ഷാരൂഖ് ഖാന്റെ സ്വത്ത് നമ്മള്‍ സങ്കല്‍പിക്കുന്നതിനും അപ്പുറത്താണ്‌...

ഹുറുൺ പുറത്തുവിട്ട ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാനും ഇടംപിടിച്ചിരിക്കുകയാണ്. 7,300 കോടി രൂപയാണ് ഷാരൂഖിന്റെ ആസ്തി. ബോളിവുഡ് നടി ജൂഹി ചൗളയുമായി പങ്കാളിത്തത്തില്‍ സ്ഥാപിച്ച ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഭാര്യ ഗൗരിയുമായി ചേര്‍ന്ന് നടത്തുന്ന ഫിലിം നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് എന്നിവ അഭിനയം കൂടാതെ ഷാരൂഖിന്റെ പ്രധാന വരുമാന സ്രോതസ്സുകളാണ്.
ഷാരൂഖിന്റെ മുംബൈയിലെ വസതിയായ മന്നത്തിന് 200 കോടി രൂപയാണ് വിലമതിക്കുന്നത്. ഷാരൂഖിനും ഗൗരി ഖാനും ന്യൂഡൽഹിയിലെ പഞ്ച്ഷീൽ പാർക്കിലും വീട് സ്വന്തമായുണ്ട്.

ഐ.പി.എൽ ടീം

ഐ.പി.എൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയാണ് ഷാരൂഖ്. 2012, 2014, 2024 എന്നിവയുൾപ്പെടെ മൂന്ന് തവണ ടീം ഐ.പി.എൽ ജേതാക്കളായി. ഷാരൂഖ് ഖാനൊപ്പം ബോളിവുഡ് താരം ജൂഹി ചൗളയ്ക്കും ടീമിൽ നിക്ഷേപമുണ്ട്. ജൂഹി ചൗളയും ഷാരൂഖ് ഖാനും തമ്മിലുളളത് പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമാണ്. 1.1 ബില്യണ്‍ ഡോളര്‍ മൂല്യമുളള ടീമാണ് നൈറ്റ് റൈഡേഴ്സ്. കൂടാതെ പ്രശസ്ത അന്താരാഷ്ട്ര കമ്പനികളുടെ പരസ്യങ്ങള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ നിന്നും താരത്തിന് വലിയ വരുമാനം ലഭിക്കുന്നുണ്ട്.
ജൂഹി ഷാരൂഖിന്റെ ആദ്യകാല നായികമാരില്‍ ഒരാളായിരുന്നു. ഡർ, യെസ് ബോസ് തുടങ്ങിയ ഹിറ്റ് സിനിമകൾ ഇരുവരും ചേര്‍ന്നാണ് നിർമിച്ചത്. ഇപ്പോൾ പ്രവർത്തനത്തില്‍ ഇല്ലാത്ത പ്രൊഡക്ഷൻ കമ്പനിയായ ഡ്രീംസ് അൺലിമിറ്റഡിന്റെ ബാനറിലാണ് ഇരുവരും സിനിമകള്‍ നിര്‍മിച്ചത്.
പ്രൊഡക്ഷന്‍ കമ്പനി
ഷാരൂഖ് ഖാന്‍ ഭാര്യ ഗൗരി ഖാനുമായി ചേര്‍ന്ന് ആരംഭിച്ച പ്രൊഡക്ഷൻ കമ്പനിയാണ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്. ഓം ശാന്തി ഓം, ജവാൻ, ചെന്നൈ എക്സ്പ്രസ് , മേം ഹൂ നാ തുടങ്ങിയ വിജയ ചിത്രങ്ങള്‍ നിര്‍മിച്ചത് ഈ കമ്പനിയാണ്. ഡാർലിംഗ്സ്, ലവ് ഹോസ്റ്റൽ, ബോബ് ബിശ്വാസ്, കാമ്യബ് തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ് കമ്പനി അടുത്തിടെ നിര്‍മിച്ചത്. റെഡ് ചില്ലീസ് പുതുതായി ഒ.ടി.ടി മേഖലയിലേക്കും കടന്നിരിക്കുകയാണ്.
100 ലധികം സിനിമകളില്‍ ഷാരൂഖ് ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാജ്കുമാർ ഹിരാനിയുടെ ഡങ്കി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. 2023 ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റെ പത്താൻ, ജവാൻ എന്നീ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റുകളായിരുന്നു.
സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് നെക്സ്റ്റ് എന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാൻ നിലവില്‍ അഭിനയിക്കുന്നത്. 10 കോടി രൂപ വില മതിക്കുന്ന പുതിയ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക്ക് ബാഡ്ജ് കഴിഞ്ഞ വർഷമാണ് തന്റെ വാഹന ശേഖരത്തില്‍ താരം ഉള്‍പ്പെടുത്തിയത്. സമൂഹ മാധ്യമമായ എക്സില്‍ 44.1 ദശലക്ഷം ഫോളോവേഴ്സാണ് താരത്തിനുളളത്. ഹുറുൺ ഇന്ത്യ 2024 പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുളള വ്യക്തിയാണ് ഷാരൂഖ്.

ഫോർബ്‌സ് പട്ടികയിലും ഇടം

കൂടാതെ, ഫോർബ്‌സിന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിലും ഷാരൂഖ് ഖാന്‍ ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബോക്‌സ് ഓഫീസിൽ മൂന്ന് വമ്പന്‍ ഹിറ്റുകളാണ് താരം സ്വന്തമാക്കിയത്. 2023 ൽ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും ധനികരായ 8 അഭിനേതാക്കളുടെ പട്ടികയിൽ ഷാറൂഖ് നാലാം സ്ഥാനത്തെത്തി. ടോം ക്രൂസ്, ജാക്കി ചാൻ, ജോർജ് ക്ലൂണി തുടങ്ങിയവരെ പട്ടികയില്‍ പിന്തളളാനും താരത്തിന് സാധിച്ചു.
ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ജൂഹി ചൗള, ഹൃത്വിക് റോഷൻ, കരൺ ജോഹർ തുടങ്ങിയവരും ഹുറുൺ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it