

2018 ഡിസംബറിലെ രണ്ടു ദിവസം ഞാന്‍ കര്‍ണാടകയിലെ ബീച്ച് ടൗണായ ഗോകര്‍ണയിലായിരുന്നു. തലേദിവസം വൈകുന്നേരം പൂനയില്‍ നിന്ന് ബസ് കയറിയ ഞാന്‍ പിറ്റേദിവസം പുലര്‍ച്ചേ 3.30 ഓടെയാണ് ഗോകര്‍ണ്ണയില്‍ എത്തിയത്. ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എന്നെയിറക്കി ബസ് പോയി. എന്റെ ഹോസ്റ്റലാകട്ടെ 15 കിലോമീറ്റര്‍ അകലെയും. അവിടേക്ക് ഓട്ടോ പിടിക്കുകയാണെങ്കില്‍ 500 രൂപയെങ്കിലും കൊടുക്കേണ്ടി വരും. ജോലിവിട്ടതിനാലും കഴിയുന്നത്ര കാലം യാത്ര തുടരണം എന്നതിനാലും ചെലവ് പരമാവധി കുറയ്ക്കാനായിരുന്നു തീരുമാനം. അതുകൊണ്ട് ആ ദൂരമത്രയും ഗൂഗ്ള്‍ മാപ്പിന്റെ സഹായത്തോടെ നടന്നു പോകാന്‍ ഞാന്‍ തീരുമാനിച്ചു. വഴിയിലാണെങ്കില്‍ കുറ്റാകൂരിരുട്ടാണ്. പരിസരത്തൊന്നും ഒരാളെപ്പോലും കാണാനുമില്ല.
എന്നാല്‍ ഇരുട്ടില്‍ പല ജീവികളുടെയും ശബ്ദം കേള്‍ക്കാനുണ്ട്. ഞാന്‍ ഫോണിന്റെ ഫ്ളാഷ് ലൈറ്റ് തെളിച്ച് ചൂണ്ടില്‍ പ്രാര്‍ത്ഥനയുമായി നടന്നു തുടങ്ങി.
എട്ടുകിലോമീറ്ററോളം നടന്നതിനു ശേഷം ചെറിയൊരു ചായക്കട കണ്ട് നടത്തം നിര്‍ത്തി. അതിനു ശേഷം അവിടെ നിന്നിറങ്ങി ഏതാനും കിലോമീറ്ററുകള്‍ കൂടി നടന്നപ്പോള്‍ ക്ഷീണം തീര്‍ക്കാനായി അവിടെയുള്ള ബസ് സ്റ്റേഷനില്‍ വിശ്രമിക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങി. സൂര്യന്‍ ഉദിച്ചു.
ബസ് സ്റ്റാന്‍ഡില്‍ ഇരിക്കുന്നതിനിടെ ഒരു സന്യാസി എനിക്കടുത്തെത്തി, കുറച്ച് ബിസ്‌ക്കറ്റ് വാങ്ങിത്തരാമോ എന്ന് ചോദിച്ചു. തരാമെന്ന് ഞാനും.
അദ്ദേഹം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. സദ്ഗുരുവിനെ പോലെയുള്ള ഉച്ചാരണ രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എത്ര അനായാസമായാണ് അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നത് എന്നില്‍ കൗതുകമുളവാക്കി. ഞാന്‍ അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സന്യാസിയാകുന്നതിനായി തന്റെ പതിനേഴാമത്തെ വയസില്‍ ഉത്തരാഖണ്ഡിലെ വീട്ടില്‍ നിന്ന് ഒളിച്ചോടിയതാണ്. ഇതിനിടയില്‍ ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എന്ന നിലയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം 15 മിനുട്ടോളം ഞങ്ങള്‍ സംസാരിച്ചു. എനിക്ക് യാത്ര തുടരേണ്ടതുണ്ടായിരുന്നു. യാത്രപറയുന്നതിനിടയില്‍ അദ്ദേഹം ശിരസ്സ് എന്റെ കൈയില്‍ മുട്ടിച്ച് എന്നെ അനുഗ്രഹിച്ചു. നടത്തം തുടരുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത്, ഒരു ഓട്ടോ പിടിച്ച് നേരെ ഹോസ്റ്റലിലേക്ക് തിരിച്ചിരുന്നുവെങ്കില്‍ ഈ സന്യാസിയുമായുള്ള കൂടിക്കാഴ്ച തന്നെ സാധ്യമാകുമായിരുന്നില്ലല്ലോ എന്നായിരുന്നു.
കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലേക്കായിരുന്നു യാത്ര. ഏറെ നാളായി പോകാന്‍ കാത്തിരുന്ന സ്ഥലമായിരുന്നു. ഒരു ഞായറാഴ്ച രാവിലെ, അവിടത്തെ പ്രസിദ്ധമായ ഫ്‌ളൂറീസ് റെസ്റ്റൊറന്റില്‍ നിന്ന് പ്രഭാതഭക്ഷണം കഴിക്കാന്‍ പോയി. പുറത്തു വെച്ചു തന്നെ സീറ്റ് മുഴുവനും നിറഞ്ഞിരിക്കുകയാണെന്ന് ഒരു ജീവനക്കാരന്‍ അറിയിച്ചു. ഞാന്‍ പുറത്ത് കാത്തിരിക്കാന്‍ തീരുമാനിച്ചു. ഫോണില്‍ എന്തോ വായിച്ചു കൊണ്ടിരുന്നു. ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും ഒരു പെണ്‍കുട്ടി കൂടി ക്യൂവില്‍ എത്തി. അവര്‍ എന്നെത്തന്നെ നോക്കുന്നത് ഇടംകണ്ണാല്‍ ഞാന്‍ കണ്ടു. എപ്പോഴും പുതിയ ആളുകളെ കാണുന്നതും അവരോട് സംസാരിക്കുന്നതും എനിക്ക് ഹരമാാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് നേരെ തിരിഞ്ഞ് എവിടെ നിന്നെങ്കിലും യാത്ര വന്നതാണോ അതോ കൊല്‍ക്കൊത്തക്കാരി തന്നെയാണോ എന്ന് ചോദിച്ചു.
അവിടെ നിന്നു തന്നെയുള്ള ആളാണെന്നും കേരളത്തില്‍ നിന്നുള്ള ഒരാളെ പരിചയപ്പെടാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണെന്നും അവര്‍ പറഞ്ഞു. കൂടുതലായി എന്തെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ റസ്റ്റൊറന്റ് ജീവനക്കാരന്‍ വന്ന് എന്നോട് ടേബ്ള്‍ റെഡിയാണെന്ന് അറിയിച്ചു.
ഞാന്‍ ഇരുന്നു കഴിഞ്ഞപ്പോള്‍ അവരോട്, എന്നോടൊപ്പം ചേരാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കണോ എന്ന് ഞാന്‍ ആലോചിച്ചു. എന്നാല്‍ ആകെ രണ്ടു മിനുട്ടു മാത്രം സംസാരിച്ച ഒരാളോട് അങ്ങനെ ചോദിക്കുന്നത് മര്യാദകേട് ആകുമോ എന്ന് എനിക്ക് തോന്നി.
എന്നാല്‍ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ എന്റെ ടേബിളിനടുത്തേക്ക് വരികയും ബുദ്ധിമുട്ട് ആകില്ലെങ്കില്‍ എന്നോടൊപ്പം ചേരാമെന്നും പറഞ്ഞു.
അങ്ങനെ 20 മിനുട്ട് നേരം കൊണ്ട് അവസാനിക്കേണ്ട പ്രഭാത ഭക്ഷണം മൂന്നു മണിക്കൂര്‍ നീണ്ട സംഭാഷണമായി മാറി. എന്നേക്കാള്‍ ഏതാനും വയസ് കൂടുതലുള്ള അവര്‍ ഒരു സ്‌കൂളില്‍ നൃത്താധ്യാപികയായി ജോലി ചെയ്യുകയാണ്. ഏതാണ്ടെല്ലാ വിഷയങ്ങളെയും സ്പര്‍ശിച്ചുകൊണ്ടുള്ള മികച്ച സംഭാഷണമായിരുന്നു ഞങ്ങളുടേത്. ബംഗാളി സംസ്‌കാരത്തെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഉള്‍ക്കാഴ്ച എനിക്കതിലൂടെ ലഭിച്ചു. അവര്‍ക്കും സോളോ ട്രാവലിംഗിലും ധ്യാന(Meditation)ത്തിലുമൊക്കെ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ കണ്ടെത്തി. തിയറ്റര്‍ കലാകാരി കൂടിയായ അവര്‍ അഭിനയിച്ച പുതിയ നാടകത്തെ കുറിച്ചും പറഞ്ഞു.
നഗരത്തില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങളെ കുറിച്ച് ഞാനവരോട് ചോദിച്ചു. സൗത്ത് പാര്‍ക്ക് സ്ട്രീറ്റ് സെമിത്തേരി (Scottish Cemetery) ഒഴിവാക്കരുതെന്ന് അവര്‍ പറഞ്ഞു. റസ്റ്റൊറന്റില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയായിരുന്നു അത്. അവിടേക്ക് അവരും എന്നോടൊപ്പം വന്നു. വളരെ മനോഹരമായ സെമിത്തേരിയായിരുന്നു അത്. അതിനു മുമ്പ് ഞാന്‍ അങ്ങനെയൊന്ന് കണ്ടിട്ടുണ്ടായിരുന്നില്ല. വൈരുധ്യമെന്നു പറയട്ടെ ആ സെമിത്തേരി എന്നില്‍ നിറച്ചത് സമാധാനവും പോസിറ്റീവ് എനര്‍ജിയുമായിരുന്നു. അതിനു ശേഷം ഞങ്ങള്‍ പിരിഞ്ഞെങ്കിലും രാത്രി ഡിന്നറിന് വീണ്ടും കണ്ടുമുട്ടി.
