Begin typing your search above and press return to search.
ഏകോപിപ്പിക്കാന്‍ ടാസ്‌ക് ഫോഴ്‌സ്, ടൈം ടേബിള്‍ അനുസരിച്ച് തീര്‍ക്കും; വ്യവസായ ഇടനാഴി തിരുവനന്തപുരത്തേക്കും നീളുമോ?
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ വേഗത്തിലാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി എം.ഡി എസ്.ഹരികിഷോര്‍, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ അമ്പിളി എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍. പദ്ധതിക്കായി ആഗോള ടെണ്ടര്‍ ക്ഷണിക്കും. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനേയും നിശ്ചയിക്കും. ഇതിനായുള്ള സമയ ക്രമം നിശ്ചയിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിക്ക് കേന്ദ്രാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി, വെള്ളം, റോഡ് ഉള്‍പ്പെടെയുള്ള ബാഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന തല നെറ്റ് വര്‍ക്ക് പ്‌ളാനിംഗ് കമ്മിറ്റിയാണ് തയ്യാറാക്കുക. പദ്ധതി പ്രദേശത്തിന് പ്രത്യേക വ്യവസായ ടൗണ്‍ഷിപ്പ് പദവിയും നല്‍കും. ഏകജാലക സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
3,806 കോടിയുടെ പകുതി സംസ്ഥാനം വഹിക്കും
പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍, ഡി.പി.ആര്‍ ടെണ്ടര്‍ രേഖകള്‍ എന്നിവ പൂര്‍ത്തിയായി. പാരിസ്ഥിതികാനുമതിയും ലഭിച്ചു. വ്യവസായ, വാണിജ്യ, പാര്‍പ്പിട, പൊതു സേവന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് മാസ്റ്റര്‍ പ്ലാന്‍. 3,806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50% ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1,789.92 കോടി രൂപ കേരളം വഹിച്ചു. പദ്ധതിക്കാവശ്യമായ 1,710 ഏക്കര്‍ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തിരുന്നു. പ്രാരംഭ നടപടികളെല്ലാം കേരളം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും താന്‍ ഇക്കഴിഞ്ഞ ജൂണ്‍ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനേയും സന്ദര്‍ശിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കണമെന്ന് ആവശ്യമുന്നയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വരും 10,000 കോടിയുടെ നിക്ഷേപം
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി. 1,710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റര്‍ നിലവില്‍ വരിക. പുതുശേരി സെന്‍ട്രലില്‍ 1,137 ഏക്കറും പുതുശേരി വെസ്റ്റില്‍ 240 ഏക്കറും കണ്ണമ്പ്ര യില്‍ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തില്‍ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022 ല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്.
ഈ മേഖലകളില്‍ നിക്ഷേപ സാധ്യത
ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്‌റോസ്‌പേസ്, മെഡിസിനല്‍ കെമിക്കല്‍സ്,ബൊട്ടാണിക്കല്‍ ഉല്‍പന്നങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, നോണ്‍ മെറ്റാലിക് - മിനറല്‍ പ്രോഡക്റ്റ്‌സ്, റബ്ബര്‍- പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍, സെമി കണ്ടക്റ്ററുകള്‍, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്, പ്രിന്റഡ് സര്‍ക്യൂട്ട്, നാനോടെക് ഉല്‍പന്നങ്ങള്‍, ലിക്വിഡ് ക്രിസ്റ്റല്‍ ഡിവൈസസ്, ഡാറ്റ പ്രോസസിംഗ് മെഷീന്‍, ട്രാന്‍സ് മിഷന്‍ ഷാഫ്റ്റുകള്‍, പി.വി.സി പൈപ്പ്, ട്യൂബുകള്‍, പോളിയുറേത്തിന്‍ തുടങ്ങി വിവിധ മേഖലകളില്‍ വ്യവസായ സംരംഭങ്ങള്‍ പാലക്കാട് ഉയര്‍ന്നു വരും. പ്രാദേശിക - കയറ്റുമതി വിപണികള്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാവും ഇവിടെ ആരംഭിക്കുന്നത്. വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നതിനൊപ്പം നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്യും.
അരലക്ഷം പേര്‍ക്ക് തൊഴില്‍
ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ സ്ഥാപിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാകുമ്പോള്‍ 55,000 പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നതെന്നും പി.രാജീവ് പറഞ്ഞു.
തിരുവനന്തപുരത്തേക്കും നീളുമോ
കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2022ല്‍ നടന്ന ഇന്‍വെസ്റ്റേഴ്‌സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് വ്യവസായ മന്ത്രി പി. രാജീവ് നേരിട്ട് ഉന്നയിച്ചു.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി സാധ്യമായതോടെ ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
വ്യവസായ ഇടനാഴിക്കുള്ള ഒരുക്കങ്ങള്‍ 2019ല്‍ തുടങ്ങി: നാള്‍വഴി
30 ആഗസ്ത് 2019 : ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടി കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി നിര്‍മ്മിക്കാന്‍ നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ്(എന്‍.ഐ.സി.ഡി.ഐ.ടി) അംഗീകാരം
18 സെപ്തംബര്‍ 2020 : 3 സോണുകളിലായി(പുതുശ്ശേരി സെന്‍ട്രല്‍, കണ്ണമ്പ്ര, പുതുശ്ശേരി വെസ്റ്റ്) പാലക്കാട് ഏകീകൃത ഉത്പാദന ക്ലസ്റ്റര്‍(ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ്ങ് ക്ലസ്റ്റര്‍) നിര്‍മ്മിക്കാനുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള കണ്‍സല്‍ട്ടന്‍സി നാഷണല്‍ ഇന്റന്‍സ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് ലഭിച്ചു
22 ഒക്ടോബര്‍ 2020 : ഓഹരി അടിസ്ഥാനത്തിലുള്ള കരാര്‍ കിന്‍ഫ്രയും നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു.
