ഇന്ത്യയുടെ തീരുമാനം ശരിയായി; യുഎസ് പൗരന്മാരുടെ ഡാറ്റ ചൈനയിലെ ജീവനക്കാര്‍ക്ക് ലഭ്യമെന്ന് ടിക്‌ടോക്
യുഎസിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലെ ജീവനക്കാര്‍ക്ക് ലഭ്യമാണെന്ന് സമ്മതിച്ച് പ്രമുഖ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്(Tiktok). ഉപോഭോക്താക്കളുടെ ഐപി വിലാസം, ലൊക്കേഷന്‍, കോണ്ടാക്ട്, പരസ്യങ്ങളോടുള്ള പ്രതികരണം, ഏതൊക്കെ കണ്ടന്റുകള്‍ എത്ര സമയം നോക്കുന്നുണ്ട് തുടങ്ങി പോസ്റ്റ് ചെയ്യുന്ന കണ്ടന്റുകള്‍ വരെ ചൈനയിലെ ടിക്‌ടോക് ജീവനക്കാര്‍ക്ക് ലഭ്യമാണ്.
എന്നാല്‍ ഈ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരുമായി പങ്കുവെയ്ക്കുന്നില്ലെന്നും ടിക്‌ടോക് വ്യക്തമാക്കി. ടിക്‌ടോക് ചൈനയിലേക്ക് ഡാറ്റ കടത്തുന്നുവെന്ന ആരോപണം യുഎസില്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. യുഎസ് സര്‍ക്കാരും ആര്‍മിയും ഉപയോഗിക്കുന്ന ഡിവൈസുകളില്‍ ടിക്‌ടോക്കിന് നിരോധനമുണ്ട്. ബീജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനി ബൈറ്റ്ഡാന്‍സാണ് (Bytedance) ടിക്ക്‌ടോക്കിന്റെ ഉടമസ്ഥര്‍
ആപ്പിള്‍, ഗൂഗിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക്‌ടോക് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അംഗങ്ങള്‍. അതേ സമയം യുഎസ് ടെക് ഭീകരവാദം നടത്തുന്നു എന്ന ആരോപണവുമായി ചൈനയും രംഗത്തുണ്ട്. ചിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട ടെക്‌നോളജി ചൈനയ്ക്ക് കൈമാറുന്നതില്‍ നിന്ന് കമ്പനികളെ യുഎസ് തടയുന്നു എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാതി.