രത്തന്‍ ടാറ്റ അന്തരിച്ചു.. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം, 86 വയസായിരുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ടാറ്റ സൺസിൻ്റെ മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ​ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയാണ് രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളുകയും പ്രായമായതിനാൽ താൻ പതിവ് വൈദ്യപരിശോധനയ്ക്ക് വിധേയനാണെന്ന് പറയുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികൾ അർപ്പിച്ചു , "കരുണയുള്ള ആത്മാവും അസാധാരണ മനുഷ്യനും" എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

"രത്തൻ ടാറ്റ ഒരു കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. ബിസിനസ്സിലും ജീവകാരുണ്യത്തിലും അദ്ദേഹം ശാശ്വതമായ വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിൻ്റെ കുടുംബത്തിനും ടാറ്റ സമൂഹത്തിനും എൻ്റെ അനുശോചനം" രാഹുൽ ഗാന്ധി പറഞ്ഞു.

വ്യവസായ ഭീമനെ പ്രശംസിച്ചുകൊണ്ട് ഗൗതം അദാനി പറഞ്ഞു, "അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല".

രത്തൻ ടാറ്റയുടെ അഭാവം അംഗീകരിക്കാൻ കഴിയിയുന്നില്ലെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര പറഞ്ഞു.

അദ്ദേഹം ടാറ്റ ഗ്രൂപ്പിനെ നയിച്ച 21 വർഷത്തിനിടയിൽ വരുമാനം 40 മടങ്ങ് വർദ്ധിച്ചു. അതുപോലെ ലാഭത്തിലും 50 മടങ്ങ് വർദ്ധനവുണ്ടായി.അദ്ദേഹത്തിൻ്റെ കീഴിൽ ടാറ്റ ഗ്രൂപ്പ് ടെറ്റ്‌ലി, ജാഗ്വാർ ലാൻഡ് റോവർ, കോറസ് എന്നീ ഭീമന്‍ ഏറ്റെടുക്കലുകള്‍ നടത്തി. 75 വയസ്സ് തികഞ്ഞപ്പോൾ, 2012 ഡിസംബർ 28-ന് ടാറ്റ ഗ്രൂപ്പിലെ തൻ്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ രത്തൻ ടാറ്റ രാജിവച്ചു. സാധാരണക്കാര്‍ക്കായി ടാറ്റ നാനോ കാര്‍ യാഥാര്‍ത്ഥ്യമാക്കിയത് അദ്ദേഹമായിരുന്നു.1961 ല്‍ ടാറ്റ സ്റ്റീല്‍സില്‍ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച അദ്ദേഹം ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് ജനനം.

Related Articles
Next Story
Videos
Share it