പവര്‍ കട്ടില്ല, പുറത്തുനിന്ന് വൈദ്യുതി വാങ്ങും
സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കേരളത്തിലെ ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് മാത്രം ആവശ്യമായ വൈദ്യുതി ഉല്‍പ്പാദനം സാധ്യമാകാത്ത സാഹചര്യത്തില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാണ് തീരുമാനം. ഇതിനായി പ്രത്യേക പദ്ധതി തയാറാക്കും.
കൂടാതെ നിലവില്‍ തുടരുന്നത് പോലെ പുറത്തു നിന്ന് സെപ്തംബര്‍ 4 വരെ വൈദ്യുതി വാങ്ങും. അതേസമയം അടുത്ത മാസവും യൂണിറ്റിനു ആകെ 19 പൈസ നിരക്കില്‍ സര്‍ ചാര്‍ജ് ഈടാക്കും.
കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുക. നിരക്ക് വര്‍ധനയുള്‍പ്പെടെ കാര്യങ്ങളില്‍ നിലവില്‍ തീരുമാനമെടുക്കേണ്ടെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.