കൊച്ചി മെട്രോയുടെ കാക്കനാട് സര്‍വീസ്; ടെന്‍ഡര്‍ ഈ കമ്പനിക്കെന്ന് സൂചന

കലൂർ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍ദിഷ്ട രണ്ടാംഘട്ട സിവില്‍ നിര്‍മ്മാണ പ്രവർത്തനങ്ങള്‍ക്കായുള്ള ടെന്‍ഡറിൽ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (Afcons Infrastructure Ltd.) കമ്പനി മുന്നിലെത്തിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ടെന്‍ഡര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ മൂന്ന് പ്രമുഖ കമ്പനികളുടെ ബിഡ്ഡുകള്‍ അയോഗ്യമായിരുന്നു. പിന്നാലെയാണ് അഫ്കോണ്‍സ് ടെന്‍ഡറിൽ ഏറ്റവും മുന്നിലെത്തിയത്.

അതിനാല്‍ നിര്‍ദിഷ്ട രണ്ടാം ഘട്ട സിവില്‍ നിര്‍മ്മാണ പ്രവർത്തനങ്ങളുടെ കരാര്‍ അഫ്കോണ്‍സ് നേടാന്‍ സാധ്യതയുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കമ്പനിയാണ് ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്.

അനുമതി കാത്ത്

കൊച്ചി മെട്രോ റെയില്‍ ലിമിറ്റിഡിന്റെ (കെ.എം.ആര്‍.എല്‍) ഫണ്ടിംഗ് ഏജന്‍സിയായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ അനുമതിക്ക് ശേഷം മാത്രമേ കരാര്‍ നല്‍കൂ. അഫ്കോണ്‍സ് ഡല്‍ഹി മീററ്റ് ആര്‍.ആര്‍.ടി.എസ് പദ്ധതി, അടല്‍ ടണല്‍ പദ്ധതി, ചെനാബ് റെയില്‍വേ ബ്രിഡ്ജ് പദ്ധതി, ചെന്നൈ മെട്രോ ബ്ലൂ ലൈന്‍ പദ്ധതി തുടങ്ങി നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ രാജ്യത്തുടനീളം നടത്തിയിട്ടുണ്ട്. കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍ പാതയുടെ പിന്നിലും അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ്.

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് (സ്മാര്‍ട്ട് സിറ്റി) വരെ ബന്ധിപ്പിക്കുന്ന 11 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന 'പിങ്ക് ലൈന്‍' എന്ന 11.2 കിലോമീറ്റര്‍ എലിവേറ്റഡ് ലൈനാണ് എത്തുക. ജെ.എല്‍.എന്‍ സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷന്‍, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗള്‍, കാക്കനാട് ജംഗ്ഷന്‍, കൊച്ചിന്‍ സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക്-1, ഇന്‍ഫോപാര്‍ക്ക്-2 എന്നിവയാണ് സ്റ്റേഷനുകള്‍. 20 മാസത്തിനുള്ളില്‍ പുതിയ ലൈനിന്റെ സിവില്‍ നിര്‍മാണ ജോലികളും നാലു മാസത്തിനുള്ളില്‍ സിഗ്‌നലിംഗ് ജോലികളും പൂര്‍ത്തിയാക്കാനാണ് കെ.എം.ആര്‍.എല്‍ ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതിക്ക് 2,310 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it