ഒരു ഇ.ഡി അന്വേഷണത്തിന്റെ പിന്നാമ്പുറം, അനില്‍ അംബാനിയും ടിനയും ഇ.ഡിയില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ട്?

മുന്‍പ് അധികാര കേന്ദ്രങ്ങളോട് അടുത്തു നില്‍ക്കുന്ന വ്യവസായികളില്‍ ഒരാളായിരുന്ന അനില്‍ അംബാനിക്കെതിരെയാണ് ഇപ്പോള്‍ ശക്തമായ നടപടി എടുക്കുന്നത്
ഒരു ഇ.ഡി അന്വേഷണത്തിന്റെ പിന്നാമ്പുറം, അനില്‍ അംബാനിയും ടിനയും ഇ.ഡിയില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറുന്നത് എന്തുകൊണ്ട്?
Published on

വരണ്ടുണങ്ങിയ ബിസിനസ് സാമ്രാജ്യം. എടുത്താല്‍ പൊങ്ങാത്ത കടബാധ്യതകള്‍. പിടിപ്പുകേടില്‍ തകര്‍ന്നു വീണ കോര്‍പറേറ്റ് ഭീമന്‍... ഏറെക്കാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യവസായി അനില്‍ അംബാനിയുടെ കുടുംബം വീണ്ടും വിവാദ വാര്‍ത്തകളുടെയും സംഭവ പരമ്പരകളുടെയും നീര്‍ച്ചുഴിയില്‍. അനില്‍ അംബാനിയുടെ ഭാര്യയും നടിയുമായ ടിന അംബാനിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിച്ചു. ഒന്നല്ല രണ്ടുവട്ടം. എന്നാല്‍ സമന്‍സ് പ്രകാരം ടിന അംബാനി ഇ.ഡിക്ക് മുന്നില്‍ ഹാജരായില്ല. നേരത്തെ അനില്‍ അംബാനിയും പോയില്ല. എന്തുകൊണ്ട്? ഇനി എന്താണ് ടിനക്കും ഇ.ഡിക്കും മുന്നിലുള്ള വഴികള്‍? എന്താണ് ഈ സംഭവങ്ങളുടെ പിന്നില്‍? രാഷ്ട്രീയ നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടോ? പരിശോധിക്കാം.

കേസ് എന്താണ്?

അനില്‍ അംബാനി നയിക്കുന്ന റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിപുലമായ കേസിന്റെ ഭാഗമായാണ് ഈ നടപടികള്‍. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ മുന്‍ പ്രസിഡന്റായ പുനിത് ഗര്‍ഗിനെ അന്വേഷണ ഏജന്‍സി മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ടിനക്കു പുറമെ, അനില്‍ അംബാനിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി. വിളിപ്പിച്ചിട്ടുണ്ട്. ഇ.ഡി പ്രധാനമായും പരിശോധിക്കുന്ന കാര്യങ്ങള്‍ ഇവയാണ്: ബാങ്കുകളില്‍നിന്ന് എടുത്ത വായ്പകള്‍ ഏതൊക്കെ? അത്തരത്തില്‍ എടുത്ത വായ്പകള്‍ വഴിവിട്ട് ചെലവാക്കിയോ? നിഴല്‍ കമ്പനി (shell company)കള്‍ വഴിയുള്ള ഇടപാടുകളുണ്ടോ?

എന്താണ് അന്വേഷണം?

അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള ചില കമ്പനികള്‍ - പ്രത്യേകിച്ച് ടെലികോം, ഫിനാന്‍സ് മേഖലയിലുള്ള സ്ഥാപനങ്ങള്‍ - ബാങ്കുകളില്‍ നിന്ന് വലിയ തോതില്‍ വായ്പയെടുത്ത ശേഷം അതിലെ ഒരു ഭാഗം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് തിരിച്ച് വിട്ടതായും അനധികൃതമായി ഉപയോഗിച്ചതായും ഇ.ഡി സംശയിക്കുന്നു. അങ്ങനെയാണെങ്കില്‍ അത് പൊതുമേഖല ബാങ്കുകളിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമാണ്. മുന്‍കാലത്തെ പല സംഭവങ്ങള്‍ വെച്ചു നോക്കിയാല്‍, കോര്‍പറേറ്റുകളുമായി ഒത്തുകളിച്ചു, ബാങ്കുകളുടെ പണം തട്ടിയെടുക്കാന്‍ കൂട്ടു നിന്നു തുടങ്ങിയ ആരോപണങ്ങള്‍ സര്‍ക്കാറിന് നേരിടേണ്ടി വരാം. അത് രാഷ്ട്രീയ വിഷയമായി വളരാനും സര്‍ക്കാറിന്റെ പ്രതിഛായ നഷ്ടപ്പെടാനും ഇടയാകാം. അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടെന്ന് കരുതണം. മുന്‍പ് അധികാര കേന്ദ്രങ്ങളോട് അടുത്തു നില്‍ക്കുന്ന വ്യവസായികളില്‍ ഒരാളായിരുന്ന അനില്‍ അംബാനിക്കെതിരെയാണ് ഇപ്പോള്‍ ശക്തമായ നടപടി എടുക്കുന്നത്.

ടിന അംബാനി എന്തുകൊണ്ട് ഹാജരായില്ല?

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടിരിക്കാമെന്നാണ് സൂചന. കള്ളപ്പണ നിരോധന നിയമ (Prevention of Money Laundering Act) പ്രകാരം സമന്‍സ് ലഭിച്ചാല്‍ ഒരാള്‍ ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ നിയമപരമായി ബാധ്യസ്ഥമാണ്. എന്നാല്‍ അതിന് സാവകാശം ആവശ്യപ്പെടുന്നത് അസാധാരണമല്ല. ആദ്യം ഹാജരായില്ലെന്നു കരുതി അറസ്റ്റ് നടപടികള്‍ ഉണ്ടാകാറില്ല. ആവര്‍ത്തിച്ച് ഹാജരാകാതിരുന്നാല്‍ മാത്രമാണ് ശക്തമായ നടപടി പരിഗണിക്കുക. ഇതിനകം ടിന അംബാനിക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല.

സ്വത്തുക്കള്‍ താത്കാലികമായി ഇ.ഡി അറ്റാച്ച് ചെയ്തതോടെ ബന്ധപ്പെട്ട കമ്പനികളുടെ സാമ്പത്തിക നിലയിലും വിപണി വിശ്വാസത്തിലും അനിശ്ചിതത്വം വര്‍ധിച്ചു. ബാങ്ക് വായ്പകള്‍ കിട്ടാക്കടമായതും കോര്‍പറേറ്റ് തകര്‍ച്ചകളും ഇതിനുമുമ്പ് തന്നെ ഗ്രൂപ്പിനെ ബാധിച്ചിരുന്നു. ഈ അന്വേഷണം കമ്പനികളുടെ ഭാവി യെത്തന്നെ ബാധിക്കുമോ എന്ന ആശങ്ക നിക്ഷേപകരില്‍ നിലനില്‍ക്കുന്നു.

ഇനി ഇഡി എന്ത് ചെയ്യും?

രണ്ടുവട്ടം ഹാജരാകാതിരുന്ന ടിനക്കെിരെ ഇ.ഡിക്കു മുമ്പിലുള്ള നിയമപരമായ വഴികള്‍ പലതുണ്ട്. വീണ്ടും സമന്‍സ് അയക്കാം. ഹാജരാകാത്തവര്‍ക്ക് പുതിയ തീയതി നിശ്ചയിക്കാം. വേണമെങ്കില്‍ ആസ്തി താത്കാലികമായി കണ്ടുകെട്ടാം. കുറ്റകരമായ വരുമാനമെന്ന് തെളിയിച്ചാല്‍, അറസ്റ്റ് (തെളിവുണ്ടെങ്കില്‍ മാത്രം) ചെയ്യാം. കുറ്റവിചാരണക്ക് ഹരജി നല്‍കാം. സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളത് വഴിവിട്ട പണമിടപാടിന് വ്യക്തമായ തെളിവില്ലാതെ കര്‍ശന നടപടികള്‍ സ്വീകരിക്കരുതെന്നാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com