ചൂട് കൂടുന്നു; 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം

സംസ്ഥാനത്ത് ചൂട് വീണ്ടും ഉയരുന്നു. ഒന്‍പത് ജില്ലകളില്‍ താപനില സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ചു ഡിഗ്രിവരെ വരെ ഉയരുമെന്ന് ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലയില്‍ 36 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി വരെയും എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34 ഡിഗ്രിവരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്.

വരും ദിവസങ്ങളിലും ഉയര്‍ന്ന താപനില തുടരാനാണ് സാധ്യത. അതിനാല്‍ പൊതുജനങ്ങള്‍ പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് ഏറെ നേരം നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി മറ്റ് ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ:

* നിര്‍ജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്.ഇവിടെയും ജാഗ്രത പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുമ്പോള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ ശ്രദ്ധിക്കണം.

* പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.

* ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. മാധ്യമപ്രവര്‍ത്തകരും പൊലിസ് ഉദ്യോഗസ്ഥരും ഈ സമയത്തു കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കണം.

* ജലം പാഴാക്കാതെ ഉപയോഗിക്കണം.

Related Articles
Next Story
Videos
Share it