ടി.സി.എസിനെ മൂക്കുകുത്തിച്ചു, ഈ ഭീമന്‍; ഇന്ന് ഇന്ത്യയിലെ നാലാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനി, ഏതെന്ന് അറിയേണ്ടേ?

വിപണി മൂല്യത്തില്‍ ഉണ്ടായ ഈ പുതിയ മാറ്റം നിക്ഷേപ പ്രവണതകളിലെ സൂക്ഷ്മമായ മാറ്റം വ്യക്തമാക്കുന്നു
Image courtesy: canva/tcs
Image courtesy: canva/tcs
Published on

ഇന്ത്യയിലെ കോര്‍പ്പറേറ്റ് റാങ്കിംഗില്‍ വലിയ മാറ്റം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India -SBI) വിപണി മൂല്യത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (Tata Consultancy Services -TCS) മറികടന്ന് ഇന്ത്യയിലെ നാലാമത്തെ ഏറ്റവും വിലമതിക്കപ്പെടുന്ന കമ്പനിയായി.

ബാങ്കിംഗ് ഓഹരികളിലെ ശക്തമായ കുതിപ്പാണ് ഈ മാറ്റത്തിന് പിന്നില്‍. സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരതയും വായ്പാവിതരണത്തില്‍ (credit growth) ഉയര്‍ച്ചയും ലാഭക്ഷമതയില്‍ വ്യക്തതയും ബാങ്കിംഗ് മേഖലയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.

എസ്.ബി.ഐയുടെ വിപണി മൂല്യം ഇപ്പോള്‍ 10.90 ലക്ഷം കോടി രൂപയും ടി.സി.എസിന് 10.53 ലക്ഷം കോടിയുമാണ്. 10.05 ലക്ഷം കോടി വിപണി മൂല്യമുള്ള ഐ.സി.ഐ.സി.ഐ ബാങ്കിനെയും ഈ മത്‌സരത്തില്‍ എസ്.ബി.ഐ പിന്നിലാക്കി. 20 ലക്ഷം കോടി മൂല്യം വരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് തന്നെ ഒന്നാമത്. എച്ച്.ഡി.എഫ്.സി ബാങ്ക് (14.3), ഭാരതി എയര്‍ടെല്‍ (12.3) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എസ്.ബി.ഐയുടെ ഓഹരി വില ഇപ്പോള്‍ 1,183 രൂപ. ഇന്ന് കുതിച്ചത് 3.4 ശതമാനം.

ബാങ്കിംഗ് ഓഹരികള്‍ക്ക് കരുത്ത്

സമീപകാല വ്യാപാര സെഷനുകളില്‍ എസ്ബിഐ ഓഹരികള്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. റീട്ടെയില്‍, എം.എസ്.എം.ഇ, കോര്‍പറേറ്റ് മേഖലകളിലേക്കുള്ള വായ്പാവിതരണം സ്ഥിരതയാര്‍ജിച്ചതും പലിശ വരുമാനം മെച്ചപ്പെട്ടതും ആസ്തി ഗുണമേന്മയില്‍ (asset quality) വലിയ തിരിച്ചടി ഇല്ലാത്തതും ബാങ്കിന് അനുകൂലമായി. തുടര്‍ച്ചയായ ലാഭവും നിയന്ത്രിത കിട്ടാക്കട (NPS) നിരക്കും ബാങ്കിന്റെ ബലപ്പെട്ട ബാലന്‍സ് ഷീറ്റ് കരുത്തായി. ഇതോടെ വിപണി മൂല്യത്തില്‍ എസ്ബിഐ ടി.സി.എസിനെ പിന്നിലാക്കി.

ഐ.ടി. മേഖലയ്ക്ക് സമ്മര്‍ദ്ദം

ടി.സി.എസ് ഉള്‍പ്പെടെയുള്ള ഐ.ടി. കമ്പനികള്‍ ആഗോള ആവശ്യകതയില്‍ മന്ദഗതിയും ക്ലയന്റ് ചെലവുകളില്‍ ജാഗ്രതയും നേരിടുകയാണ്. യു.എസ്, യൂറോപ്പ് വിപണികളിലെ അനിശ്ചിതത്വം ടെക് ഓഹരികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന ഘടകങ്ങളാണ്. ടി.സി.എസ് ഇന്നും ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ആഗോള സാന്നിധ്യമുള്ള ഐ.ടി. കമ്പനികളിലൊന്നാണ്. അപ്പോഴും സമീപകാല വളര്‍ച്ചാ നിരക്ക് പരിമിതം.

വിപണി നേതൃത്വത്തില്‍ മേഖലാമാറ്റം

എസ്ബിഐ ടി.സി.എസിനെ മറികടന്നത് വെറും റാങ്കിംഗ് മാറ്റമല്ല. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ആഭ്യന്തര വളര്‍ച്ചയുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഓഹരികളിലേക്കുള്ള നിക്ഷേപകരുടെ നോട്ടത്തിന്റെ പ്രതിഫലനമാണ് ഇത്. ആഗോള വളര്‍ച്ചയെയും കറന്‍സി ചലനങ്ങളെയും ആശ്രയിക്കുന്ന ഐ.ടി. മേഖലയെ അപേക്ഷിച്ച് ആഭ്യന്തര ക്രെഡിറ്റ് വിപുലീകരണവും സ്ഥിരതയുള്ള പലിശാന്തരീക്ഷവും ബാങ്കിംഗ് ഓഹരികള്‍ക്ക് പിന്തുണ നല്‍കുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ രണ്ടു പ്രധാന തൂണുകളായ എസ്ബിഐയും ടി.സി.എസും ഇന്നും ശക്തമായ സ്ഥാനത്താണ്. എന്നാല്‍ വിപണി മൂല്യത്തില്‍ ഉണ്ടായ ഈ പുതിയ മാറ്റം നിക്ഷേപ പ്രവണതകളിലെ സൂക്ഷ്മമായ മാറ്റം വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com