22 ഒക്ടോബര്‍ 2020 : സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റും കിന്‍ഫ്രയും തമ്മില്‍ സംസ്ഥാന സഹകരണം ഉറപ്പ് നല്‍കിക്കൊണ്ടുള്ള കരാര്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു
12 ജനുവരി 2021: പദ്ധതിക്ക് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനുള്ള ആദ്യഘട്ട വിഹിതമായി 346 കോടി രൂപ കിഫ്ബി കിന്‍ഫ്രക്ക് കൈമാറി.
21 ഏപ്രില്‍ 2021 : സംസ്ഥാന സര്‍ക്കാരിന്റെയും(കിന്‍ഫ്ര) കേന്ദ്ര സര്‍ക്കാരിന്റെയും(എന്‍.ഐ.സി.ഡി.ഐ.ടി) സംയുക്ത പദ്ധതിയായി കേരള ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു
18 നവംബര്‍ 2021: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് കോറിഡോര്‍ സംബന്ധിച്ച തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പി. രാജീവ് നിവേദനം നല്‍കി.
6 ജൂണ്‍ 2022: കൊച്ചി - ബംഗളൂരു ഇടനാഴി തിരുവനന്തപുരത്തേക്ക് നീട്ടണമെന്ന ആവശ്യം, ഇന്‍വെസ്റ്റേഴ്‌സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് വ്യവസായ മന്ത്രി പി. രാജീവ് നേരിട്ട് ഉന്നയിച്ചു.
7 ജൂലൈ 2022: കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ 85 % സ്ഥലവും ഏറ്റെടുത്തതായി മന്ത്രി പി രാജീവ് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്‌മെന്റ് പ്രോഗ്രാം അപ്പക്‌സ് അതോറിറ്റി യോഗത്തില്‍ അറിയിച്ചു. മാംഗലൂര്‍ വരെ പദ്ധതി നീട്ടണമെന്ന ആവശ്യവും ഉന്നയിച്ചു.
17 ഒക്ടോബര്‍ 2022 : കണ്ണമ്പ്ര, പുതുശ്ശേരി സെന്‍ട്രല്‍ മേഖലയിലെ ഏകീകൃത ഉത്പാദന ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കാനാവശ്യമായ 1152.23 ഏക്കര്‍ ഭൂമിയുടെ ഏറ്റെടുപ്പ് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കി.
30 നവംബര്‍ 2022 : പാലക്കാട് ഏകീകൃത ഉത്പാദന ക്ലസ്റ്ററിന് സാങ്കേതിക അംഗീകാരം നല്‍കണമെന്ന് നെറ്റ്‌വര്‍ക്ക് പ്ലാനിങ്ങ് ഗ്രൂപ്പ് ശുപാര്‍ശ ചെയ്തു
14 ഡിസംബര്‍ 2022 : 3,815 കോടി രൂപ ചെലവ് വരുന്ന പാലക്കാട് ഏകീകൃത ഉത്പാദന ക്ലസ്റ്ററിന് നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗീകാരം നല്‍കി. ഇത് നിര്‍മ്മിക്കുന്നതിനായി കരാര്‍ പ്രകാരം ഉണ്ടാക്കിയിട്ടുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് 1,789.92 കോടി രൂപയുടെ നിക്ഷേപം നടത്താനും നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് തീരുമാനിച്ചു. ട്രങ്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനായി ഇ.പി.സി(Engineering, Procurement, and Construction) കരാര്‍ നല്‍കി
15 ഫെബ്രുവരി 2024 : കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തില്‍ നിന്ന് പാരിസ്ഥിതികാനുമതി പുതുശ്ശേരി ഏകീകൃത ഉത്പാദന ക്ലസ്റ്റര്‍ നിര്‍മ്മാണത്തിന് ലഭിച്ചു
28 ജൂണ്‍ 2024: വ്യവസായമന്ത്രി പി. രാജീവ് കേന്ദ്ര വ്യവസായ - വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച്, വ്യവസായ ഇടനാഴിക്കുള്ള അംഗീകാരം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിച്ചു. പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി (ഗ്ലോബല്‍ സിറ്റി)ക്ക് അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
27 ആഗസ്റ്റ് 2024: പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു
28 ആഗസ്റ്റ് 2024: പദ്ധതിക്ക് അംഗീകാരം ലഭിച്ചു.
Next Story
Videos