കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ 5 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുന്നു
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ അഞ്ചു ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിപണി വിലയേക്കാള്‍ കുറവില്‍ ഓഫര്‍ ഫോര്‍ സെയില്‍ ആയാണ് വില്‍പ്പന. ഒരു ഷെയറിന് 1,540 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നോണ്‍ റീട്ടെയില്‍ വിഭാഗത്തില്‍ വില്‍പ്പന ഒക്ടോബര്‍ 16 ന് (നാളെ) ആരംഭിക്കും. റീട്ടെയില്‍ നിക്ഷേകര്‍ക്കും ഷിപ്പ് യാര്‍ഡ് ജീവനക്കാര്‍ക്കും 17 മുതലാണ് വില്‍പ്പന. കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ സാമൂഹ്യ മാധ്യമമായ എക്‌സിലാണ് ഇക്കാര്യം അറിയിച്ചത്. ഓഹരി വില്‍പ്പനയിലൂടെ 2,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 1,672 രൂപ നിരക്കിലാണ് ഇന്ന് ബി.എസ്.ഇയില്‍ വ്യാപാരം നടന്നത്. വില 3.03 ശതമാനം ഉയര്‍ന്നിരുന്നു. ഈ വിലയില്‍ നിന്ന് എട്ടു ശതമാനം താഴ്ന്ന നിരക്കിലായിരിക്കും ഓഫര്‍ ഫോര്‍ സെയില്‍. ഷിപ്പ് യാര്‍ഡിന്റെ 72.86 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളത്.