യുദ്ധത്തെ പേടിയില്ല! ഇസ്രായേലില്‍ ജോലിക്ക് പോകാന്‍ ഇന്ത്യക്കാരുടെ നീണ്ട ക്യൂ

പശ്ചിമേഷ്യയെ വീണ്ടും പ്രതിസന്ധിയിലാക്കിയുള്ള ഇസ്രായേൽ-​ഗാസ യുദ്ധം ആരംഭിച്ചിട്ട് മാസം നാല് പിന്നിടുകയാണ്. ഐക്യരാഷ്ട്ര സഭയും ലോക രാഷ്ട്രങ്ങളും ഇടപെട്ടിട്ടും യുദ്ധത്തിന് അവസാനമാകുന്നില്ല. ഇരുപക്ഷത്തും ആയിരങ്ങൾ കൊല്ലപ്പെട്ടത് ഉൾപ്പെടെ നിരവധി നാശനഷ്ടങ്ങളുണ്ടായെങ്കിലും യുദ്ധം തുടരുകയാണ്.

യുദ്ധ പശ്ചാത്തലത്തിൽ ഇസ്രായേലിൽ തൊഴിലാളി ക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുൾപ്പെടെ തൊഴിലാളികളെ അടിയന്തരമായി രാജ്യത്തെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ഇസ്രായേൽ. ഇന്ത്യക്കാരാകട്ടെ ഇസ്രായേലിൽ ജോലിക്ക് പോകാൻ തയ്യാറായി നിൽക്കുകയാണെന്ന് നിലവിലെ റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നു.
ആശാരിമാർ, പ്ലംബർമാർ...
ഹരിയാനയിൽ കഴിഞ്ഞദിവസം നടന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങളാണ്. ആശാരിമാർ, പെയിന്റർമാർ, ഇലക്ട്രീഷ്യന്മാർ, പ്ലംബർമാർ തുടങ്ങിയവരാണ് ഇസ്രായേലിൽ തൊഴിൽ നേടാൻ സജ്ജരായി ക്യൂ നിൽക്കുന്നത്. ഇവരിൽ നിരവധി പേർ യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ‌പ്പോലും ജോലി ചെയ്യാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിൽ കിട്ടുന്നതിനേക്കാൾ അഞ്ചിരട്ടിയിലേറെ വേതനം കിട്ടുമല്ലോ എന്നാണിവർ ഇതിനായി ചൂണ്ടിക്കാട്ടുന്നത്.
നാട്ടിൽ തൊഴിൽ കിട്ടുന്നില്ലെന്നും അതിനാലാണ് ഇസ്രായേലിൽ പോകാൻ ശ്രമിക്കുന്നതെന്നും റിക്രൂട്ട്മെന്റിന് എത്തിയവർ അഭിപ്രായപ്പെട്ടതെന്ന് റോയിട്ടേഴ്സ് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അതേസമയം, റിക്രൂട്ട്മെന്റിനെ കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമോ ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിയോ പ്രതികരിച്ചിട്ടില്ല. നിർമ്മാണ മേഖലയിലടക്കമുള്ള തൊഴിലാളിക്ഷാമം പരിഹരിക്കാൻ ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് അടിയന്തരമായി 70,000ഓളം പേരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ. നഴ്സിം​ഗ്, നിർമ്മാണ (Construction) മേഖലയിൽ 40,000 ഇന്ത്യക്കാരെ നിയമിക്കുന്നത് സംബന്ധിച്ച് ഇസ്രായേലും ഇന്ത്യയും തമ്മിൽ കഴിഞ്ഞവർഷം ധാരണയിലെത്തിയിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it