സൗജന്യം: ഒരു സംഭവ കഥ

കെ.എൽ മോഹനവർമ്മ

നാല്‍പ്പതു കൊല്ലം മുമ്പത്തെ കഥയാണ്. കറുത്ത് തടിച്ച കുള്ളനായ നാഗരാജന്‍ എന്റെ അടുത്ത സുഹ്യത്തായിരുന്നു. എന്തു പറഞ്ഞാലും കൈയും ശരീരവും ഇളക്കി ആംഗ്യം കാട്ടിയേ സംസാരിക്കൂ.

തൂത്തുക്കുടിയില്‍ ഫിഷറീസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ഇടയ്ക്ക് ഔദ്യോഗികകാര്യത്തിനായി കൊച്ചിയില്‍ വരും. ഞാന്‍ അക്കാലത്ത് ജോലി ചെയ്തിരുന്ന ഭാരതസര്‍ക്കാര്‍ സ്ഥാപനത്തിലെ ഗസ്റ്റ് ഹൗസിലാണ് താമസം.

വൈകിട്ട് ഞങ്ങള്‍ ടേബിള്‍ടെന്നീസ് കളിക്കും. ഭക്ഷണം കഴിഞ്ഞ് ഉറക്കം വരുന്നതു വരെ നാഗരാജന്‍ കഥകള്‍ പറയും. ഒരു തവണ നാഗരാജന്‍ വന്നത് ഒരു പുതിയ മീന്‍പിടുത്തക്കപ്പലിലായിരുന്നു. തമിഴ്‌നാടിന് രണ്ടു ആധുനിക ജാപ്പനീസ് കപ്പലുകള്‍ ലഭിച്ച വിവരം അറിഞ്ഞിരുന്നു. അക്കാലത്തെ ഏറ്റവും മോഡേണ്‍ സംവിധാനങ്ങളുള്ള ട്രോളര്‍. കയറിക്കണ്ടു. അസൂയ തോന്നി. ഞങ്ങളുടെ സ്ഥാപനവും ഇത്തരം കപ്പല്‍ കിട്ടാന്‍ ശ്രമിച്ചതാണ്. കിട്ടിയില്ല.

അന്ന് നാഗരാജന്‍ ആ കഥ പറഞ്ഞു.

എന്റെ വര്‍മ്മസ്സാര്‍, ഇത് സര്‍ക്കാര്‍ വികസന അജണ്ടയിലെ കപ്പലാണ്. എനിക്കു മനസിലായില്ല. പക്ഷെ നാഗരാജന്‍ കാര്യം വിശദീകരിച്ചപ്പോള്‍ സംഭവം പിടികിട്ടി.

ജപ്പാനിലെ കപ്പല്‍ നിര്‍മാണ വ്യവസായം ആഗോള വിപണിയിലെ കടുത്ത മത്സരത്തില്‍ അന്ന് വീര്‍പ്പുമുട്ടുകയാണ്. ജപ്പാന്‍ സര്‍ക്കാര്‍ ഒരു പദ്ധതി തയാറാക്കി. ഒരു അത്യാധുനിക മത്സ്യബന്ധനക്കപ്പല്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ച് അതിന്റെ എല്ലാ അനുബന്ധ സൗകര്യങ്ങളോടും കൂടി മാര്‍ക്കറ്റില്‍ ഇറക്കുക. പക്ഷെ നോക്കിയപ്പോള്‍ അതിന് വില കൂടുതലാകുന്നു. വാങ്ങാന്‍ ആളെ കിട്ടുന്നില്ല.

ജപ്പാന്‍ തികച്ചും മൗലികമല്ലെങ്കിലും വിജയകരമായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു മാര്‍ക്കറ്റിംഗ് ശൈലി കൊണ്ടുവന്നു.

ഇന്ത്യയ്ക്ക് ഒരു തുടക്കമെന്നു പറഞ്ഞ് ഈ സുന്ദരന്‍ മത്സ്യബന്ധനക്കപ്പലുകള്‍ സമ്മാനമായി നല്‍കുക. ഈ സമ്മാനത്തിന് പിന്നില്‍ ചരടില്ല എന്നു തോന്നിപ്പിക്കാനായി കടമരത്തിലോ വള്ളത്തിലോ ഫിറ്റു ചെയ്യാവുന്ന ഇരുപതിനായിരം ഓട്ടോ ബോര്‍ഡ് എന്‍ജിനുകളും ഒപ്പം നല്‍കുക. കപ്പലുകള്‍ ഫ്രീ.

എന്‍ജിനുകള്‍ക്ക് മാര്‍ക്കറ്റ് വില. പക്ഷെ അത് വാങ്ങാന്‍ പണം ജപ്പാന്‍ അര ശതമാനം ആണ്ടു പലിശയ്ക്ക് കടമായി തരും. അഞ്ചു കൊല്ലം കഴിഞ്ഞ് രൂപയായി തിരികെ കൊടുത്താല്‍ മതി. ഭാരതസര്‍ക്കാര്‍ സന്തോഷത്തോടെ, നന്ദിയോടെ, രണ്ടും വാങ്ങി.

രാഷ്ട്രീയ സാഹചര്യം കാരണം കേന്ദ്രത്തില്‍ നിന്ന് ഈ ജപ്പാന്‍ സഹായത്തിന്റെ പകുതിയും തമിഴ്‌നാടിന് സ്വന്തമാക്കാന്‍ കഴിഞ്ഞു. എന്നിട്ട്? എന്നിട്ടെന്താ? ഫ്രീയായി ലഭിച്ച ജപ്പാന്‍ കപ്പലുകളുടെ അറ്റകുറ്റപ്പണിയും, സ്‌പെയര്‍ പാര്‍ട്ട്‌സും, അവയിലെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഫ്രീയല്ല. അതിന്റെ റേറ്റുകള്‍ സാധാരണ മാര്‍ക്കറ്റ് റേറ്റിന്റെ പതിന്മടങ്ങായിരിക്കും. പക്ഷെ ആരും അത് അന്വേഷിക്കാറില്ല. ഈ സാമ്പത്തിക വ്യവസായിക പുരോഗതിയിലും ഏറ്റവുമധികം ശക്തിയുള്ള വോട്ട് കൈവശം വച്ചിരിക്കുന്ന പാവപ്പെട്ടവര്‍ ജപ്പാന്‍ കപ്പല്‍ പോലെയുള്ള വികസനത്തിന്റെ മനോഹരമായ ആകര്‍ഷണീയതില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല.

എഫ് ബി പോസ്റ്റിന്റെ ചുരുക്കരൂപം

Related Articles
Next Story
Videos
Share it