2018 ല്‍ ഹിമാചല്‍ പ്രദേശില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. മക്ലോഡ് ഗജ്ജ്, ബിര്‍ എന്നിവിടങ്ങളില്‍ ഏതാനും ദിവസം ചെലവഴിച്ച ശേഷം ഞാന്‍ കാസോളിലേക്ക് തിരിച്ചു. കാസോളില്‍ രണ്ടു ദിവസം ചെലവഴിച്ചപ്പോള്‍ തന്നെ എനിക്ക് വലിയ ഏകാന്തതതോന്നി. ഹോസ്റ്റലിലെ ആരുമായും അടുക്കാന്‍ കഴിഞ്ഞില്ല. എന്റെ യാത്ര ഞാന്‍ പ്രതീക്ഷിച്ച പോലെയൊന്നും ആകുന്നില്ലല്ലോ എന്ന നിരാശ എന്നില്‍ ഉടലെടുത്തു തുടങ്ങി.
കസോളില്‍ നിന്ന് 45 മിനുട്ട് അകലെയുള്ള ഒരു പര്‍വത ഗ്രാമമായ കല്‍ഗയിലേക്ക് തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ നല്ലൊരു ഗസ്റ്റ് ഹൗസില്‍ 250 രൂപയ്ക്ക് ഒറ്റയ്ക്കൊരു മുറി എനിക്ക് ലഭിച്ചു. ഒരു ദിവസം രാവിലെ ഗ്രാമത്തിലൂടെ അലഞ്ഞു തിരിയുന്നതിനിടയില്‍ കോഴിക്കോട്ടു നിന്നുള്ള മലയാളിയായ ഒരു ഇസ്മായിലിനെ കണ്ടുമുട്ടി. ജിപ്സി ഹൗസ് എന്ന പേരില്‍ കല്‍ഗയില്‍ ഒരു ബാക്ക്പായ്ക്കര്‍ ഹോസ്റ്റല്‍ നടത്തുകയാണ് അദ്ദേഹം.
ഏറെ തിരക്കുള്ള ഹോസ്റ്റലിലേക്ക് അദ്ദേഹം എന്നെയും ക്ഷണിച്ചു. ഒരു കപ്പ് ചായയും കടിയും തന്നു. അത് മികച്ച ഒരിടമായി എനിക്ക് തോന്നി.
സൗഹൃദപരമായി പെരുമാറുന്ന കുറേ പേരെ അവിടെ കണ്ടെത്താനായി. രണ്ടു ദിവസത്തിനു ശേഷം ഞാനും ജിപ്സി ഹൗസിലേക്ക് താമസം മാറ്റി.
ഇസ്മായില്‍ ഹോസ്റ്റലില്‍ മിക്കപ്പോഴും ഖവാലി സംഗീതം വെക്കുമായിരുന്നു. അദ്ദേഹത്തിന്റെ പെണ്‍സുഹൃത്ത് ഡ്രീം പോപ് എന്നൊരു സംഗീത വിഭാഗത്തെ എനിക്ക് പരിചയപ്പെടുത്തി. രണ്ടും എനിക്ക് ഇഷ്ടമായി.
ഒരു വൈകുന്നേരം ഹോസ്റ്റലില്‍ ഞങ്ങള്‍ കുറച്ചു പേര്‍ ഒരു ജാപ്പനീസ് സിനിമ കാണുകയായിരുന്നു. അതിനിടയിലാണ് മനോഹരമായൊരു യാഥാര്‍ത്ഥ്യം ഞാന്‍ മനസിലാക്കിയത്. ഏതാനും ദിവസം മുമ്പു വരെ, കൂടെയുള്ള ഒരാളെ പോലും എനിക്ക് പരിചയമുണ്ടായിരുന്നില്ല. ഞാനാകട്ടെ ഒറ്റപ്പെട്ട് നിരാശനായി ഇരിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ അപരിചിതരായിരുന്ന ആളുകള്‍ സുഹൃത്തുക്കളായി മാറിയിരിക്കുന്നു. ഒരു ഹിമാലയന്‍ ഗ്രാമത്തിലിരുന്ന് ചിരിക്കുകയും കഥകള്‍ പങ്കുവെക്കുകയും ഒരുമിച്ചിരുന്ന് ജാപ്പാനീസ് സിനിമ കാണുകയും ചെയ്യുന്നു.
ഒറ്റയ്ക്കുള്ള യാത്രകള്‍ എല്ലായ്പ്പോഴും സുഗമമായിരിക്കണമെന്നില്ല. പലപ്പോഴും അസ്വസ്ഥതയും അനിശ്ചിതത്വങ്ങളുമുണ്ടാകാം. പക്ഷേ ചിലപ്പോള്‍ കാര്യങ്ങള്‍ മാറിമറിയാം. നിങ്ങള്‍ കണ്ടു മുട്ടുന്ന ആളുകളോ, നിങ്ങള്‍ നടത്തുന്ന സംഭാഷണങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും സംഗീതമോ മതിയാകും, എല്ലാ അസ്വസ്ഥതകള്‍ക്കും നിരാശകള്‍ക്കും മേലെ നില്‍ക്കാന്‍.
(Originally published in Dhanam Magazine 31 May 2025 issue.)
The Magic of Solo Traveling: Three Experiences While Traveling.
Read DhanamOnline in English
Subscribe to Dhanam Magazine