Begin typing your search above and press return to search.
തിരുവനന്തപുരം മെട്രോ ട്രാക്കിലേക്ക്, തുടക്കം ടെക്‌നോ പാര്‍ക്കില്‍ നിന്ന്; തീരുമാനം ഉടന്‍ ഉണ്ടായേക്കും
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി വീണ്ടും സംസ്ഥാന സര്‍ക്കാരിന് മുന്നില്‍. പദ്ധതിയില്‍ നിര്‍ണായകമായ സമഗ്ര ഗതാഗത പദ്ധതി (Comprehensive Mobility Plan -CMP)യും ബദല്‍ വിശകലന റിപ്പോര്‍ട്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി കാത്തിരിക്കുന്നത്. മെട്രോ ആവശ്യമുണ്ടോ എന്നറിയാനാണ് സി.എം.പി തയ്യാറാക്കിയത്. ഭാവിയില്‍ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുത്താണ് ഇത് തയ്യാറാക്കിയത്. അടുത്ത് തന്നെ ഈ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ അലൈന്‍മെന്റിലും വൈകാതെ സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. തുടര്‍ന്ന് കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കണം. ഈ മാസം 22ന് തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായും ഇതുസംബന്ധിച്ച ചര്‍ച്ചയുണ്ടാകും.
ടെക്‌നോപാര്‍ക്കില്‍ നിന്ന് തുടങ്ങും
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന്റെ ഫേസ് വണ്ണില്‍ നിന്ന് തുടങ്ങുന്ന രീതിയിലാണ് കെ.എം.ആര്‍.എല്‍ പുതിയ അലൈന്‍മെന്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ടെക്‌നോപാര്‍ക്ക് മുതല്‍ പുത്തരിക്കണ്ടം വരെയാണ് ആദ്യഘട്ടം. ടെക്‌നോപാര്‍ക്ക് - കാര്യവട്ടം ക്യാംപസ് - ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് - മുറിഞ്ഞപാലം - പട്ടം - പി.എം.ജി - നിയമസഭ - പാളയം - ബേക്കറി ജംഗ്ഷന്‍ - തമ്പാനൂര്‍ - പുത്തരിക്കണ്ടം മൈതാനം എന്നതാണ് പുതിയ അലൈന്‍മെന്റ്. കഴക്കൂട്ടത്തും കിള്ളിപ്പാലത്തും ടെര്‍മിനലുകളുണ്ടാകും. കാര്യവട്ടം ക്യാംപസിനടുത്ത് മെട്രോയുടെ യാര്‍ഡും നിര്‍മിക്കും. നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന നെയ്യാറ്റിന്‍കരയിലേക്ക് നീളുന്ന രണ്ടാം ഘട്ടത്തില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. പാളയത്ത് നിന്നും കുടപ്പനക്കുന്നിലേക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ആദ്യഘട്ട അലൈന്‍മെന്റ് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മെട്രോയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയ്യാറാക്കുന്ന ജോലികള്‍ കെ.എം.ആര്‍.എല്‍ ആരംഭിക്കും.
കൊച്ചി മെട്രോയേക്കാള്‍ ആളുണ്ടാകും
നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍കിട കമ്പനികളുമുള്ള തിരുവനന്തപുരത്ത് മെട്രോ തുടങ്ങിയാല്‍ ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ കൊച്ചി മെട്രോയേക്കാള്‍ യാത്രക്കാര്‍ തിരുവനന്തപുരത്ത് ഉണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു. നിലവില്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരില്‍ വലിയൊരു ശതമാനം പേരും മെട്രോയിലേക്ക് മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. ദൂരെസ്ഥലങ്ങളില്‍ നിന്ന് ദേശീയപാതയിലൂടെ വരുന്നവര്‍ക്ക് കഴക്കൂട്ടത്ത് ഇറങ്ങിയാല്‍ മെട്രോയില്‍ കയറി അതിവേഗത്തില്‍ നഗരത്തിലേക്ക് എത്താനും സാധിക്കും. പള്ളിപ്പുറം ടെക്‌നോസിറ്റി മുതല്‍ കരമന വരെ നീളുന്ന രീതിയില്‍ 22 കിലോമീറ്റര്‍ എലവേറ്റഡ് മെട്രോയാണ് ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ദേശീയപാത നിര്‍മാണം തുടങ്ങിയതോടെ പള്ളിപ്പുറം മുതല്‍ കഴക്കൂട്ടം വരെയുള്ള ഭാഗത്ത് മെട്രോ പാത സ്ഥാപിക്കുന്നത് ബുദ്ധിമുട്ടിലാക്കി. തുടര്‍ന്നാണ് പദ്ധതിയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയത്.
Next Story
Videos