ഈ മെട്രോ സ്‌റ്റേഷനുകളില്‍ വിമാനയാത്രികര്‍ക്ക് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സൗകര്യം: ഡി.എം.ആര്‍.സിയുടെ പുതിയ തീരുമാനം ഇങ്ങനെ

എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലെ രണ്ട് സ്‌റ്റേഷനുകളില്‍ വിദേശ വിമാന യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സൗകര്യം ഏര്‍പ്പെടുത്തി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി). ന്യൂഡല്‍ഹി, ശിവാജി സ്റ്റേഡിയം മെട്രോ സ്‌റ്റേഷനുകളിലാണ് ഈ സൗകര്യമുണ്ടാവുക. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (ഡി.ഐ.എ.എല്‍), എയര്‍ ഇന്ത്യ, വിസ്താര എയര്‍ലൈന്‍സ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ സൗകര്യമേര്‍പ്പടുത്തിയത്.
നേരത്തെ ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സംവിധാനമാണ് ഇപ്പോള്‍ വിദേശ യാത്രക്കാര്‍ക്ക് കൂടി അനുവദിച്ചത്. തുടക്കത്തില്‍ എയര്‍ ഇന്ത്യ, എയര്‍ വിസ്താര എന്നീ എയര്‍ലൈനുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക. അധികം വൈകാതെ കൂടുതല്‍ എയര്‍ലൈനുകള്‍ ഇതിലേക്ക് വരുമെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ പറഞ്ഞു.
ന്യൂഡല്‍ഹി ശിവാജി സ്റ്റേഡിയം സ്റ്റേഷനുകളില്‍ ഡ്രോപ്പ് ചെയ്യുന്ന ബാഗേജുകള്‍ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിലേക്ക് ലഗേജും ചുമന്നുകൊണ്ട് പോകുന്നത് ഒഴിവാക്കാം. ഇരു മെട്രോ സ്‌റ്റേഷനുകളിലും ചെക്ക് ഇന്‍ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. മിക്ക സമയങ്ങളിലും കനത്ത തിരക്ക് അനുഭവപ്പെടുന്ന വിമാനത്താവളമാണ് ഡല്‍ഹി. വിമാനത്താവളത്തിലെ നീണ്ട നിര ഒഴിവാക്കി സുഗമമായി യാത്ര ചെയ്യാമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനോടകം തന്നെ നിരവധി യാത്രക്കാര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തിയെന്നും ഡി.എം.ആര്‍.സി വ്യക്തമാക്കി.
നാലാം ഘട്ടം നിര്‍മിത ബുദ്ധി
ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തില്‍ നിര്‍മിത ബുദ്ധി അടക്കമുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വികാസ് കുമാര്‍ പറഞ്ഞു. യാത്രക്കാരുടെ തിരക്ക് മനസിലാക്കി കോച്ചുകളുടെ എണ്ണം ക്രമീകരിച്ച് സര്‍വീസ് നടത്താനുള്ള തരത്തിലേക്ക് നിര്‍മിത ബുദ്ധിയെ ഉപയോഗിക്കും. കൂടുതല്‍ യാത്രക്കാരുള്ളപ്പോള്‍ കോച്ചുകളുടെ എണ്ണം കൂട്ടാനും യാത്രക്കാര്‍ കുറയുമ്പോള്‍ കോച്ചുകളുടെ എണ്ണം ചുരുക്കാനും ഇതുവഴി കഴിയും. കൂടാതെ മെട്രോയിലെ തിരക്ക് നിയന്ത്രിക്കാന്‍ സി.സി.ടി.വി നീരീക്ഷണത്തോടൊപ്പം നിര്‍മിത ബുദ്ധി കൂടി ചേര്‍ക്കും. ട്രെയിനുകളുടെ അറ്റകുറ്റപ്പണി കാലേക്കൂട്ടി മനസിലാക്കാനും നിര്‍മിത ബുദ്ധിക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
Next Story
Videos
Share it