കേരളത്തിലെ ഈ നഗരം പ്രമുഖ വാഹന കമ്പനികളുടെ ആഗോള ഗവേഷണ വികസന കേന്ദ്രമായി മാറാന്‍ ഒരുങ്ങുന്നു, വരുന്നത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍

ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക് എന്ന നേട്ടം തിരുവനന്തപുരത്ത് സ്ഥാപിതമായ ടെക്‌നോപാർക്കിന് സ്വന്തമാണ്. ഇതിന്റെ ചുവടു പിടിച്ച് കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പ്രമുഖ ആഗോള ഓട്ടോമോട്ടീവ് കമ്പനികളുടെ ഗവേഷണ-വികസന കേന്ദ്രമായി അതിവേഗം മാറ്റാനുളള നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.

കോൺക്ലേവ് നവംബറില്‍

നവംബറിൽ തിരുവനന്തപുരത്ത് സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗോള ഓട്ടോമോട്ടീവ് കോൺക്ലേവിന് ആതിഥേയത്വം വഹിക്കാനുളള നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തെ ആഗോള ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബ് ആക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
2025 ഓടെ നിരത്തുകളില്‍ 470 ദശലക്ഷത്തിലധികം കണക്റ്റഡ് വാഹനങ്ങൾ ഉണ്ടാകുമെന്നാണ് ആഗോള ഓട്ടോമോട്ടീവ് വ്യവസായം കണക്കാക്കുന്നത്. ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ, ഇ.സി.യു, സെൻസറുകൾ എന്നിവയുടെ വിപണി 2030 ഓടെ 320 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗം വളരുന്ന ഈ വ്യവസായത്തിന് നവീകരണവും മികച്ച തൊഴിലാളികളുടെ വൈദഗ്ധ്യവും ആവശ്യമാണ്.

തിരുവനന്തപുരത്തിന്റെ പ്രത്യേകതകള്‍

തിരുവനന്തപുരം ടെക്നോപാർക്കില്‍ നിന്ന് പ്രധാന നഗരങ്ങളിലേക്കും ആഗോള വിപണികളിലേക്കും മികച്ച കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതാണ് വ്യവസായികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ബഹിരാകാശ പേടകങ്ങളിലും അത്യാധുനിക പ്രതിരോധ ഉപകരണ വികസനത്തിലും ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ ആസ്ഥാനമായാണ് തിരുവനന്തപുരം നഗരം അറിയപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങളും ഗവേഷണ-വികസന ആവാസവ്യവസ്ഥയും വിദഗ്ധരായ എഞ്ചിനീയര്‍മാരും ഉള്ളതിനാൽ ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനികൾ ടെക്നോപാർക്കിനെ തിരഞ്ഞെടുക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അധികൃതര്‍.
ഇതിനോടകം സാന്നിധ്യം ഉറപ്പിച്ചവര്‍
ആഗോള ഓട്ടോമോട്ടീവ് ടെക്‌നോളജി കമ്പനികളായ ഡിസ്പേസ് (dSPACE), നിസാന്‍ ഡിജിറ്റല്‍, ടാറ്റ എൽക്‌സി തുടങ്ങിയ കമ്പനികള്‍ തിരുവനന്തപുരത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവരുടെ സാന്നിധ്യം ഇതിനോടകം ഇവിടെ ഉറപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള ഓട്ടോമോട്ടീവ് കമ്പനികള്‍ക്കുള്ള സിമുലേഷൻ, വാലിഡേഷൻ സൊല്യൂഷനുകളിൽ ടെക്‌നോളജി ലീഡറായ ഡിസ്പേസ് (ഡിജിറ്റൽ സിഗ്നൽ പ്രോസസിംഗ് ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്) ഏഷ്യയിലെ തങ്ങളുടെ ആദ്യത്തെ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തിരുവനന്തപുരത്തെയാണ് തിരഞ്ഞെടുത്തത്. ജർമ്മനിയിലും ക്രൊയേഷ്യയിലുമാണ് കമ്പനിയുടെ മറ്റ് കേന്ദ്രങ്ങൾ ഉളളത്.
മികച്ച അടിസ്ഥാന സൗകര്യങ്ങളും അതിവേഗ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള കമ്പനികള്‍ക്ക് ആവശ്യമായ സേവനങ്ങളും പ്രദാനം ചെയ്യുന്നതില്‍ ടെക്‌നോപാർക്ക് മുന്നിലാണെന്നും വ്യവസായികള്‍ പറയുന്നു.
Related Articles
Next Story
Videos
Share it