മിഷന്‍ 2030 കേരള: ടൈക്കോണ്‍ കേരളയ്ക്ക് ഗംഭീര തുടക്കം

സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരളയ്ക്ക് കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തില്‍ തുടക്കമായി. മിഷന്‍ 2030: കേരളത്തെ രൂപാന്തരപ്പടുത്തുന്നു എന്ന വിഷയത്തിലൂന്നിയാണ് രണ്ടുദിവസത്തെ സമ്മേളനം നടക്കുന്നത്. സുസ്ഥിര വളര്‍ച്ചയ്ക്കും ആധുനികവത്കരണത്തിനും സാങ്കേതിക മുന്നേറ്റത്തിനും ഊന്നല്‍ നല്‍കി കേരളത്തിന്റെ ഭാവി വികസനം സാധ്യമാക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ടൈക്കോണ്‍ കേരള രൂപം നല്‍കും.


സംരംഭക സമ്മേളനമായ "ടൈക്കോൺ കേരള 2024" പ്രശസ്ത ചരിത്രകാരനും സഞ്ചാര സാഹിത്യകാരനുമായ വില്യം ഡാൽറിംപിൾ ഉദ്ഘാടനം ചെയ്യുന്നു. ടൈകോൺ കേരള 2024 ചെയർ വിവേക് കൃഷ്ണ ഗോവിന്ദ്, കെ എസ് ഐ ഡി സി ചെയർമാൻ സി. ബാലഗോപാൽ, ഡോ. ഷീനു ജാവർ, ദിവ്യ തലക്കലാട്ട്, ടൈ ഗ്ലോബൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിജയ് മേനോൻ, ടൈ കേരള പ്രസിഡൻ്റ് ജേക്കബ് ജോയ് എന്നിവർ സമീപം.

അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുക, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാധ്യമാക്കുക, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണത്തിന് നൂതനാശയങ്ങള്‍ രൂപപ്പെടുത്തുക എന്ന ലക്ഷ്യവും സമ്മേളനത്തിനുണ്ട്. സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ റോഷ്എ.ഐ സ്ഥാപകന്‍ ഡോ. റോഷി ജോണിന്റെ സെഷനോടെയാണ് ആദ്യ ദിനം ആരംഭിച്ചത്.

100ലേറെ നിക്ഷേപകരുടെ സാന്നിധ്യം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50ലധികം പ്രഭാഷകരും 100 നിക്ഷേപകരും ടൈക്കോണ്‍ കേരള 2024ല്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്തെ നിലവിലെ സംരംഭകത്വ ആവാസവ്യവസ്ഥയെയും ബിസിനസ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള സര്‍ക്കാര്‍ നയം തുടങ്ങിയവയെക്കുറിച്ചും ടൈക്കോണ്‍ സമ്മേളനം ചര്‍ച്ച ചെയ്യും.

റവന്യൂ, ഭവന നിര്‍മ്മാണ മന്ത്രി കെ. രാജന്‍, തെലങ്കാന മുന്‍ ഐടി-വ്യവസായ മന്ത്രി കെ.ടി രാമറാവു, കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, ടൈ ഗ്ലോബല്‍ ബിഒടി വൈസ് ചെയര്‍മാന്‍ മുരളി ബുക്കപട്ടണം, ടാറ്റ സ്റ്റാര്‍ക്വിക്ക് ഡയറക്ടര്‍ രാധാകൃഷ്ണന്‍ കെ, അപെക്‌സ് ഹോസ്പിറ്റല്‍സ് ഡയറക്ടര്‍ ഡോ. ഷീനു ജാവര്‍, തിങ്ക് ബയോ എ.ഐ പ്രസിഡന്റ് പ്രദീപ് പാലാഴി, ഐബിഎസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വി.കെ മാത്യൂസ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ഇസാഫ് ബാങ്ക് എംഡി പോള്‍ തോമസ്, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, കെഎസ്ഐഡിസി എം ഡി ഹരികിഷോര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കുന്നുണ്ട്.
Related Articles
Next Story
Videos
Share it