വന്ദേഭാരത് ടിക്കറ്റ് നിരക്കില്‍ തീരുമാനമായി; കണ്ണൂര്‍ വരെ കുറഞ്ഞ നിരക്ക് 1,400 രൂപ
വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് നിരക്കില്‍ തീരുമാനമായി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ എക്കണോമി ക്ലാസില്‍ ഭക്ഷണം സഹിതം 1,400 രൂപയാണ് നിരക്ക്. 54 സീറ്റ് വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2,400 രൂപയായിരിക്കും. ഭക്ഷണ നിരക്ക് ഒഴിച്ചും ടിക്കറ്റ് എടുക്കാം. ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും 44 സീറ്റ് വീതുള്ള രണ്ടു കോച്ചുകള്‍ വേറെയുമുണ്ടാകും.
വേഗത ഉയര്‍ത്താന്‍ നവീകരണം ഉടന്‍
തിങ്കളാഴ്ച നടന്ന ആദ്യ പരീക്ഷണയോട്ടത്തില്‍ പുലര്‍ച്ച 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്ത് ഉച്ചക്ക് 12ന് കണ്ണൂരിലെത്തി. അതേസമയം ഇതേ ദൂരം ജനശതാബ്ധി പിന്നിടുന്നത് ഒന്‍പത് മണിക്കൂറും 35 മിനിറ്റുമെടുത്താണ്. ഏകദേശം രണ്ടര മണിക്കൂര്‍ വ്യത്യാസം. ഒന്നര വര്‍ഷത്തിനുള്ളില്‍ വന്ദേഭാരത് 110 കിലോമീറ്റര്‍ വേഗം കൈവരിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും.
വേഗത ഉയര്‍ത്താന്‍ സംസ്ഥാനത്ത് നിലവിലുള്ള ട്രാക്കുകള്‍ രണ്ട് ഘട്ടങ്ങളിലായി നവീകരിക്കും. ഒന്നാം ഘട്ടത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള മുഴുവന്‍ ട്രാക്കും 110 കിലോമീറ്റര്‍ വേഗത്തിലാക്കാന്‍ മന്ത്രാലയം 381 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ചില വളവുകള്‍ നേരെയാക്കുന്നതും മറ്റ് ആവശ്യമായ ക്രമീകരണങ്ങളും ഉള്‍പ്പെടുന്നു. ഇത് ട്രാക്കിന്റെ വേഗത മണിക്കൂറില്‍ 130 കിലോമീറ്ററായി ഉയര്‍ത്തും. ചെയര്‍ കാര്‍, സ്ലീപ്പര്‍, വന്ദേ മെട്രോ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണു വന്ദേഭാരതിലുള്ളത്. ഡിസംബറോടു കൂടി സ്ലീപ്പര്‍ കോച്ചുകള്‍ വരും.
ആദ്യ സര്‍വീസ് 25 ന്
വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ നീട്ടിയതായി കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. തുടര്‍ന്ന് വന്ദേഭാരത് ഇന്ന് കാസര്‍കോട്ടേയ്ക്ക് പരീക്ഷണ ഓട്ടം നടത്തുകയാണ്. വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ സര്‍വീസ് 25 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി തമ്പാനൂരില്‍ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്റെ ആദ്യ യാത്ര നടത്തുക.