അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങൾ ; ടൂറിസം മേഖലയും സ്തംഭിച്ചു.

ഭാരത് ബന്തിനെ തുടർന്ന് കേരളത്തിൽ ആരംഭിച്ച ഹർത്താൽ സംസ്ഥാനത്ത് പൂർണ്ണമായിരുന്നു. ബാങ്ക് സേവനങ്ങളെയും, പൊതുഗതാഗതത്തെയും, സർക്കാർ ഓഫീസുകളെയും, കടകമ്പോളങ്ങളെയും ഹർത്താൽ ബാധിച്ചു. ടൂറിസം മേഖലയും പ്രവർത്തിച്ചില്ല. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

കർഷകസംഘടനകളും വിവിധ ട്രേഡ് യൂണിയനുകളും ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. പാൽ, പത്രം, ആംബുലൻസ്, മെഡിക്കൽ-അടിയന്തര സേവനങ്ങൾ, വിവാഹം തുടങ്ങിയവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുന്നില്ല. എന്നാൽ ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ചില സർവീസുകൾ പോലീസ് അകമ്പടിയോടെ നടത്തുന്നുണ്ട്. വൈകീട്ട് ആറുമണിക്കുശേഷം ദീർഘദൂരം ഉൾപ്പെടെ എല്ലാ സർവീസുകളും ആരംഭിക്കുമെന്നും യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ അധിക ദീർഘദൂര സർവീസുകൾ ഏർപ്പെടുത്തുമെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിന്റെ പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചുവെന്ന് തന്നെ പറയാം. മുഖ്യമന്ത്രിയുൾപ്പെടെ മന്ത്രിമാരാരും ഓഫീസുകളിൽ എത്തിയില്ല. ജില്ലയിലെ മറ്റ് സർക്കാർ ഓഫീസുകളും അടഞ്ഞു കിടന്നു. ബാങ്കുകൾ തുറന്നെങ്കിലും ജീവനക്കാർ ബഹുഭൂരിപക്ഷവും എത്തിയില്ല. തിരുവനന്തപുരം ജില്ലയിലെ കട കമ്പോളങ്ങളും തുറന്നില്ല. ജില്ലയിലെ പ്രധാനമാർക്കറ്റായ ചാല കമ്പോളം നിശ്ചലാവസ്ഥയിലായിരുന്നു. കൊച്ചിയിലും കോഴിക്കോടുമൊക്കെ ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ്.

ലോക വിനോദസഞ്ചാരദിനത്തിൽ തന്നെ ഹർത്താൽ എത്തിയത് ടൂറിസം മേഖലക്ക്‌ തിരിച്ചടിയായതായി ട്രാവൽ പ്ലാനർ സി.ഇ.ഒ. പി.കെ.അനീഷ്കുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഈ ദിനത്തിൽ ഈ മേഖലയ്ക്ക് നഷ്ടം വന്നത്. കോവിഡ് പ്രതിസന്ധി മറികടന്ന് സംസ്ഥാനത്ത് ടൂറിസം മേഖല വീണ്ടും സജീവമാകുന്നതിനിടെയാണ്ഹർത്താൽ. രണ്ടുവർഷത്തിനുശേഷം, നേരിയ പ്രതീക്ഷകൾ ടൂറിസം മേഖലയിൽ കടന്നുവരുന്നതിനിടയിലാണ് ഹർത്താൽ. കർഷക സമരങ്ങളോട് യോജിക്കുന്നെങ്കിലും ഒന്നര വർഷത്തോളം അടഞ്ഞു കിടന്ന കടകളൊക്കെ തുറന്ന് ദിവസങ്ങൾ ആകുന്നതിന് മുൻപ് തന്നെ പെട്ടന്നൊരു ഹർത്താൽ എത്തിയത് ശരിയായില്ലെന്ന് ചാലയിലെ വ്യാപാരി ജി.കെ.അനിരുദ്ധൻ പറയുന്നു. കച്ചവടങ്ങളെ മുഴുവൻ ഇത് ബാധിച്ചിട്ടുണ്ട്.

പുതിയ കാർഷിക നിയമങ്ങൾ, തൊഴിൽ നിയമങ്ങൾ, അസറ്റ് മോണിറ്റൈസേഷൻ, പൈപ്പ്ലൈൻ തുടങ്ങിയ പരിഷ്കരണ നടപടികൾക്കെതിരെയാണ് ബന്തും ഹർത്താലും ലക്ഷ്യമിടുന്നത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തിനും ജി.എസ്.ടി. ഏർപ്പെടുത്തിയതിന്റെ ഫലമായി കർഷകന്റെ കടങ്ങൾ കൂടി. 2012-13 ൽ, ശരാശരി 47,000 രൂപ കടം ഉണ്ടായിരുന്ന കർഷകന് 2018-19 വർഷത്തിൽ 74,121 രൂപയായി കടം വർദ്ധിച്ചതായി കർഷക സംഘടനകൾ പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it