വീസ നിരസിക്കുന്നതില്‍ ഈ ഷെന്‍ഗെന്‍ രാജ്യങ്ങള്‍ മുന്നില്‍; അപേക്ഷിക്കുംമുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വീസ അപേക്ഷ നിരസിച്ച ഷെന്‍ഗെന്‍ (Schengen) രാജ്യങ്ങളില്‍ മുന്നില്‍ ഫ്രാന്‍സ്. 26.7 ശതമാനം ആപേക്ഷകളും ഫ്രാന്‍സ് നിരസിച്ചു. 4,36,893 അപേക്ഷകര്‍ക്കും വീസ ലഭിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഷെന്‍ഗെന്‍ രാജ്യങ്ങളില്‍ കൂടുതല്‍ വീസ അപേക്ഷ ലഭിക്കുന്നതും ഫ്രാന്‍സിനാണ്.
ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ പുതിയ ലക്ഷ്യകേന്ദ്രമായി ഷെന്‍ഗെന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ട്. ഒരൊറ്റ വീസയില്‍ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് ഇതിന്റെ കാരണങ്ങളിലൊന്ന്. എന്നാല്‍ ഷെന്‍ഗെന്‍ വീസ കിട്ടുകയെന്നത് വലിയൊരു കടമ്പയാണ്.
നിരസിച്ച് 16 ലക്ഷം അപേക്ഷകള്‍
2023ല്‍ മാത്രം 16 ലക്ഷം വീസ അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. അപേക്ഷിക്കപ്പെട്ടതിന്റെ 15.8 ശതമാനം വരുമിത്. 2022ലെ 17.9 ശതമാനം നിരസിക്കലില്‍ നിന്ന് കുറവുണ്ടായെന്നത് മാത്രമാണ് ആശ്വാസം പകരുന്ന കാര്യം.
വീസ അപേക്ഷ നിരസിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സിന് പിന്നില്‍ സ്‌പെയിന്‍ ആണ്. 15.3 ശതമാനമാണ് സ്‌പെയിനിന്റെ നിരസിക്കല്‍ നിരക്ക്. 2,51,470 അപേക്ഷകള്‍ ഇക്കാലയളവില്‍ തിരസ്‌കരിക്കപ്പെട്ടു. ജര്‍മനി (12.7), ഇറ്റലി (8.17), ഗ്രീസ് (3.68) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ആകെ നിരസിക്കപ്പെടുന്ന വീസ അപേക്ഷകളില്‍ 70 ശതമാനവും 5 രാജ്യങ്ങളുടേതാണ്.
അപേക്ഷ നിരസിക്കാനുള്ള കാരണങ്ങള്‍
ഷെന്‍ഗെന്‍ വീസ അപേക്ഷകള്‍ നിരസിക്കാന്‍ പലവിധ കാരണങ്ങളുണ്ട്. സാധുതയില്ലാത്ത ട്രാവല്‍ ഇന്‍ഷുറന്‍സ് മുതല്‍ കൃത്യമായ യാത്ര പ്ലാന്‍ ഇല്ലാത്തതുവരെ വീസ കിട്ടാതിരിക്കുന്നതിലേക്ക് നയിക്കും.
1. കൃത്യമായ യാത്രപ്ലാനില്ലാത്തത്: വീസയ്ക്കായി അപേക്ഷിക്കുംമുമ്പ് നിങ്ങളുടെ യാത്രസംബന്ധിച്ച് കൃത്യമായ പ്ലാനിംഗ് നടത്തണം. എത്ര ദിവസം തങ്ങുന്നു, ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്.
2. ട്രാവല്‍ ഇന്‍ഷുറന്‍സ്: ഷെന്‍ഗെന്‍ രാജ്യങ്ങളില്‍ സാധുതയുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് വീസയ്ക്ക് അപേക്ഷിക്കാന്‍ നിര്‍ബന്ധമാണ്. നിങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാ രാജ്യങ്ങളിലും അംഗീകാരമുള്ള ഇന്‍ഷുറന്‍സ് പോളിസിയായിരിക്കണം വേണ്ടത്.
3. പാസ്‌പോര്‍ട്ട്: ഭാഗികമായി നശിച്ചതോ കാലാവധി കഴിഞ്ഞതോ ആയ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതും വീസ നിരസിക്കാന്‍ ഇടയാക്കും. സ്വന്തം രാജ്യത്തെ ക്രിമിനല്‍ റെക്കോര്‍ഡ് മികച്ചതല്ലെങ്കില്‍ ഉറപ്പായും വീസ തിരസ്‌കരിക്കപ്പെടും.
Related Articles
Next Story
Videos
Share it