Begin typing your search above and press return to search.
17,000 കിലോവാട്ട് സോളാർ, 2,000 സോളാർ തെരുവ് വിളക്കുകൾ; യു.എൻ-ഷാങ്ഹായ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ നഗരമെന്ന നേട്ടം തിരുവനന്തപുരത്തിന്
സുസ്ഥിര നഗര വികസനത്തിനുള്ള പ്രമുഖ അവാര്‍ഡുകളില്‍ ഒന്നായ യു.എൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് തിരുവനന്തപുരത്തിന്. ഈ ബഹുമതി ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ നഗരമെന്ന നേട്ടവും തിരുവനന്തപുരം സ്വന്തമാക്കി.
നഗരത്തിലെ പുരോഗതി, നഗരത്തിന്റെ ഭരണ നിര്‍വഹണം, സുസ്ഥിര വികസന പ്രവർത്തനങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്.
നേട്ടങ്ങള്‍
17,000 കിലോവാട്ട് സോളാർ പാനലുകൾ, 2,000 സോളാർ തെരുവ് വിളക്കുകൾ, എല്ലാ തെരുവ് വിളക്കുകൾക്കും എൽ.ഇ.ഡി ലൈറ്റിംഗ്, 115 ഇലക്ട്രിക് ബസുകൾ, 35 ഇലക്ട്രിക് ബൈക്കുകള്‍, തൊഴിലില്ലാത്ത വ്യക്തികൾക്കായി 100 ഇലക്ട്രിക് ഓട്ടോകൾ തുടങ്ങിയവയാണ് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ പ്രധാന നേട്ടങ്ങള്‍. തിരുവനന്തപുരം കാലാവസ്ഥാ ബജറ്റ് എന്ന നൂതന പദ്ധതി 2025 ജൂൺ 5 ന് കോർപ്പറേഷന്‍ അവതരിപ്പിക്കാന്‍ ഇരിക്കുകയാണ്. 2025 ഓടെ 500 ലധികം സർക്കാർ ഓഫീസുകൾ സൗരോർജത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
യു.എൻ-ഹാബിറ്റാറ്റും ചൈനയിലെ ഷാങ്ഹായ് മുനിസിപ്പൽ പീപ്പിൾസ് ഗവൺമെൻ്റും ചേർന്ന് നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് ഷാങ്ഹായ് അവാർഡ്. എല്ലാവർക്കും മികച്ച പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികമായും പാരിസ്ഥിതികമായും സുസ്ഥിരമായ പട്ടണങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് യു.എൻ-ഹാബിറ്റാറ്റ്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര നഗര വികസനത്തിനായുള്ള 2030 അജണ്ട പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാര്‍ഡ് നല്‍കുന്നത്.
ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ ശർമ്മയും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.
ബ്രിസ്‌ബേൻ (ഓസ്‌ട്രേലിയ), സാൽവഡോർ (ബ്രസീൽ) തുടങ്ങിയ നഗരങ്ങളാണ് ഈ അഭിമാനകരമായ അവാർഡ് നേരത്തെ നേടിയിട്ടുളളത്.
മറ്റു അവാര്‍ഡുകള്‍
ഇന്ത്യയിലെ നഗരങ്ങൾക്ക് മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷന്റേതെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് കീഴിലുളള ഹൗസിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (ഹഡ്‌കോ) പി.എം സ്വനിധി 'പ്രൈസ്' അവാർഡും രണ്ട് ദേശീയ അവാര്‍ഡുകളും തിരുവനന്തപുരം അടുത്തിടെ സ്വന്തമാക്കിയിരുന്നു. നഗര ഭരണം, ശുചിത്വം തുടങ്ങിയ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
കൂടാതെ, അമൃത് പദ്ധതിയുടെ നടത്തിപ്പിലെ മികവിന് തിരുവനന്തപുരം മുനിസിപ്പാലിറ്റിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് 10 കോടി രൂപയുടെ പ്രത്യേക പ്രോത്സാഹനവും ലഭിച്ചു.
Next Story
Videos