

തിരുവനന്തപുരം മെട്രോ അലൈന്‍മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഈ മാസം തന്നെ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങളിലാണ് തീരുമാനം കാത്തിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി വ്യത്യസ്ത അലൈന്‍മെന്റുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കിയ അലൈന്‍മെന്റ് നിര്‍ദ്ദേശമടക്കമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ കെ.എം.ആര്‍.എല്ലിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കും. പദ്ധതിക്ക് എത്ര രൂപ ചെലവാകുമെന്നും ഏതൊക്കെ സ്ഥലങ്ങളില്‍ സ്‌റ്റേഷനുകള്‍ വേണമെന്നുമുള്ള കാര്യങ്ങള്‍ ഇതിന് ശേഷമേ വ്യക്തമാകൂ. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ട കടമ്പ കൂടി ബാക്കിയുണ്ട്.
തലസ്ഥാന മെട്രോക്കായി ഒന്നിലധികം അലൈന്‍മെന്റുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ടെക്‌നോപാര്‍ക്കില്‍ നിന്നും ആരംഭിച്ച് കിഴക്കേകോട്ടയിലേക്ക് നീളുന്ന പാതയാണ് സര്‍ക്കാരിന് താത്പര്യം. തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നുപോകുന്ന ആദ്യ ഘട്ടത്തിന് ശേഷം പാളയത്ത് നിന്നും കുടപ്പനക്കുന്നിലേക്ക് നീളുന്ന രണ്ടാമത്തെ പാതയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതേസമയം, ടെക്‌നോപാര്‍ക്കിനെ മെട്രോ അലൈന്‍മെന്റുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തുന്നതിന് ഹൈദരാബാദ് ആസ്ഥാനമായ അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് എന്ന കമ്പനിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയിലെ നാല് എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. .
പദ്ധതിക്ക് ആവശ്യമായ തുകയുടെ 20 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബാക്കി തുക വായ്പയിലൂടെയും കണ്ടെത്താനാണ് ധാരണ. തലസ്ഥാന നഗരത്തില്‍ ഇനി നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ മെട്രോക്ക് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മെട്രോ കടന്നുപോകുന്ന ശ്രീകാര്യം ജംഗ്ഷനില്‍ 117.52 കോടി രൂപ ചെലവാക്കി നിര്‍മിക്കുന്ന പുതിയ മേല്‍പ്പാലവും ഇതനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അതേസമയം, മലപ്പുറം ജില്ലയിലെ തിരൂരിനെയും നിലമ്പൂരിനെയും ബന്ധിപ്പിച്ച് മെട്രോ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവും കഴിഞ്ഞ ദിവസം സഭയില്‍ ഉന്നയിക്കപ്പെട്ടു. മുസ്ലിം ലീഗ് സാമാജികനായ കുറുക്കോളി മൊയ്തീനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ സര്‍ക്കാരോ അടുത്ത ദശാബ്ദങ്ങളില്‍ വരുന്ന സര്‍ക്കാരുകളോ ഇത്തരമൊരു കാര്യം പരിഗണിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Read DhanamOnline in English
Subscribe to Dhanam Magazine