350 കോടി ബജറ്റ്, ഒരു സീനിന് വേണ്ടി മാത്രം ചെലവഴിച്ചത് 70 കോടി, എന്നിട്ടും ഈ ചിത്രം മൂന്ന് ഭാഷകളിൽ പരാജയപ്പെട്ടു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആടി ഉലയുകയാണ് മലയാള സിനിമ. പുതിയ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ നിലവില്‍ നിര്‍മാതാക്കള്‍ മടിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മോഹന്‍ ലാലിന്റെ പ്രഥമ സംവിധാന സംരംഭമായ ബറോസ്. 100 കോടിക്ക് മുകളില്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മാണ ചെലവ് ചിത്രം റിലീസ് ചെയ്തു കഴിയുമ്പോഴാണ് വ്യക്തമാകുക.

ഈ അവസരത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയ ഏറ്റവും ചെലവേറിയ സിനിമകളുടെ പട്ടിക പരിശോധിക്കുന്നത് കൗതുകകരമാണ്. ഫോബ്സ് ഇന്ത്യ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഏറ്റവും ചെലവേറിയ സിനിമകളുടെ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നത് കൽക്കി 2898 എ.ഡിയാണ്.

2024 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് തെലുങ്കു താരം പ്രഭാസ് എത്തുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയ വന്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മിച്ചത് 600 കോടി ബജറ്റിലാണ്. ആഗോള ബോക്‌സ് ഓഫീസിൽ 1100 കോടി നേടിയ ചിത്രം വന്‍ വിജയമാണ് സ്വന്തമാക്കിയത്.

570 കോടി ചെലവില്‍ നിര്‍മിച്ച 2018 ല്‍ പുറത്തിറങ്ങിയ രജനികാന്ത്, അക്ഷയ് കുമാർ, എമി ജാക്‌സൺ തുടങ്ങിയവര്‍ അഭിനയിച്ച 2.0 ആണ് പട്ടികയില്‍ രണ്ടാമതുളളത്. എന്നാല്‍ പട്ടികയിലെ ആദ്യ പത്തില്‍ ഉളള പ്രഭാസ് ചിത്രം സാഹോ വേറൊരു തരത്തിലാണ് ശ്രദ്ധേയമാകുന്നത്.

പ്രഭാസിന് പ്രതിഫലമായി ലഭിച്ചത് 100 കോടി

റിലീസ് ചെയ്ത നാല് ഭാഷകളില്‍ മൂന്നിലും പരാജയപ്പെട്ട 350 കോടി ബജറ്റില്‍ നിര്‍മിച്ച സാഹോ ബോക്സ്ഓഫീസില്‍ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. വലിയ പ്രതീക്ഷകളും ഹൈപ്പും പ്രഭാസിന്റെ താരശക്തിയും ഉണ്ടായിരുന്നിട്ടും 2019 ല്‍ പുറത്തിറങ്ങിയ സാഹോ ബോക്സോഫീസിൽ കാലിടറി വീണു. എട്ട് മിനിറ്റ് ദൈർഘ്യമുള്ള ക്ലൈമാക്‌സിലെ ചേസ് സീക്വൻസ് രംഗത്തിന് മാത്രമായി നിർമാതാക്കൾ 70 കോടി രൂപ ചെലവഴിച്ചു എന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ രംഗങ്ങളിലൊന്നാക്കി ഇതിനെ മാറ്റുന്നു.

തമിഴിലും മലയാളത്തിലും യഥാക്രമം 10 കോടിയും 3 കോടിയും കളക്ഷന്‍ മാത്രമാണ് ചിത്രത്തിന് നേടാനായത്. തെലുങ്കിൽ 153 കോടി രൂപയുടെ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്.

വലിയ രീതിലുള്ള ആക്ഷൻ സീക്വൻസുകളുടെ ചിത്രീകരണത്തിനും അഭിനേതാക്കളുടെ പ്രതിഫലത്തിനും വേണ്ടിയാണ് സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. 100 കോടിയാണ് പ്രഭാസിന് ഈ ചിത്രത്തിനായി പ്രതിഫലം ലഭിച്ചത്. 2015 ൽ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച ചിത്രമായ രാജമൗലി സംവിധാനം ചെയ്ത ബാഹുബലിക്ക് ശേഷമാണ് പ്രഭാസ് സാഹോയില്‍ അഭിനയിക്കുന്നത്. ആഗോളതലത്തില്‍ 270 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന് നേടാനായത്.

Related Articles
Next Story
Videos
Share it