

രണ്ട് പതിറ്റാണ്ടിലേറെ കാലം 'ദൈവങ്ങളുടെ ഭക്ഷണം' ജനങ്ങള്‍ക്ക് നല്‍കിയ സഹോദരിമാര്‍ ഇനി കോടികളുടെ അധിപരാകും. മുംബൈയിലെ കൊളാബ കോസ്‌വേയില്‍ മധുരമുള്ള ബേക്കറി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ തുടക്കം കുറിച്ച് ഇന്ത്യയിലെ 30 നഗരങ്ങളിലേക്ക് വളര്‍ന്ന സംരംഭമാണ് കോടികളുടെ ഏറ്റെടുക്കലില്‍ എത്തി നില്‍ക്കുന്നത്. മധുര പ്രിയര്‍ക്കിടയില്‍ പ്രശസ്തമായ തിയോബ്രോമ ബേക്കറിയെ 2,410 കോടി രൂപക്കാണ് ക്രിസില്‍ കാപിറ്റല്‍ ഏറ്റെടുക്കുന്നത്.
തിയോബ്രോമ എന്ന വാക്ക് ഗ്രീക്കാണ്. തിയോസ് (ദൈവം), ബ്രോമ (ഭക്ഷണം) എന്നീ രണ്ട് വാക്കുകള്‍ ചേര്‍ന്ന് ദൈവത്തിന്റെ ഭക്ഷണം എന്ന് അര്‍ത്ഥം വരുന്ന പേരാണ് മുംബൈയിലെ സഹോദരിമാരായ കൈനാസ് മെസ്മാന്‍ ഹര്‍ചന്ദ്രയും ടിന മെസ്മാന്‍ വൈക്‌സും ചേര്‍ന്ന് തുടങ്ങിയ ബേക്കറിക്ക് നല്‍കിയത്. ഇന്ത്യയില്‍ ബേക്കറി ബിസിനസ് വളര്‍ന്ന് തുടങ്ങുന്ന അക്കാലത്ത് മധുരമുള്ള കേക്കുകളും ബിസ്‌ക്കറ്റുകളും നിര്‍മിച്ച് ഈ സഹോദരിമാര്‍ അതിവേഗം ജനങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരായി മാറി.
കൈനാസ് മെസ്മാന്‍ കുട്ടിക്കാലം മുതല്‍ തന്നെ മികച്ചൊരു ഷെഫ് ആകാന്‍ ആഗ്രഹിച്ചിരുന്നു. മുബൈയിലെ ഹോട്ടല്‍മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡല്‍ഹിയിലെ ഒബറോയ് സെന്റര്‍ ഓഫ് ലേണിംഗ് ആന്റ് ഡെലവപ്‌മെന്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഒബറോയ് ഉദയ് വിലാസില്‍ പേസ്ട്രി ഷെഫായി ജോലി. ഏറെ വൈകാതെ സഹോദരി ടിനയുമായി ചേര്‍ന്ന് തിയോബ്രോമക്ക് തുടക്കമിട്ടു. വൈവിധ്യമാര്‍ന്ന മധുര പലഹാരങ്ങളിലൂടെ വിപണി പിടിച്ചെടുത്ത സഹോദരിമാരുടെ കീഴില്‍ തിയോബ്രോമ 30 നഗരങ്ങളിലേക്ക് വളര്‍ന്ന ബേക്കറി ശൃംഖലയായി മാറി.
ക്രിസില്‍ കാപിറ്റല്‍ ഇന്ത്യയില്‍ വന്‍കിട ഭക്ഷ്യ ശൃംഖല ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് തിയോബ്രോമയെ സ്വന്തമാക്കുന്നത്. കമ്പനിയുടെ 90 ശതമാനം ഓഹരികളാണ് അവര്‍ വാങ്ങുന്നത്. കമ്പനിയില്‍ നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ള ഐസിഐസിഐ വെന്‍ച്വേഴ്‌സിന്റെ കൈവശമുള്ള ഓഹരികളും ഇതില്‍ ഉള്‍പ്പെടും. അവര്‍ക്ക് 42 ശതമാനം ഓഹരികളുണ്ട്. മെസ്മാന്‍ സഹോദരിമാര്‍ക്ക് ഇനി കമ്പനിയില്‍ 10 ശതമാനം ഓഹരികളാണ് ഉണ്ടാകുക. ക്രിസില്‍ കാപിറ്റലിന്റെ പദ്ധതി പ്രകാരം പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ ദ ബെല്‍ജിയന്‍ വാഫ്ള്‍സിനെയും ഏറ്റെടുക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine