

പിണറായി വിജയന്‍ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടി കൊച്ചിയില്‍ അന്തരിച്ചു. 72 വയസായിരുന്നു. ഏറെ നാളുകളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചാണ്ടി.
കുവൈറ്റില്‍ സ്‌കൂളും കുട്ടനാട്ടില്‍ റിസോല്‍ട്ട് ബിസിനസുമുള്ള തോമസ് ചാണ്ടി മൂന്ന് തവണയാണ് കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2006ലാണ് അദ്ദേഹം ആദ്യമായി കുട്ടനാട് എം.എല്‍.എയാകുന്നത്.പിണറായി മന്ത്രിസഭയില്‍ ഗതാഗത വകുപ്പായിരുന്നു തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്നത്. ആദ്യം കോണ്‍ഗ്രസില്‍ നിന്നും ഡി.ഐ.സിയിലേക്ക് സ്ഥാനം മാറിയ തോമസ് ചാണ്ടി പിന്നീടാണ് എന്‍.സി.പിയിലേക്ക് എത്തിച്ചേരുന്നത്.ടൂറിസം വ്യവസായിയും ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ സിഎംഡിയുമാണ്. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്.
ആലപ്പുഴ ചേന്നംകരിയിലെ കര്‍ഷക കുടുംബത്തിലാണു തോമസ് ചാണ്ടിയുടെ ജനനം, 1947 ഓഗസ്റ്റ് 29ന്. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. പിന്നീട് ഗള്‍ഫിലേക്ക്. ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമയായിരുന്നു ആകെയുള്ള കൈമുതല്‍. ആയിടെയാണു കുവൈറ്റ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. കൂട്ടുകാരെല്ലാം നാട്ടിലേക്കു മടങ്ങി. അവസാനം വരെ അവിടെ പിടിച്ചുനിന്ന തോമസ് ചാണ്ടി ഇവാക്യുവേഷന്‍ കമ്മിറ്റിയിലും അംഗമായിരുന്നു.
തോക്കിനു മുന്നിലും തങ്ങള്‍ക്കൊപ്പം നിന്ന തോമസ് ചാണ്ടി കുവൈറ്റുകാരുടെ വിശ്വസ്തനായി. കുവൈറ്റിന്റെ പുനരുജ്ജീവനത്തില്‍ പങ്കാളിയായതോടെ കുവൈറ്റ് ചാണ്ടി എന്ന വ്യവസായിയിലേക്കുള്ള യാത്രയായി അതു മാറി. സ്വന്തമായ ബിസിനസ് ശൃംഖല പടുത്തുയര്‍ത്തിയ തോമസ് ചാണ്ടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു.
വ്യവസായ രംഗത്തു നിലയുറപ്പിച്ച തോമസ് ചാണ്ടി വൈകാതെ നാട്ടില്‍ തിരിച്ചെത്തി ഇഷ്ടമേഖലയായ പൊതുപ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമായി. കെ. കരുണാകരന്റെ വിശ്വസ്തനായി. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പോന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ ഡിഐസി സ്ഥാനാര്‍ഥിയായി കന്നിയങ്കത്തില്‍ത്തന്നെ എംഎല്‍എയുമായി. പരാജയപ്പെടുത്തിയത് ഇടതുമുന്നണിയിലെ ഡോ. കെ.സി. ജോസഫിനെ.
2011ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ഡോ. കെ.സി. ജോസഫ് യുഡിഎഫില്‍ എത്തിയപ്പോള്‍ തോമസ് ചാണ്ടി എല്‍ഡിഎഫ് പാളയത്തിലേക്കു ചുവടുമാറ്റി. എന്‍സിപി സ്ഥാനാര്‍ഥിയായി സീറ്റും നിലനിര്‍ത്തി. ലീഡര്‍ വഴി ശരദ് പവാറിനെ പരിചയപ്പെട്ടതാണ് പിന്നീട് എന്‍സിപിയിലേക്കുള്ള വഴി തെളിച്ചത്. എന്‍സിപി ദേശീയ നിര്‍വാഹക സമിതിയംഗവുമായി.
കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറുമായി അടുത്ത ബന്ധമാണ് ചാണ്ടിക്ക്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കൂടി കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിലും കുട്ടനാടിന്റെ അമരത്ത് തോമസ് ചാണ്ടി തന്നെ എത്തി. എ.കെ.ശശീന്ദ്രന്‍ ഫോണ്‍ കെണിക്കേസില്‍ കുടുങ്ങിയപ്പോള്‍ പകരം ഗതാഗത വകുപ്പ് മന്ത്രിയുമായി. സാമൂഹിക സേവന സംഘടനയായ ദാവീദ് പുത്ര ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമാണ് തോമസ് ചാണ്ടി.
ചേന്നംകരി കളത്തിപ്പറമ്പില്‍ വി.സി. തോമസിന്റെ മകനാണ്. ഭാര്യ മേഴ്‌സി ചാണ്ടി ഗള്‍ഫിലെ സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്നു. മക്കള്‍: ബെറ്റി ലെനി (പെന്‍സില്‍വാനിയ സര്‍വകലാശാല), ഡോ. ടോബി ചാണ്ടി (ലേക്ഷോര്‍ ആശുപത്രി), ടെസി ചാണ്ടി (കുവൈറ്റ്), മരുമക്കള്‍: ലെനി മാത്യു (സയന്റിസ്റ്റ്), ഡോ. അന്‍സു ടോബി (ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം), ജോയല്‍ (എന്‍ജിനീയര്‍, കുവൈത്ത്).
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine