ഈ ടാറ്റ കമ്പനി 2024 ഓടെ വായ്പരഹിതമാകും, വമ്പന്‍ പ്രഖ്യാപനവുമായി എന്‍ ചന്ദ്രശേഖരന്‍

തങ്ങളുടെ കീഴിലുള്ള കമ്പനികളുടെ കടം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ടാറ്റ. നേരത്തെ, ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ വായ്പ കുറയ്ക്കുന്നതിന് ഗ്രൂപ്പ് വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. സമാനമായി ഗ്രൂപ്പിന് കീഴിലുള്ള ഓട്ടോ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിനെ വായ്പരഹിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഇപ്പോള്‍ മൂന്ന് ബിസിനസ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന ടാറ്റ മോട്ടോഴ്സിനെ 2024 ഓടെ വായ്പ രഹിതമാക്കുമെന്ന് ടാറ്റ മോട്ടോഴ്സിന്റെ ചെയര്‍മാനും നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എന്‍ ചന്ദ്രശേഖരനാണ് വ്യക്തമാക്കിയത്.

''ഈ ബിസിനസുകള്‍ ഓരോന്നും സ്വയം നിലനില്‍ക്കുന്നതാണ്, ഇത് 2024 സാമ്പത്തിക വര്‍ഷത്തോടെ പൂജ്യം കടത്തിലെത്തുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്'' എന്‍ ചന്ദ്രശേഖരന്‍ കമ്പനിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. വാണിജ്യ വാഹനങ്ങള്‍ (സിവി), പാസഞ്ചര്‍ വാഹനങ്ങള്‍ (പിവി), ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) എന്നിങ്ങനെ മൂന്ന് സ്വതന്ത്ര ബിസിനസ് യൂണിറ്റുകളായാണ് ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പാട്ടം ഉള്‍പ്പെടെയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ 2022 സാമ്പത്തിക വര്‍ഷത്തിലെ കടം 48,679 കോടി രൂപയാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 40,876 കോടി രൂപയും 2020 സാമ്പത്തിക വര്‍ഷത്തില്‍ 48,282 കോടി രൂപയുമാണ് ഓട്ടോ കമ്പനിയുടെ കടം.
മുംബൈ നഗരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഓട്ടോമോട്ടീവ് നിര്‍മാണ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്. 1945 ല്‍ സ്ഥാപിതമായ കമ്പനി നേപത്തെ ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനി (ടെല്‍കോ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ന് ഓഹരി വിപണിയില്‍ 406.50 രൂപ എന്ന നിലയിലാണ് ടാറ്റ മോട്ടോഴ്‌സ് വ്യാപാരം അവസാനിപ്പിച്ചത്.


Related Articles
Next Story
Videos
Share it