോയിലെ രംഗം. ഇതിനു പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്റെ പരസ്യമായ മാപ്പ് പറച്ചില്‍.

ഓരോ ഹോട്ടല്‍ വിഭവത്തിനും ജി.എസ്.ടി പല തരത്തില്‍ ഈടാക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നു, അതുകൊണ്ട് ഏകീകരിക്കണമെന്നാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നടന്ന യോഗത്തില്‍ ശ്രീനിവാസന്‍ ധനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. ബണ്ണിന് ജി.എസ്.ടിയില്ല. അതില്‍ ക്രീം പുരട്ടിയാല്‍ 18 ശതമാനം ജി.എസ്.ടി കൊടുക്കേണ്ടി വരും. ഇതുമൂലം ഹോട്ടലില്‍ വരുന്നവര്‍ ബണ്ണും ക്രീമും വെവ്വേറെ തന്നാല്‍ മതി, തങ്ങള്‍ സ്വയം ബണ്ണില്‍ ക്രീം പുരട്ടിക്കോളാമെന്ന് പറയുന്നുവെന്നാണ് തമാശ രൂപേണ വിഷയം അവതരിപ്പിച്ച ശ്രീനിവാസന്‍ ധനമന്ത്രിയോട് വിശദീകരിച്ചത്.

പല നികുതി നിരക്ക് മാറ്റണമെന്ന് ഹോട്ടലുടമ

മധുര പലഹാരത്തിന് അഞ്ചു ശതമാനവും നംകീന് (മിക്‌സ്ചറും മറ്റും) 12 ശതമാനവും ജി.എസ്.ടി ഈടാക്കുന്നു. വടക്കുള്ളവര്‍ മധുരം കൂടുതലായി കഴിക്കുന്നു. തമിഴ്‌നാട്ടില്‍ മധുരവും നംകീനും കാപ്പിയും ഒന്നിച്ചു കഴിക്കും. അതുകൊണ്ടാണ് ഉയര്‍ന്ന നികുതിയെന്ന് ജനങ്ങള്‍ പറയുന്നു. ഏകീകൃത ജി.എസ്.ടി ഈടാക്കാന്‍ നടപടി സ്വീകരിക്കണം. ജി.എസ്.ടി കണക്കാക്കുന്നത് സങ്കീര്‍ണമായതു കൊണ്ട് ഹോട്ടലിലെ കമ്പ്യൂട്ടര്‍ പോലും സ്തംഭിച്ചു പോവുകയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. വിഷയം പരിശോധിക്കാമെന്ന് യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കി. അതേസമയം, വിഷയം ജി.എസ്.ടി കൗണ്‍സിലാണ് പരിഹരിക്കേണ്ടതെന്ന് ധനമന്ത്രി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനു പിന്നാലെയാണ് ധനമന്ത്രിയും ശ്രീനിവാസനുമായുള്ള സ്വകാര്യ സംഭാഷണം നടന്നതും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും. സ്വകാര്യ സംഭാഷണം വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വിമര്‍ശിച്ചു. മനഃപൂര്‍വമല്ലെങ്കിലും സ്വകാര്യത ലംഘിക്കുകയാണ് ചെയ്തത്. അന്നപൂര്‍ണ ശ്രീനിവാസന്‍ അണ്ണന്‍ തമിഴ്‌നാട്ടിലെ ബിസിനസ് സമൂഹത്തിന്റെ നെടുംതൂണാണെന്നും സാമ്പത്തിക പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നുണ്ടെന്നും മാപ്പു പറഞ്ഞുകൊണ്ടുള്ള 'എക്‌സ്' പോസ്റ്റില്‍ ബി.ജെ.പി അധ്യക്ഷന്‍ വിശദീകരിച്ചു. സംഭവം വലിയൊരു വിഷയമാക്കാതെ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അതേസമയം, ജി.എസ്.ടി ലളിതമാക്കാന്‍ പറഞ്ഞ ചെറിയൊരു സ്ഥാപനത്തിന്റെ ഉടമയെ അസഹിഷ്ണുതയോടെ നേരിടുകയാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com