എഐ ക്യാമറ എന്തൊക്കെ കയ്യോടെ പൊക്കും; ഫൈന്‍ അടയ്‌ക്കേണ്ടതെങ്ങനെ? അപ്പീല്‍ എങ്ങനെ?

ജൂണ്‍ അഞ്ച് മുതല്‍ കേരള സര്‍ക്കാരിന്റെ എ.ഐ ക്യാമറകള്‍ പിഴ ഈടാക്കി തുടങ്ങി. കേരളത്തിലെ വാഹനാപകടങ്ങളും ജൂണില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.ഐ ക്യാമറകള്‍ക്ക് എന്നാല്‍ ചില പിഴവുകളും 'തെറ്റിദ്ധാരണകളും' വന്നിട്ടുണ്ട്. പലരും വാഹന നമ്പര്‍ സംബന്ധിച്ച പരാതികളും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമം തെറ്റിച്ചിട്ടില്ലാത്തവര്‍ക്ക് അപ്പീല്‍ പോകാനും വഴിയുണ്ട്.

എന്നാല്‍ ഇതുവരെ നിയമലംഘനമാണെന്ന് തിരിച്ചറിയാത്ത പല ട്രാഫിക് ലംഘനങ്ങളും എ.ഐ ക്യാമറ നിയമ ലംഘനമാണെന്ന് കണ്ടെത്തി വീട്ടിലേക്ക് പേപ്പര്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഈ അവസരത്തില്‍ വാഹനമോടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കുന്നത് ഇങ്ങനെ:

ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ - 500 രൂപ

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ - 500 രൂപ

ടു വീലറില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ - 1000 രൂപ (കുട്ടികള്‍ 12 വയസ്സിന് മുകളിലെങ്കിലും പിഴ)

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചാല്‍ - 2000 രൂപ

അനധികൃത പാര്‍ക്കിംഗ് - 250 രൂപ

അമിതവേഗം - 1500 രൂപ

ജംഗ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ ലംഘിക്കുന്ന കേസുകള്‍ കോടതിയ്ക്ക് കൈമാറും. കോടതിയാണ് പിഴ തുക തീരുമാനിക്കുന്നത്. ഓരോ തവണ ക്യാമറയില്‍ പതിയുമ്പോഴും പിഴ ആവര്‍ത്തിക്കും.

ഹെല്‍മെറ്റ് ശരിയായി ധരിച്ചില്ലെങ്കിലും പിഴ

ഹെല്‍മറ്റ് ധരിച്ചാലും പിഴ വരാം. ഹെല്‍മറ്റ് സ്ട്രാപ്പ് ശരിയായി ധരിച്ചിലെങ്കില്‍, പുറകില്‍ ഇരിക്കുന്ന ആളിന് ഹെല്‍മറ്റ് ഇല്ലെങ്കില്‍, ധരിച്ച ഹെല്‍മറ്റ് ഐഎസ്‌ഐ മാര്‍ക്കുള്ളതല്ലെങ്കില്‍ അങ്ങനെ പിഴ ഒടുക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. സൈഡ് ഗ്ലാസ് ഇല്ലെങ്കിലും പിഴ നല്‍കണം. കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മുന്‍ സീറ്റില്‍ ഇരിക്കുന്നയാളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം.

ആംബുലന്‍സിന് ഇളവ്

എമര്‍ജന്‍സി വാഹനങ്ങളെ പിഴകളില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമുണ്ട്. പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് കൂടാതെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

പിഴ ഈടാക്കുന്നതെങ്ങനെ?

ക്യാമറ വഴി ലഭിക്കുന്ന ചിത്രത്തില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലെ ഓപ്പറേറ്റര്‍ നിയമലംഘനം സ്ഥിരീകരിച്ചശേഷം ഇതു തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വറിലേക്ക് അയയ്ക്കും. ബന്ധപ്പെട്ട ഗതാഗതവകുപ്പ് ഉദ്യോഗസ്ഥന്‍ അംഗീകരിച്ചശേഷം വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. 14 ദിവസത്തിനുള്ളില്‍ നോട്ടീസും ഇ- ചെല്ലാനും വീട്ടിലെത്തും. 30 ദിവസത്തിനുളളില്‍ പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍ വാഹനവകുപ്പ് തുടര്‍ നടപടികളിലേക്ക് കടക്കും.

പിഴ അടയ്ക്കുന്നതെങ്ങനെ?

നോട്ടീസ് ലഭിച്ചാല്‍ ഓണ്‍ലൈന്‍ വഴിയും ആര്‍ടി ഓഫീസുകളില്‍ നേരിട്ട് എത്തിയും പിഴ അടയ്ക്കാം. മോട്ടര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം. https://mvd.kerala.gov.in/en/fine-remittance-camera-surveillance-0 എന്ന സൈറ്റിലാണ് ഇ- ചെല്ലാന്‍ നമ്പര്‍ നല്‍കി പിഴ അടയ്‌ക്കേണ്ടത്.

അപ്പീല്‍ നല്‍കുന്നത് എങ്ങനെ?

വാഹന നമ്പര്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത, ദുരന്തനിവാരണ സാഹചര്യങ്ങള്‍ എന്നിവ മുന്നില്‍കണ്ടാണ് ഈ സംവിധാനം. നോട്ടിസ് ലഭിക്കുന്നവര്‍ക്ക് അപ്പീലിന് അനുവദിച്ചിരിക്കുന്നത് 14 ദിവസമാണ്.വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ച് നടത്തുന്ന ഗതാഗതലംഘനം കേസുകളിലാണ് ഇത് പ്രയോജനപ്പെടുന്നത്. വാഹനം അതുവഴി പോയിട്ടില്ലെന്നോ ഗതാഗത നിയമലംഘനം ഉണ്ടായിട്ടില്ലെന്നോ ബോധ്യമുണ്ടെങ്കില്‍ അത് തെളിവുള്‍പ്പെടെ സമര്‍പ്പിക്കാനായാല്‍ വാഹനനമ്പര്‍ ഉടമയ്ക്ക് അപ്പീല്‍ നല്‍കുകയും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റിക്ക് പരാതി നല്‍കുകയും ചെയ്യാം. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായാല്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയ്ക്ക് അപ്പോള്‍ തന്നെ പിഴ നോട്ടിസ് റദ്ദാക്കാന്‍ സാധിക്കും.

2017 മുതല്‍ റജിസ്റ്റര്‍ ചെയ്തതും അതിനു മുന്‍പു റജിസ്റ്റര്‍ ചെയ്തവയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി പിന്നീട് മോട്ടര്‍ വാഹന വകുപ്പിനെ സമീപിച്ചതുമായ വാഹന ഉടമകളുടെ വിവരങ്ങളുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക് എസ്എംഎസ് അയയ്ക്കാന്‍ കഴിയില്ല. ആയിരക്കണക്കിനുപേരാണ് ഇനിയും പിഴ അടയ്ക്കാത്തവര്‍ എന്നും പതിവായി നിയമലംഘനം നടത്തി പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറയുന്നു.

Related Articles
Next Story
Videos
Share it