

തെറ്റായി അക്കൗണ്ടിലെത്തിയ പണം യുവതിക്ക് തിരിച്ചുനല്‍കാത്ത കടയുടമക്ക് 10,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. തൃശൂരിലാണ് സംഭവം. പരാതിക്കാരിക്ക് നല്‍കേണ്ട 2,123 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും 2022 ഓഗസ്റ്റ് 26 മുതല്‍ 9 ശതമാനം പലിശയും കേസിന്റെ ചെലവിലേക്ക് 2,500 രൂപയും നല്‍കാനാണ് തൃശൂര്‍ ഉപഭോക്തൃ സംരക്ഷണ കോടതിയുടെ ഉത്തരവ്.
2022 ഓഗസ്റ്റിലാണ് നിയമ നടപടിയിലേക്ക് നയിച്ച സംഭവങ്ങള്‍ നടക്കുന്നത്. തൃശൂരിലെ ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ നിന്നും 2,123 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിയ ശേഷം പഴയന്നൂര്‍ സ്വദേശിനി കൂര്‍ക്കപ്പറമ്പില്‍ വീട്ടില്‍ കെ.സി ഷൈനി പേടിഎം വഴി പണമടച്ചു. എന്നാല്‍ അബദ്ധത്തില്‍ രണ്ടുതവണ പണം കടയുടമയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായി. ആദ്യ ശ്രമത്തില്‍ പണം അക്കൗണ്ടിലെത്തിയില്ലെന്ന് കരുതി രണ്ടാമതും അയക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ ഷൈനി തെറ്റായി അക്കൗണ്ടിലെത്തിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടയുടമ അനുകൂല നിലപാട് സ്വീകരിച്ചില്ല. നിരവധി തവണ ഇക്കാര്യവുമായി ബന്ധപ്പെട്ട് കടയിലെത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
കടയുടമയുടെ നടപടി അനുചിതമാണെന്ന് വിലയിരുത്തിയ തൃശൂര്‍ ഉപഭോക്തൃ കോടതി പ്രസിഡണ്ട് സി.ടി.സാബു, മെമ്പര്‍മാരായ ശ്രീജ.എസ്, ആര്‍.റാം മോഹന്‍ എന്നിവര്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. എതിര്‍ഭാഗം ഹാജരാകാത്തതിനാല്‍ എക്സ്-പാർട്ടി വിധിയായിരുന്നു. ഹര്‍ജിക്കാരിക്ക് വേണ്ടി എ.ഡി.ബെന്നി ഹാജരായി.
Read DhanamOnline in English
Subscribe to Dhanam Magazine